ശ്രീജീവിന്റെ കസ്റ്റഡിമരണം കൊലപാതകമല്ല,ആത്മഹത്യാ ;സി.ബി.ഐ

Loading...

തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും സി.ബി.ഐ റിപ്പോർട്ട്.ശ്രീജീവ് താമസിച്ച ആറ്റിങ്ങലിലെ ലോഡ്ജിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ചില സാങ്കേതിക തെളിവുകളും ലഭിച്ചിട്ടുണ്ട്. ഈ കാര്യങ്ങൾ അടങ്ങിയ വിദഗ്ധ റിപ്പോർട്ട് അന്വേഷണസംഘം തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ സമർപ്പിച്ചു.എന്നാൽ ശ്രീജീവിനെ കസ്റ്റഡിയിലെടുത്ത പോലീസുകാർക്കെതിരെ വകുപ്പ്തല അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.ശ്രീജീവിനെ കസ്റ്റഡിയിലെടുക്കുമ്പോൾ ദേഹപരിശോധന നടത്തിയില്ല എന്നതാണ് അവർക്കെതിരെ ആരോപിച്ച കുറ്റം.

2014 മെയ് 19 നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്ബ് പുതുവല്‍പുത്തന്‍വീട്ടില്‍ ശ്രീജീവെന്ന 25 കാരനെ മോഷണ കുറ്റം ചുമത്തി പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ലോക്കപ്പില്‍ വിഷം കഴിച്ചെന്ന പേരില്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. ശ്രീജീവ് മരിച്ചെന്ന വിവരമാണ് ശ്രീജിത്ത് അടക്കമുള്ള ബന്ധുക്കളെ പിറ്റേന്ന് പൊലീസ് അറിയിച്ചത്. പൊലീസുകാരായ പ്രതികള്‍ക്കെതിരെ കേസുമായിപോകാന്‍ പേടിച്ച കുടുംബം പൊലീസ് കംപ്ലയിന്റ് അതോറിറ്റിയില്‍ പരാതി നല്‍കി.ശ്രീജീവ് ലോക്കപ്പില്‍ വിഷം കഴിച്ചതാണെന്ന പൊലീസുകാരുടെ കഥ അന്നത്തെ കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ തള്ളി.പാറശാല എസ് .ഐ ആയിരുന്ന ഗോപകുമാര്‍,എ.എസ്.ഐ ഫിലിപ്പോസ്, രണ്ടുപൊലീസുകാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.ശ്രീജീവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കാനും പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും വിധിയുണ്ടായി .പക്ഷേ പൊലീസുകാര്‍ക്കെതിരെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നില്ല.

തുടര്‍ന്ന് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് കേസ് സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിക്കുകയും ചെയ്‌തു. എന്നാല്‍ കേസന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച്‌ ഇപ്പോഴും ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുകയാണ്. അതേസമയം, സി.ബി.ഐയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് പ്രതികരിച്ചു. കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം തന്റെ പക്കല്‍ ഉണ്ടായിരുന്ന ശാസ്ത്രീയ തെളിവുകളൊന്നും തന്നെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതിനെതിരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം