ടൈം മാസികയില്‍ മോദിക്കെതിരെ ലേഖനമെഴുതി; ആതിഷ് തസീറിന്റെ പൗരത്വ കാര്‍ഡ്‌ റദ്ദാക്കി സര്‍ക്കാര്‍

Loading...

ന്യൂഡല്‍ഹി: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ആതിഷ് തസീറിന്റെ പൗരത്വ കാര്‍ഡ്‌ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ആതിഷ് തസീറിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്.

ആതിഷിന്റെ പിതാവ് പാകിസ്താനില്‍ ജനിച്ചയാളാണെന്ന് കാണിച്ചാണ് പൗരത്വം റദ്ദാക്കിയത്. കഴിഞ്ഞ മെയ് മാസത്തില്‍ ടൈം മാസികയില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച്‌ ആതിഷ് എഴുതിയ ലേഖനം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

അതേസമയം തനിക്ക് വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യമായ സമയം തന്നില്ലെന്ന് ആതിഷ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്‌ലീന്‍ സിങ്ങിന്റേയും പാകിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ തസീറിന്റേയും മകനാണ് ആതിഷ് തസീര്‍. ബ്രിട്ടണിലാണ്‌ ആതിഷ് ജനിച്ചത്.

പിതാവിന്റെ ജന്മസ്ഥലം പാകിസ്ഥാന്‍ എന്നാണ് ആതിഷ്രേഖപ്പെടുത്തിയിരുന്നത്. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് നിലനിര്‍ത്തുന്നതില്‍ ആതിഷ് പരാജയപ്പെട്ടു. അതോടെ പൗരത്വ നിയമ പ്രകാരം ആതിഷിന് ഒ.സി.ഐ കാര്‍ഡിനുള്ള അര്‍ഹത നഷ്ടമായതായി ആഭ്യന്തരമന്ത്രാലയ വക്താവ് വസുധ ഗുപ്ത പ്രതികരിച്ചു.

ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാര്‍ക്ക് വിസയില്ലാതെ ഇന്ത്യയില്‍ സഞ്ചരിക്കാനും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം അനിശ്ചിതമായി നല്‍കുന്ന പൗരത്വ സംവിധാനമാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്. ഇന്ത്യയില്‍ താമസിക്കുന്നവരുടേതല്ലാത്ത എല്ലാ അവകാശങ്ങളും ഇവര്‍ക്കുണ്ട്. യുകെ പൗരനായ തസീറിന് 2015 വരെ ഇന്ത്യന്‍ വംശജന്‍ എന്ന കാര്‍ഡുണ്ടായിരുന്നു. എന്നാല്‍ പിന്നീട്‌ ഗവണ്‍മെന്റ് ഇത് ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ കാര്‍ഡുമായി ബന്ധിപ്പിച്ചു.

ടൈം മാസികയില്‍ ആതിഷ് എഴുതിയ ലേഖനവും ഈ നടപടിയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആതിഷ് എഴുതിയ ടൈം മാസിക ലേഖനം ഇന്ത്യയില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായിരുന്നു. ഒന്നാം മോദി സര്‍ക്കാരിന്റെ ഭരണകാലത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനത്തില്‍ മോദിയെ ഭിന്നിപ്പിന്റെ തലവന്‍ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

ലേഖനം വന്നതിന് ശേഷം ആതിഷിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ആക്രമണം നടന്നിരുന്നു. പാകിസ്താന്‍ അജണ്ടയുടെ ഭാഗമായാണ് ആതിഷ് ലേഖനമെഴുതിയതെന്നായിരുന്നു ബി.ജെ.പി ആരോപണം. ലേഖകന്‍ പാകിസ്താനി രാഷ്ട്രീയ കുടുംബാംഗമാണെന്നും അയാളുടെ വിശ്വാസ്യതയ്ക്ക് അത് മതിയെന്നുമായിരുന്നു മോദിയുടെ പ്രതികരണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം