തിരുവനന്തപുരത്തിനു മുകളില്‍ വട്ടമിട്ട് പറന്നൊരു വിമാനം, ലാന്‍ഡ് ചെയ്‍തപ്പോള്‍ അമ്പരപ്പ്!

Loading...

തിരുവനന്തപുരം: റണ്‍വേ നിറഞ്ഞു കവിഞ്ഞ് ഒരു കൂറ്റന്‍വിമാനം. തലസ്ഥാന നഗരിയിലെ എയര്‍പോര്‍ട്ടില്‍ ഒരു പടുകൂറ്റന്‍ പക്ഷിയെപ്പോലെ പാര്‍ക്കിംഗ് ബേയിലൊതുങ്ങാതെ അതിങ്ങനെ കിടന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇത്തരമൊരു കാഴ്ചയ്ക്ക് സാക്ഷിയാകുന്നത് ആദ്യമായിട്ടായിരുന്നു. ആ കഥ ഇങ്ങനെ.

ചെന്നൈയിൽനിന്ന് മൗറീഷ്യസിലേക്കു പറക്കുകയായിരുന്ന റഷ്യന്‍ നിര്‍മ്മിതമായ എ.എൻ-124- എന്ന ആ കൂറ്റൻ ചരക്കുവിമാനം. വോൾഗാ നെപ്പർ എയർലൈൻ കമ്പനിയുടെ ഈ വിമാനം ലോകത്തെ ചരക്കുവിമാനങ്ങളിൽ വലിപ്പത്തിൽ നാലാമനാണ്. ചെന്നൈയില്‍ നിന്നും പറന്നുപൊങ്ങി ഏതാനും മിനിട്ടുകള്‍ കഴിഞ്ഞതേയുള്ളൂ. ഈ സമയം പൈലറ്റിന് എന്തോ ഒരു സംശയം. കോക്പിറ്റിലെ സോഫ്റ്റ് വേര്‍ സംവിധാനം തകരാറിലായതുപോലെ. കാറ്റിന്‍റെ ഗതിയും ശക്തിയും അത്ര വ്യക്തമാകുന്നില്ല. 20 വര്‍ഷത്തോളമായി ഈ വിമാനം പറത്തുന്ന പൈലറ്റ് അലക്സിക്ക് വിമാനത്തിലെ നേരിയ പിഴവു പോലും മനസിലാകും.

ഈ സമയം 35000 അടി ഉയരെ തിരുവനന്തപുരത്തെ കടിലിനു മുകളിലായിരുന്നു വിമാനം. പിന്നെ അധികമൊന്നും ആലോചിച്ചില്ല, തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്ട്രോള്‍ ടവറുമായി ബന്ധപ്പെട്ടു. വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്നു വ്യക്തമാക്കി ഇറങ്ങാനുള്ള അനുമതി ചോദിച്ചു. റഡാര്‍ സംവിധാനത്തിലൂടെ കോഡ് എഫ് വിമാനമാണെന്ന് ഉറപ്പു വരുത്തിയ എടിസി അധികൃതര്‍ ഇറങ്ങാനുള്ള അനുമതിയും നല്‍കി.

അങ്ങനെയാണ് ബുധനാഴ്ച രാവിലെ 7.20-ന് ആ കൂറ്റന്‍ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്നത്. ആദ്യമായാണ് ഇത്രയും വലിപ്പത്തിലുള്ള ചരക്കുവിമാനം തിരുവനന്തപുരത്തിറങ്ങിയതെന്ന് വിമാനത്താവള അധികൃതർ പറയുന്നു. ചിറകുകള്‍ക്ക് 73 മീറ്ററോളം വീതിയും അടുക്കള ഉള്‍പ്പെടെയുള്ള സൌകര്യങ്ങളുമുള്ള വിമാനം റൺവേ നിറഞ്ഞുനില്‍ക്കുന്നത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. എട്ടോളം ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്താവളത്തിലെ പാർക്കിങ് ബേയിൽ ഈ കൂറ്റന്‍ വിമാനം നിർത്തിയിടാൻ കഴിഞ്ഞില്ല. തുടര്‍ന്ന് വ്യോമസേനയുടെ ശംഖുംമുഖത്തുള്ള ടെക്‌നിക്കൽ ഏരിയായിലെ പാർക്കിങ്ങിലേക്കു മാറ്റി. പിന്നീട് വിമാനത്താവള അധികൃതരും എയർട്രാഫിക് കൺട്രോൾ അധികൃതരുമെത്തി പരിശോധിച്ച ശേഷം പ്രശ്നം പരിഹരിച്ചു. ഒടുവില്‍ ഇന്ധനവും നിറച്ച് ബുധനാഴ്ച രാത്രി 9.30-നാണ് ഈ കൂറ്റന്‍ വിമാനം മൗറീഷ്യസിലേക്ക് പറക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം