സംസ്ഥാനത്തെ 12 കലക്ടര്‍മാര്‍ക്ക്‌ സ്ഥലമാറ്റം; കലക്ടര്‍ ബ്രോ കോഴിക്കോട്ട് തന്നെ

collector kozhikodeകോഴിക്കോട്: സംസ്ഥാനത്തെ 12 ജില്ലാ കളക്ടര്‍മാരെയും മാറ്റി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയപ്പോളും കലക്ടര്‍ ബ്രോയുടെ സ്ഥാനം കോഴിക്കോട്ടു തന്നെ. വിവാദങ്ങള്‍ക്ക് അകമ്പടി സേവിച്ച് സ്ഥാനചലനം ഉറപ്പാക്കിയിരുന്ന കളക്ടര്‍ പ്രശാന്തിന് തുണയായത് സിപിഎം കോഴിക്കോട് നേതൃത്വത്തിന്റെ ഉറ്റ പിന്തുണ.
മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ കലക്ടര്‍മാരെയും മാറ്റുക എന്നതായിരുന്നു. ആ രണ്ടു വര്‍ഷം പൂര്‍ത്തിയാകാനിരിക്കുകയാണെങ്കിലും ഇക്കൂട്ടത്തില്‍ കലക്ടര്‍ ബ്രോയ്ക്ക് സ്ഥാന ചലനം ഉറപ്പായിരുന്നു. മുഖ്യമന്ത്രി കോഴിക്കോട് കളക്ടറെ മാറ്റുക എന്ന തീരുമാനമായി മുന്നോട്ടു നീങ്ങിയെങ്കിലും ഈ തീരുമാനത്തിനു ഉടക്ക് വന്നത് പാര്‍ട്ടി തലത്തില്‍ ആയിരുന്നു.

കോഴിക്കോട് കളക്ടര്‍ ആയി പ്രശാന്ത് തന്നെ വേണമെന്നായിരുന്നു കോഴിക്കോട് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ബന്ധം. അതുകൊണ്ട് തന്നെ കോഴിക്കോട് കളക്ടറെ മാറ്റാനുള്ള തീരുമാനം വന്നപ്പോള്‍ കോഴിക്കോട് സിപിഎം നേതൃത്വം ഉടക്കുമായി മുന്നോട്ട് വരുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടി കോഴിക്കോട് ജില്ലാ നേതൃത്വത്തെ പിന്തുണച്ചപ്പോള്‍ കടുംപിടുത്തത്തില്‍ നിന്ന് മുഖ്യമന്ത്രി അയയുകയായിരുന്നു എന്നാണു അറിയാന്‍ കഴിഞ്ഞത്.

കോഴിക്കോട് എംപി എംകെ രാഘവന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതിയും, ഒടുവില്‍ കളക്ടര്‍ മാപ്പ് പറയുകയും കൂടി ചെയ്ത് പശ്ചാത്തലം പരിഗണിച്ചായിരുന്നു വിവാദ കളക്ടറെ കോഴിക്കോട് നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. 12 ജില്ലാ കളക്ടര്‍മാരും മാറ്റി നിയമിക്കപ്പെട്ടപ്പോള്‍ ഒരു പരിക്കും ഏല്‍ക്കാതെ രക്ഷപ്പെടാന്‍ കോഴിക്കോട് സിപിഎം നേതൃത്വത്തിന്റെ പിന്തുണ കളക്ടര്‍ ബ്രോയ്ക്ക് തുണയായി.
ഓപ്പറേഷന്‍ സുലൈമാനിയും ബീച്ച് വൃത്തിയാക്കലുമൊക്കെയായി കളക്ടര്‍ ബ്രോ തിളങ്ങി നില്‍ക്കുമ്പോഴാണ് മമ്മൂട്ടി സിനിമാ കിംഗ് സ്‌റ്റൈലില്‍ കളക്ടര്‍ ബ്രോ എംപിയുമായി പരസ്യ ഏറ്റുമുട്ടലിന് മുതിര്‍ന്നത്. പാര്‍ലമെന്ററി അവകാശകമ്മറ്റിയും, പിണറായിക്ക് എംപി എംകെ രാഘവന്റെ പരാതിയുമൊക്കെ വന്നപ്പോള്‍ കാര്യം പൊല്ലാപ്പാകും എന്ന് കണ്ട് കളക്ടര്‍ ബ്രോ പരസ്യമായി മാപ്പ് പറഞ്ഞു തടിയൂരുകയായിരുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം