അരവിന്ദ് കെജ്രിവാളിനെതിരെ മുളക് പൊടിയാക്രമണം

Loading...

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മുളക് പൊടിയാക്രമണം. ദില്ലി സെക്രട്ടറിയേറ്റിൽ നിന്നും കെജ്രിവാൾ മടങ്ങിപ്പോകാൻ ഒരുങ്ങുമ്പോഴായിരുന്നു അക്രമം. അനിൽ കുമാർ ശർമ്മ എന്നയാളാണ്  കാൽ തൊട്ടു വന്ദിക്കാനെന്ന വ്യാജേന കെജ്രിവാളിന്റെ സമീപത്തെത്തി മുഖത്തിന് നേർക്ക് മുളക് പൊടി എറി‍ഞ്ഞത്. ഇയാൾ ഒരു കയ്യിലൊരു കത്തും മറുകയ്യിൽ മുളകുപൊടിയും കരുതിയിരുന്നു.

പെട്ടെന്നുണ്ടായ ആക്രമണത്തിൽ കെജ്രിവാളിന്റെ കണ്ണട നിലത്ത് വീണുടഞ്ഞു. സുരക്ഷയിലുണ്ടായ കർശനമായ വീഴ്ചയാണ് ഈ സംഭവത്തിന് കാരണമെന്ന് ആപ്പ് വക്താവ് രൂക്ഷഭാഷയിൽ വിമർശിച്ചു. അക്രമി കൂടുതൽ അപകടകരമായ ആയുധമാണ് ഉപയോ​ഗിച്ചിരുന്നതെങ്കിൽ എന്ത് ചെയ്യാൻ സാധിക്കുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

മുളകുപൊടി എറിഞ്ഞ അനിൽകുമാർ ശർമ്മ ദില്ലി സ്വദേശിയാണ്. ഇതിന് മുമ്പും കെജ്രിവാളിന് നേരെ അക്രമണമുണ്ടായിട്ടുണ്ട്. ചെരിപ്പും ഷൂവും മഷിയും എറിഞ്ഞാണ് കെജ്രിവാളിനെ ആക്രമിക്കാൻ ശ്രമിച്ചിട്ടുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Loading...