ഫാത്തിമ ലത്തീഫിന്റെ മരണം; ഇടപെടാനൊരുങ്ങി കേന്ദ്രം, അന്വേഷണ സംഘം കൊല്ലത്തേക്ക്

Loading...

ചെന്നൈ: ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തില്‍ ഇടപെടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നാളെ ചെന്നൈയില്‍ എത്തും. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ സെക്രട്ടറി ആര്‍.സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടു.

മാനവവിഭവശേഷി മന്ത്രിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചതായും വി.മുരളീധരന്‍ പറഞ്ഞു. അന്വേഷണ സംഘം കൊല്ലത്തെത്തി ഫാത്തിമയുടെ സഹോദരിയുടെ മൊഴിയെടുക്കും. ഫാത്തിമയുടെ ലാപ്‌ടോപും ഐപാഡും പരിശോധനയ്ക്കായി പൊലീസിന് കൈമാറും.

മരണ വിവരമറിഞ്ഞ് ഐഐടിയിലെ ഫാത്തിമയുടെ ഹോസ്റ്റലിലെത്തിയ, സഹോദരിയുടെ മൊഴിയും രേഖപ്പെടുത്തും. ആരോപണ വിധേയരായ മദ്രാസ് ഐഐടി അധ്യാപകര്‍ ക്യാംപസ് വിട്ടുപോകരുതെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഹ്യുമാനിറ്റീസ് ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസ് അധ്യാപകര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫാത്തിമയുടെ അച്ഛന്‍ ലത്തീഫില്‍ നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം മൊഴിയെടുത്തു.

പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ ഐജി ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മിഷണര്‍ നാഗജ്യോതി, അഡിഷണല്‍ കമ്മിഷണര്‍ മെഗ്ലിന്‍ എന്നിവര്‍ അബ്ദുള്‍ ലത്തീഫില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. നാലു മണിക്കൂറിലേറെ സമയമെടുത്താണ് വിവരങ്ങള്‍ ശേഖരിച്ചത്. ഫാത്തിമയുടെ ജീവിത രീതി, അടുത്തിടെ ഉണ്ടായ ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍, ഐഐടിയില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ എല്ലാം വിശദമായി രേഖപ്പെടുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം