അഴിമതിക്ക് കളമൊരുക്കിയ ബ്രൂവറി ; അനുമതി റദ്ദാക്കിയിട്ടും സംശയ നിഴലിൽ സർക്കാർ

പൊളിറ്റിക്കൽ ഡസ്ക്

Loading...

ബ്രൂവറി, ബ്ലെന്‍ഡിങ്‌ യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയതിനു പിന്നാലെ വാദ പ്രതിവാദങ്ങളും ചൂടുപിടിച്ചിരിക്കുകയാണ്. അനുമതി നൽകിയതിൽ തെറ്റായതൊന്നും സർക്കാർ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടും അഴിമതി ആരോപണവുമായി വിടാതെ പിന്തുടരുകയാണ് പ്രതിപക്ഷം.

Image result for pinarayi vijayan

അനുമതി റദ്ദാക്കാനെടുത്ത തീരുമാനത്തിലൂടെ സർക്കാരിന്റെ പൊള്ളത്തരം പുറത്തുവന്നു എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. എട്ട് മാസം മന്ത്രിയുടെ ഓഫീസിൽ ഫയൽ വൈകിച്ചത് അഴിമതിക്ക് വേണ്ടിയാണെന്നും തീരുമാനം റദ്ദാക്കിയത് അഴിമതി നടന്നു എന്നതിന് തെളിവാണെന്നും ചെന്നിത്തല പറയുന്നു.

സർക്കാരിന്റെ തീരുമാനം വൈകി വന്ന വിവേകമാണെന്നാണ് വി എം സുധീരൻ പ്രതികരിച്ചത്. ബി ജെ പി ഇക്കാര്യത്തിൽ അന്വേഷണമാവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. അതേ സമയം പുതിയ യൂണിറ്റുകള്‍ക്ക് ഇനി അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ പിറകോട്ട് പോയി എന്നല്ലെന്നും സംസ്ഥാനത്തിന് ആവശ്യമായ പുതിയ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ 40 ശതമാനവും സംസ്ഥാനത്തിന് പുറത്ത് നിന്നാണ് വരുന്നത്.. ആ സാഹചര്യത്തില്‍ പുതിയ യൂണിറ്റുകള്‍ സംസ്ഥാനത്തിന് ആവശ്യമാണെന്നാണ് സര്‍ക്കാര്‍ വാദം . ഇത്തരത്തില്‍ യൂണിറ്റുകള്‍ക്ക് നിയമപ്രകാരം അപേക്ഷകള്‍ തുടര്‍ന്നും നല്‍കാവുന്നതാണ്. ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം വകുപ്പ് തത്വത്തില്‍ അംഗീകാരം നല്‍കും. പുതിയ അപേക്ഷ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക സംവിധാനം തുടങ്ങുമെന്നും സർക്കാർ പറയുന്നു.

വിവാദങ്ങൾക്കൊടുവിൽ അനുമതി റദ്ദാക്കിയിട്ടും ബ്രൂവറി സർക്കാരിനു തലവേദനയായി തുടരുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും നടന്നു എന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. സർക്കാരിന്‍റെ ആദ്യ ശ്രമം അനുകൂലിക്കാൻ ആയിരുന്നു, ന്യായീകരിക്കാൻ ആയിരുന്നു. എന്നാല്‍ രേഖകളുടെ പിൻബലത്തോടെ കാര്യങ്ങൾ പുറത്തു വന്നപ്പോൾ ആണ് അനുമതി റദ്ദാക്കിയത് എന്നും പ്രതിപക്ഷം പറയുന്നു.

എന്നാൽ ബ്രൂവറികള്‍ അനുവദിച്ചത് ചട്ടങ്ങളും നിയമങ്ങളും പാലിച്ചെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കുന്നു. . അന്തിമാനുമതി നല്‍കിയിരുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. യുഡിഎഫ് കാലത്തെ അനുഭവങ്ങള്‍ വച്ചാകും പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു.

 

ക്രമക്കേടുകൾ നടന്നിട്ടുണ്ട് എന്ന് സർക്കാരിനും ബോധ്യം വന്ന സാഹചര്യത്തിലാണ് അനുമതി റദ്ദാക്കിയിരിക്കുന്നത്. പ്രതിപക്ഷം ഇക്കാര്യത്തിൽ സ്വയം അഭിമാനിക്കുന്നുണ്ട്. അതിനിടയിലാണ് സർക്കാരിനെതിരെ ഒളിയമ്പുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയത്. പുതിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഇത് സര്‍ക്കാരിന് പാഠമായിരിക്കണമെന്നാണ് കാനം രാജേന്ദ്രൻ പറഞ്ഞത് . നവകേരള നിര്‍മാണ സമയത്ത് വിവാദങ്ങള്‍ വേണ്ട എന്നു കരുതിയാണ് ബ്രൂവറികള്‍ക്കുള്ള അനുമതി റദ്ദാക്കിയതെന്നും അദ്ദേഹം പറയുന്നു.

സർക്കാരിലെ പ്രധാന ഘടക കക്ഷിയുടെ നേതാവ് തന്നെ പരോക്ഷമായി ഇടപാടിലെ ക്രമക്കേട് അംഗീകരിക്കുകയാണ്. അതുകൊണ്ടാവാം സർക്കാരിനിതൊരു പാഠമാകണം എന്നദ്ദേഹം പറഞ്ഞത്. ആ നിലപാട് പ്രതിപക്ഷത്തിന്റെ ആരോപണത്തെ ഉറപ്പിക്കുന്നതുമാണ്. നാടിന്റെ ആവശ്യത്തിന് വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ച നടത്തി എന്നാണ് ബ്രൂവറി അനുമതിയെ സർക്കാർ ന്യായീകരിക്കുന്നത്. ഏതായാലും ആ വിട്ടുവീഴ്ചയുടെ വ്യാപ്തി അത്ര ചെറുതല്ല എന്ന തിരിച്ചറിവായിരിക്കാം പുനഃപരിശോധനയിലേക്കും അനുമതി റദ്ദാക്കുന്ന തീരുമാനത്തിലേക്കും സർക്കാരിനെ എത്തിച്ചത്. നേട്ടമുണ്ടാക്കാൻ ശ്രമിച്ചവർ ആരൊക്കെയെന്നുള്ള ചോദ്യമാണ് ഇവിടെ അവശേഷിക്കുന്നത്. പ്രതിപക്ഷം ആവശ്യപ്പെടുന്ന അന്വേഷണവും, ഇക്കാര്യത്തിലാണ്.

Loading...