പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വെബ് ഡെസ്ക്

Loading...

ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ വ്യക്തമാക്കി. എംഎല്‍എയ്ക്കതിരെ സിപിഐഎമ്മിനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ആദ്യം പാര്‍ട്ടി രഹസ്യമായി സൂക്ഷിച്ച വിവരം വാര്‍ത്തയായി മാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നതും.

സംഭവത്തില്‍ കേസെടുത്തതോടെ യുവതിയുടെയും എംഎല്‍എയുടെയും മൊഴി രേഖപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ ദേശീയ വനിതാ കമ്മീഷന്‍ പരിഗണിക്കുന്നുണ്ട്. ഇതിനായി കമ്മീഷന്‍ കേരളത്തിലേക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരാതി ഇല്ലാത്തത് കൊണ്ട് എംഎല്‍എയ്ക്കതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന്‍ പറഞ്ഞത്. അതേസമയം പരാതി ഇല്ലെങ്കിലും പി കെ ശശിക്കെതിരെ കേസെടുത്തതായി ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചതോടെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നിലപാടിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. പാര്‍ട്ടിയും വനിതാകമ്മീഷനും രണ്ടും രണ്ടാണ്. യുവതി പരാതി കമ്മീഷന് നേരിട്ട് നല്‍കിയിട്ടില്ല. ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചാല്‍ കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നുമായിരുന്നു ജോസഫൈന്‍ പറഞ്ഞത്. പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പൊലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ജോസഫൈന്‍ പറഞ്ഞു. ഇപ്പോഴും ആരാണ് പരാതിക്കാരിയെന്ന് കമ്മീഷന് അറിയില്ല. അതിനാല്‍ തന്നെ സ്വമേധയാ കേസെടുക്കാനാവില്ലെന്നുമായിരുന്നു ജോസഫൈന്റെ നിലപാട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം