എതിരാളികളെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്; ജയം ആഘോഷിക്കാതെ ആരാധകര്‍

സ്പോർട്സ് ഡസ്ക്

Loading...

കൊച്ചിയില്‍ നടന്ന പ്രീസീസണ്‍ മത്സരങ്ങള്‍ക്ക് ശേഷം തായ്‌ലന്‍ഡിലേക്ക് പറന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം ഗംഭീരം. തായ്‌ലന്‍ഡിലെ ആദ്യ പ്രീ സീസണ്‍ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് ബാങ്കോക് എഫ്‌സിയെ തകര്‍ത്തു. എന്നാല്‍, ജയത്തില്‍ വലിയ കാര്യമില്ലെന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ പറയുന്നത്, കാരണം മറ്റൊന്നുമല്ല എതിരാളികള്‍ തന്നെ. തായ്‌ലന്‍ഡ് ലീഗില്‍ മൂന്നാം ഡിവിഷനില്‍ മാത്രം കളിക്കുന്ന ടീമാണ് ബാങ്കോക് എഫ്‌സി.

ബ്ലാസ്റ്റേഴ്‌സിന്റെ ജയം മികച്ചതായിരുന്നോ എന്ന കാര്യത്തില്‍ തന്നെ തര്‍ക്കമുണ്ട്. എതിരാളി ദുര്‍ബലായിരുന്നിട്ടുപോലും ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയത്. 17ാം മിനിറ്റില്‍ സെയ്മിന്‍ലെന്‍ ഡെംഗല്‍ ബ്ലാസ്റ്റേഴിനെ മുന്നിലെത്തിച്ചു. രണ്ടാം ഗോളിനായി എഴുപതാം മിനിറ്റ് വരെയാണ് മഞ്ഞപ്പടയ്ക്ക് കാത്തിരിക്കേണ്ടി വന്നത്.

മലയാളി താരം സഹലാണ് മത്സരത്തിന്റെ 70ാം മിനിറ്റില്‍ ഗോള്‍ നേടിയത്. തുടര്‍ന്ന് പത്ത് മിനിറ്റിനിടെ രണ്ട് തവണ കൂടി മഞ്ഞപ്പട ലക്ഷ്യം കണ്ടു. 73ാം മിനിറ്റില്‍ സെര്‍ബിയന്‍ താരം സ്ലാവിസ സ്റ്റൊജനോവിച്ചും 80ാം മിനിറ്റില്‍ ഷെയ്‌ബോര്‍സാങ് ഖാര്‍പനുമാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. 83ാം മിനിറ്റില്‍ തീരാപാക് ടുന്‍ബൂണ്‍ചുന്‍ തായ് ക്ലബിനായി ആശ്വാസ ഗോളും നേടി. കാര്യമൊക്കെ ശരിയാണെങ്കിലും വിജയം ആഘോഷിക്കാമോയെന്ന സംശയത്തിലാണ് ആരാധകര്‍.

ഇത്രമാത്രം ദുര്‍ബലമായൊരു ടീമിനെതിരേ കളിക്കുന്നതു കൊണ്ട് ടീമിന് ഒരു മത്സരം ലഭിക്കുമെന്നതില്‍ കവിഞ്ഞ് കൂടുതല്‍ പ്രയോജനമൊന്നും ലഭിക്കില്ല. ഐലീഗ് ക്ലബുകളുമായി കളിച്ചാല്‍ ചിലപ്പോള്‍ ഇതില്‍ കൂടുതല്‍ പ്രയോജനം ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചേനെയെന്ന വിലയിരുത്തലാണ് പല പ്രമുഖരും നടത്തുന്നത്. പല യൂറോപ്യന്‍ ക്ലബുകളും പ്രീ സീസണിനായി തെരെഞ്ഞെടുക്കുന്ന വേദിയാണ് മത്സരം നടന്ന ട്രൂ അരീന ഹുവാ ഹിന്‍. ലോകോത്തര നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളിലൊന്നാണ് ഇത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം എഡിഷന്‍ സെപ്റ്റംബര്‍ അവസാനത്തോടെ തുടങ്ങും. സെപ്റ്റംബര്‍ 29ന് തുടങ്ങുന്ന ടൂര്‍ണമെന്റിന് ഇത്തവണ ആറ് മാസത്തോളം ദൈര്‍ഘ്യമുണ്ടാകും. 2019 മാര്‍ച്ച് പകുതിയോടെയാകും ഐഎസ്എല്‍ സമാപിക്കുക. ഇഎന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ഉണ്ടാകില്ല എന്നതാകും ഇത്തവണത്തെ പ്രത്യേകത. മത്സരത്തിന് മൂന്ന് ഇടവേളകളുണ്ടാകും എന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യന്‍ ടീമിന്റെ രണ്ട് സൗഹൃദ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഒക്ടോബറിലും നവംബറിലും ചെറിയ ഇടവേളയും അരങ്ങേറുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കുന്നതുമൂലം വലിയൊരു ഇടവേളയ്ക്കും ടൂര്‍ണമെന്റ് സാക്ഷ്യം വഹിക്കും. ഡിസംബര്‍ പകുതിയോടെ നിര്‍ത്തിവെക്കുന്ന ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ഫെബ്രുവരി വരെ ആരാധകര്‍ കാത്തിരിക്കേണ്ടിവരും.അതെസമയം അഞ്ചാം സീസണില്‍ പുതിയ ടീമുകള്‍ക്ക് ഐഎസ്എല്‍ പ്രവേശനം സാധ്യമാകില്ല.

ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് ഈ വര്‍ഷം പുതിയ ടീമുകളെ ക്ഷണിക്കേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗളിന്റെ ഐഎസ്എല്‍ മോഹങ്ങള്‍ക്ക് ഈ സീസണില്‍ മങ്ങലേറ്റു. കഴിഞ്ഞ വര്‍ഷം നടന്ന സൂപ്പര്‍ കപ്പില്‍ രണ്ടാമതെത്താന്‍ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിരുന്നു. ഇതോടെ ടീമിലേക്ക് വലിയ നിക്ഷേപമാണ് എത്തിയത്.

അതെസമയം, ഐഎസ്എല്‍ അഞ്ചാം സീസണായി വിവിധ ക്ലബുകള്‍ കൈമെയ് മറന്നുളള ഒരുക്കത്തിലാണ്. ഇന്ത്യയിലെ തന്നെ ആദ്യ പ്രീസീസണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സും സ്പാനിഷ് പര്യടനം നടത്തുന്ന ബെംഗളൂരു എഫ്‌സിയുമാണ് വലിയ മുന്നൊരുക്കം നടത്തുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം