ബോറിസ്‌ ജോണ്‍സന്‍ വീണ്ടും അധികാരത്തില്‍

Loading...

ലണ്ടന്‍ : വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ധാര്‍മികതയ്‌ക്കോ മൂല്യങ്ങള്‍ക്കോ വിലകല്‍പ്പിക്കാത്തയാളാണ്‌ ബ്രിട്ടനില്‍ വീണ്ടും അധികാരത്തിലെത്തുന്ന ബോറിസ്‌ ജോണ്‍സന്‍.

ലോകത്തെ വിവിധ വലതുപക്ഷനേതാക്കളെ പോലെതന്നെ നുണകള്‍ പറയുന്നതിന്‌ ഒരു മടിയുമില്ലാത്തയാള്‍. രണ്ട്‌ തവണ വിവാഹമോചിതനായിട്ടുള്ള ഇദ്ദേഹത്തിന്റെ ജീവിതം ഇപ്പോള്‍ കാമുകി കാരി സൈമണ്ട്‌സിനൊപ്പം.

മറ്റ്‌ പല സ്‌ത്രീകളുമായുള്ള ബോറിസിന്റെ ബന്ധങ്ങള്‍ വിവാദമായിട്ടുണ്ടെങ്കിലും രാഷ്‌ട്രീയവളര്‍ച്ചയ്‌ക്ക്‌ അതൊന്നും തടസ്സമായില്ല.

അമേരിക്കയില്‍ ന്യൂയോര്‍ക്കില്‍ ഉപരി മധ്യവര്‍ഗ കുടുംബത്തിലായിരുന്നു ജനനം. രാഷ്‌ട്രീയത്തില്‍ സജീവമാകുംമുമ്ബ്‌ പത്രപ്രവര്‍ത്തകനായിരുന്ന ബോറിസിനെ ആദ്യ ജോലി ചെയ്‌ത ദി ടൈംസ്‌ ഓഫ്‌ ലണ്ടന്‍ പുറത്താക്കിയത്‌ ഒരു വ്യാജവാര്‍ത്ത നല്‍കിയതിനാണ്‌.

2001ല്‍ ആദ്യമായി പാര്‍ലമെന്റിലെത്തി. പ്രതിപക്ഷത്തായിരുന്ന കണ്‍സര്‍വേറ്റീവ്‌ പാര്‍ടിയുടെ നേതാവ്‌ മൈക്കേല്‍ ഹോവാര്‍ഡിന്റെ നിഴല്‍ മന്ത്രിസഭയില്‍ അംഗമായെങ്കിലും ഒരു ലൈംഗികവിവാദത്തില്‍ നുണപറഞ്ഞതിന്‌ സ്ഥാനം നഷ്‌ടപ്പെട്ടു.

2008ല്‍ എംപിസ്ഥാനം രാജിവച്ച്‌ മത്സരിച്ച്‌ ലണ്ടന്‍ മേയറായി. 2015ല്‍ വീണ്ടും പാര്‍ലമെന്റിലെത്തിയ ബോറിസ്‌ മന്ത്രിയുമായി.2018 പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ്‌ നിലപാടിനോട്‌ വിയോജിച്ച്‌ മന്ത്രിസഭ വിട്ടു. കഴിഞ്ഞ ജൂലൈയില്‍ തെരേസ മേ രാജിവച്ചപ്പോള്‍ പ്രധാനമന്ത്രിയായി.

പ്രഖ്യാപിച്ചിരുന്നതുപോലെ ജനുവരി 31നകം ബ്രെക്‌സിറ്റ്‌ നടപ്പാക്കുമെന്ന്‌ വിജയശേഷം പ്രഖ്യാപിച്ചിട്ടുണ്ട്‌.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമടക്കം ലോകത്തെ വിവിധ വലതുപക്ഷനേതാക്കള്‍ അഭിനന്ദിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം