കാസാർകോട് ഇരട്ടക്കൊലപാതകം; അന്വേഷണ ഉദ്യേഗസ്ഥനെ മാറ്റിയത് സിപിഎം നേതാക്കളുടെ പങ്ക് പുറത്താവാതിരിക്കാനെന്ന് ചെന്നിത്തല

Loading...

കാസർകോട്: കാസർകോട് ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ  ക്രൈംബ്രാഞ്ച് എസ് പി വി എം മുഹമ്മദ് റഫീഖിനെ മാറ്റിയ സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിൽ ഉന്നത സിപി എം നേതാക്കളുടെ പങ്ക് പുറത്ത് വരാതിരിക്കാനാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. അട്ടിമറിക്കപ്പെടും എന്നുറപ്പുള്ളതിനാൽ കേസ് സിബിഐക്ക് വിടാനുള്ള എല്ലാ വഴിയും തേടുമെന്നും രമേശ് ചെന്നിത്തല കാസർകോട് പറഞ്ഞു.

ആരോഗ്യ കാരണങ്ങളലാണ് അന്വേഷണത്തിൽ നിന്നും മാറ്റിയത് എന്ന  ക്രൈംബ്രാഞ്ച് എസ് പി മുഹമ്മദ് റഫീഖിന്‍റെ പ്രസ്താവന അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. ആരോഗ്യ കാരണങ്ങൾ കാണിച്ച് കേസന്വേഷണത്തിൽ നിന്നും മാറി നിൽക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ഇരട്ടക്കൊലപാതക കേസ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനായ  ക്രൈംബ്രാഞ്ച് എസ് പി വി എം മുഹമ്മദ് റഫീഖിനെ മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. എറണാകുളത്തേക്കാണ് എസ്പിയെ മാറ്റിയത്. ക്രൈം ബ്രാഞ്ച് എസ് പി സാബു മാത്യു ആണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍.

കാസര്‍കോഡ് ക്രൈ ബ്രാഞ്ച് ഡിവൈഎസ്പി ടിപി രഞ്ജിത്തിനെയും സ്ഥലം മാറ്റി. കോഴിക്കോട്ടേക്കാണ് സ്ഥലം മാറ്റം. അതേസമയം നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബം പരാതി നല്‍കി. പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കുമാണ് പരാതി നൽകിയത്.

ആരോപണ വിധേയനായ ശാസ്ത ഗംഗാധരന്‍റെ പങ്ക് കാര്യമായി അന്വേഷിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. കൃത്യത്തിൽ പങ്കെടുത്തെന്ന് കരുതുന്ന രണ്ട് പേർ രാജ്യം വിട്ടുവെന്നും കൊലപാതകത്തിന് മുമ്പുള്ള ദിവസങ്ങളിൽ പ്രതികളുമായി ഉദുമ എംഎൽഎ കെ കുഞ്ഞിരാമനും മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും സിപിഎം നേതാക്കളും ചേർന്ന് പ്രതികളുടെ വീട്ടിൽ നിരവധി തവണ ചർച്ച നടത്തിയിരുന്നെന്നും പരാതിയിൽ ആരോപിക്കുന്നു.

എന്നാല്‍ പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകം യാദൃശ്ചികമായ പ്രാദേശിക സംഭവമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പെരിയയിലെ സിപിഎം പൊതുയോഗത്തില്‍ വച്ച് കഴിഞ്ഞ ദിവസം പറഞ്ഞത്. ലോക് സഭാ തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് സിപിഎമ്മിനെതിരെ പ്രചരണം നടത്തുന്നത്. ഒന്നു രണ്ട് പേർക്ക് സംഭവിച്ച വീഴ്ചയെ പാർട്ടിക്കതിരെ ഉപയോഗിക്കുകയാണ് ഇപ്പോള്‍. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണ് ഇതെന്നും വിജയരാഘവന്‍ ആരോപിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം