തിരുവനന്തപുരം : സിഎജി റിപ്പോർട്ടിൽ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുന്നതിന് മുൻപ് സർക്കാരിന് വിശദീകരണം നൽകാൻ അവസരം നൽകണമെന്ന് ധനമന്ത്രി തോമസ് ഐസക്.

സർക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ കരട് ഓഡിറ്റ് റിപ്പോർട് പരിഷ്കരിക്കുകയോ സർക്കാരിൻ്റെ മറുപടി നിരസിക്കുകയോ ചെയ്യാം. സർക്കാരിനെ അറിയിച്ചിട്ടില്ലാത്ത പുതിയ ഏതെങ്കിലും അഭിപ്രായമോ നിരീക്ഷണമോ പാടില്ലെന്നും ധനമന്ത്രി വിശദീകരിച്ചു.
ധനമന്ത്രി സി എ ജി റിപ്പോർട്ട് ചോർത്തിയെടുത്ത് പുറത്ത് നൽകിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് വി ഡി സതീശൻ എംഎൽഎ വിമർശിച്ചു.
ഇത് വിചിത്രമായ നടപടിയാണ്. സിഎജി റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വെക്കുമ്പോൾ ധനമന്ത്രിയുടെ പ്രസ്താവനക്ക് പ്രസക്തിയില്ല.
നിയമസഭയിൽ അങ്ങനെ ഒരു കീഴ് വഴക്കമില്ല. ചട്ടങ്ങളിലും ധനമന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് പറയുന്നില്ല. സിഎജി റിപ്പോർട്ടിൻ്റെ പവിത്രത കളഞ്ഞു എന്നും പ്രതിപക്ഷം ആരോപിച്ചു.
ധനമന്ത്രിക്കെതിരായ പരാതി പ്രിവിലേജസ് കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് സ്പീക്കർ മറുപടി നൽകി. കരട് റിപ്പോർട്ടിൽ ഇല്ലാതിരുന്ന കാര്യങ്ങൾ എഴുതി ചേർത്തെന്ന് ധനമന്ത്രി തുടർന്ന് വിശദീകരിച്ചു.
നടപടി ക്രമങ്ങൾ പാലിച്ചല്ല സിഎജി റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ വിശദീകരണം ചട്ട പ്രകാരമാണെന്ന് സ്പീക്കർ വ്യക്തമാക്കി.
ഗവർണറുടെ അനുമതിയോടെയാണ് വിശദീകരണം. മന്ത്രിയുടെ വിശദീകരണം പി എ സി ക്ക് പരിശോധിക്കാം. അസാധാരണ സാഹചര്യവും പി എ സി പരിശോധിക്കുമെന്നും സ്പീക്കർ പറഞ്ഞു.
News from our Regional Network
English summary: CAG report in Assembly; The finance minister said the government should be given an opportunity to explain