തിരുവനന്തപുരം : നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ രാപ്പകൽ സമരം ഇ എസ് ബിജിമോൾ എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ബിജിത അജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ എ ടി യു സംസ്ഥാന പ്രസിഡന്റ് ഹേമന്ത് വടകര അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ പത്തു വർഷമായി നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകർ ഇന്നും നാളെയുമാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ രാപ്പകൽ സമരം നടത്തുന്നത്.
ബുഹാരി സർ ( എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി ), അലക്സ് സാം ക്രിസ്തുമസ് ( കെ എസ് ടി യു ജനറൽ സെക്രട്ടറി ) അജിത്ത് മാഷ് (കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മതിയായ വിദ്യാർഥികളില്ലാത്ത സ്കൂളുകളിലെ അധ്യാപകർക്ക് വേതനം മുടങ്ങിയിട്ട് ഏഴുമാസമായി. കോവിഡിനെത്തുടർന്ന് സ്കൂൾ അടച്ചതോടെ ആകെയുണ്ടായിരുന്ന വരുമാനം മുടങ്ങിയതിനാൽ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്തെ നിരവധി അധ്യാപക കുടുംബങ്ങൾ.
2011 മുതൽ നിയമനം നേടി ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന എയ്ഡഡ് സ്കൂൾ അധ്യാപകർക്കാണ് കോവിഡ് കാരണം ആനുകൂല്യം നിഷേധിച്ചിരിക്കുന്നത്.
റിട്ടയർമെന്റ്, രാജി, മരണം എന്നിങ്ങനെയുള്ള റെഗുലർ തസ്തികയിൽ കേരള വിദ്യാഭ്യാസച്ചട്ടങ്ങളിലെ വ്യവസ്ഥകൾക്കനുസൃതമായി നിയമനം നേടുകയും എന്നാൽ, കുട്ടികളുടെ എണ്ണക്കുറവിന്റെ പേരിൽ ശമ്പളവും മറ്റാനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയുമാണിവർക്ക്. വടക്കൻ കേരളത്തിലാണ് അംഗീകാരം ലഭിക്കാത്ത കൂടുതൽ അധ്യാപകരുള്ളത്.
കണ്ണൂർ ജില്ലയിൽ മുന്നൂറോളം പേരും കോഴിക്കോട്ട് ഇരുനൂറോളംപേരും ജോലിചെയ്യുന്നുണ്ട്.
ജൂൺമുതൽ മാർച്ചുവരെയുള്ള പ്രവൃത്തിദിവസങ്ങളിൽ മാത്രമേ ഇവർക്ക് വേതനം ലഭിക്കാറുള്ളൂ.
കോവിഡിനെത്തുടർന്ന് മറ്റുജോലികൾക്ക് പോകാൻ കഴിയാത്തതും സാമ്പത്തികമായി വളരെ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു.