കേരളത്തിലെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം ; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

Loading...

കുട്ടികള്‍ക്കെതിരെയുള്ള പീഡനക്കേസുകളില്‍ പുറത്തുവരുന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നതാണ് വാസ്തവം. സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് പതിനെട്ട് ശതമാനം മാത്രമാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.

2013 മുതല്‍ 2018 വരെ വിചാരണ പൂര്‍ത്തിയായ 1255 കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 230 എണ്ണം മാത്രമാണ്. 1033 കേസുകളിലും പ്രതികളെ കോടതി വെറുതെവിട്ടുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ വിചാരണ പൂര്‍ത്തിയായ കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 230 എണ്ണം മാത്രം.

ഇനി ജില്ല തിരിച്ച കണക്കുകള്‍ നോക്കാം. ആലപ്പുഴ ജില്ലയില്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 32 കേസുകള്‍. ഇതില്‍ 32 എണ്ണവും വെറുതെവിട്ടു. സെക്ഷന്‍ അഞ്ച്, ഏഴ് പ്രകാരം പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്ത കേസുകളിലുള്‍പ്പെടെയാണ് പ്രതികളെ വെറുതെവിട്ടത്.

തിരുവനന്തപുരം ജില്ലയില്‍ വിചാരണ പൂര്‍ത്തിയായ 38 കേസുകളില്‍ 36ലും പ്രതികളെ വെറുതെവിട്ടു. കൊല്ലത്ത് 241 കേസുകളില്‍ വിചാരണ പൂര്‍ത്തിയായപ്പോള്‍ 210 കേസുകളിലും പ്രതികളെ വെറുതിവിടുകയായിരുന്നു. കോഴിക്കോട് ജില്ലയില്‍ 282 കേസുകളില്‍ 259ലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. മറ്റ് ജില്ലകളിലും സമാന കണക്കുകള്‍ പുറത്തുവരുന്നു.

കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഭൂരിപക്ഷവും വീട്ടിനുള്ളില്‍വെച്ചാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ബന്ധുക്കളുള്‍പ്പെടെയുള്ളവര്‍ പ്രതികളാക്കപ്പെടുന്ന കേസുകളില്‍ ഒത്തുതീര്‍പ്പ് നടക്കുന്നത് പ്രതിള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിയാതെ പോകുന്നതിന്റെ പ്രധാന കാരണമാണ്.

പോലീസ് അന്വേഷണം, പ്രോസിക്യൂഷന്‍ വീഴ്ച, സാക്ഷികള്‍ കൂറുമാറുന്നത് തടയാനാകാത്തത്. ഭീഷണി, സ്വാധീനം തുടങ്ങി നിരവധി ഘടകങ്ങളാണ് പ്രതികള്‍ രക്ഷപ്പെടുന്നതിന് കാരണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഗൗരവമുള്ള പഠനം നടക്കേണ്ടതുണ്ടെന്ന് ചൈല്‍ഡ് ലൈന്‍ കോഴിക്കോട് ജില്ലാ കോഡിനേറ്റര്‍ അഫ്‌സല്‍ പറയുന്നു.

“വാളയാര്‍ ഒരു ചൂണ്ടുപലകയാണ്. ഇനിയും ഇങ്ങിനെ തുടരാനാകില്ല, കുട്ടികളെ പീഡിപ്പിക്കുന്നവര്‍ സ്വതന്ത്രരായി സമൂഹത്തില്‍ നടക്കുന്നത് തെറ്റായ സന്ദേശം നല്‍കും. വീടിനകത്താണ് കൂടുതല്‍ ലൈംഗിക അതിക്രമങ്ങളും നടക്കുന്നത്. കുട്ടികളുടെ അഭയ കേന്ദ്രമാണ് വീട്. ഇവിടെയും രക്ഷയില്ലെന്ന നിലവരുന്നത് അപകടകരമാണ്. സര്‍ക്കാര്‍ ഇടപെടലുണ്ടാവണം.” അഫ്‌സല്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം