ഇന്ന് രാവിലെ (ആഗസ്റ്റ് 30) പുറത്തു വന്ന പത്രങ്ങളിലൂടെ കുറേ കാലമായി നമ്മള് ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന ഒരു ചോദ്യത്തിന് കൃത്യമായ ഒരു മറുപടി ലഭിച്ചു. ‘അറസ്റ്റു ചെയ്യപ്പെട്ടവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിലെ അംഗങ്ങള്‍ എന്ന് പോലീസ് കോടതിയോട്’ എന്ന തലക്കെട്ടോടെ ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധിക്കുക. സ്വന്തം പോലീസ് പോലും ”ഫാഷിസ്റ്റ്” എന്ന് വിളിക്കുന്ന ഒരു ഭരണകൂടത്തെയാണ് നാം എതിരിടുന്നതെന്ന് ഇവിടെ വ്യക്തമായിക്കഴിഞ്ഞു. ഇന്നത്തെ ഇന്ത്യയില്‍ ന്യൂനപക്ഷമാവുക എന്നത് ഒരു കുറ്റകൃത്യമാണ്. കൊല്ലപ്പെടുക എന്നത് ഒരു കുറ്റകൃത്യമാണ്. ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയാവുക എന്നത് ഒരു കുറ്റകൃത്യമാണ്. ദരിദ്രരാവുക എന്നത് ഒരു കുറ്റകൃത്യമാണ്. ദരിദ്രരെ സംരക്ഷിക്കാന്‍ ശ്രമിക്കുക എന്നത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഒരു നീക്കമാണ്.

കെട്ടിച്ചമച്ച കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൂനെ പോലീസ് രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള അറിയപ്പെട്ട സാമൂഹ്യപ്രവര്‍ത്തകരുടെയും കവികളുടെയും അഭിഭാഷകരുടെയും പുരോഹിതന്മാരുടെയും വീടുകള്‍ പരിശോധിക്കുകയും അതില്‍ അഞ്ച് പേരെ ഒരു തെളിവും കൂടാതെ അറസ്റ്റ് ചെയ്യുകയും ചെയ്താല്‍ അത് വന്‍ പ്രതിഷേധത്തിന് വഴി വെക്കുമെന്ന് സര്‍ക്കാരിന് നല്ല ബോധ്യമുണ്ട്. നമ്മുടെ ഇടയില്‍ നിന്ന് ഉണ്ടാവാന്‍ സാധ്യതയുള്ള പ്രതികരണണങ്ങള്‍, ഈ പത്രസമ്മേളനവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധപ്രകടനങ്ങളുമടക്കം, സര്‍ക്കാര്‍ മുന്നില്‍ കണ്ടിട്ടുണ്ടാകും. പിന്നെയിതെന്തിനു വേണ്ടി?
ജനങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമുള്ള സ്വീകാര്യതക്ക് വന്‍ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ പുറത്തുവന്ന പല സര്‍വേകളും സൂചിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് വളരെ അപകടം നിറഞ്ഞ ഒരു കാലത്തിലേക്കാണ് നമ്മള് പ്രവേശിച്ചു കൊണ്ടിരിക്കുന്നത്. ഭരണത്തെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ഒന്നിച്ചു വരാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തെ പിളര്‍ത്താനുമുള്ള എല്ലാ തരത്തിലുള്ള ഭയാനകമായ നീക്കങ്ങളും ഇവരുടെ ഭാഗത്തു നിന്നുണ്ടാകും. അറസ്റ്റുകള്‍, കൊലപാതകങ്ങള്‍, ആള്‍ക്കൂട്ടകൊലപാതകങ്ങള്‍, ബോംബ് ആക്രമണങ്ങള്‍, കലാപങ്ങള്‍- ഇങ്ങനെ നിലയ്ക്കാത്ത അഭ്യാസപ്രകടനങ്ങളാണ് ഇനിയുള്ള ദിവസങ്ങളില്‍ കാണാന്‍ പോവുന്നത്. തെരഞ്ഞെടുപ്പുകളെ എല്ലാ തരത്തിലുള്ള അക്രമങ്ങളുടെയും കാലമായി കാണാന്‍ നമ്മള് പഠിച്ചു കഴിഞ്ഞു. ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന സിദ്ധാന്തത്തോടൊപ്പം ഇന്ന് മറ്റൊരു സിദ്ധാന്തം കൂടി ചേര്‍ക്കാം- ”ശ്രദ്ധ തിരിച്ച് ഭരിക്കുക”. ഇനി തെരഞ്ഞെടുപ്പ് എത്തുന്ന സമയം വരെ അടുത്ത ഇടിത്തീ എപ്പോഴാണ്, ഏതു വിധത്തിലാണ് നമ്മുടെ മേല്‍ വീഴുക എന്ന് പ്രവചിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഏത് ഇടിത്തീ വീണാലും എത്ര വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയാലും നമ്മുടെ ശ്രദ്ധ മാറിപ്പോവാന്‍ പാടില്ലാത്ത ചില യാഥാര്‍ത്ഥ്യങ്ങളെ ചൂണ്ടിക്കാണിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഒന്ന്, 2016 നവംബര്‍ 8ന് അര്‍ദ്ധരാത്രിയില്‍ 80 ശതമാനം കറന്‍സി നോട്ടുകളെയും നിരോധിച്ചു കൊണ്ടുള്ള തന്റെ പ്രഖ്യാപനവുമായി പ്രധാനമന്ത്രി രാജ്യത്തിന് മുന്നില്‍ വന്നിട്ട് ഒരു വര്‍ഷവും ഒമ്പതു മാസങ്ങളുമായി. അദ്ദേഹത്തിന്റെ സ്വന്തം മന്ത്രിമാര്‍ പോലും അന്ന് ചകിതരായിപ്പോയി. അന്ന് നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരികെ വന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നു. കറന്‍സി നിരോധം ജി.ഡി.പിയില്‍ ഒരു ശതമാനത്തിന്റെ ഇടിവ് വരുത്തിയെന്നും 15 ലക്ഷത്തോളം ആളുകളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമായി എന്നും ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ തന്നെ കോടിക്കണക്കിന് രൂപയുടെ ചെലവ് വന്നു. കറന്‍സി നിരോധത്തിനു ശേഷം ചരക്കു സേവന നികുതി വരികയും ചെറുകിട വ്യവസായങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തുകയും ചെയ്തു.
അതേ സമയം, ബി.ജെ.പിയുമായി അടുത്തു നില്ക്കുന്ന പല വന്‍കിട വ്യവസായികളുടെയും സമ്പത്ത് അധികരിച്ചു. വിജയ് മാല്യയെയും നീരവ് മോഡിയെയും പോലുള്ള വ്യവസായികള്‍ കോടിക്കണക്കിന് രൂപയുമായി നാടു കടന്നപ്പോള്‍ സര്‍ക്കാര്‍ മുഖം തിരിച്ചു കൊടുത്തു. ഇതിനൊക്കെ അവര്‍ എന്നെങ്കിലും ഉത്തരം നല്‍കുമോ?
മാത്രമല്ല, 2019 തെരഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ സമയത്ത് രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി കൂടിയായി മാറിയിരിക്കുകയാണ് ബി.ജെ.പി. ഇതിനു പുറത്താണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടുന്ന സമ്പത്തിന്റെ ഉറവിടം വെളുപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് കാണിക്കുന്ന പുതിയ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ കൂടി വരുന്നത്.
രണ്ട്, 2016ല്‍ മോദി മുംബൈയില്‍ വെച്ച് ‘മെയ്ക് ഇന്‍ ഇന്ത്യ’ മുന്നേറ്റം ഉദ്ഘാടനം ചെയ്തപ്പോള്‍ അതേ വേദിയിലെ സാംസ്കാരിക പന്തല്‍ അഗ്നിക്കിരയായത് പലര്‍ക്കും ഓര്‍മ്മയുണ്ടാകും. എന്നാല്‍ ‘മെയ്ക് ഇന്‍ ഇന്ത്യ’ എന്ന ആശയത്തെ ശരിക്കും കത്തിച്ചുകളഞ്ഞത് റാഫേല്‍ വിമാന ഇടപാടാണ്. സ്വന്തം പ്രതിരോധ മന്ത്രി പോലും അറിഞ്ഞില്ലെന്ന് തോന്നിക്കുന്ന വിധത്തില്‍ പാരീസില്‍ വെച്ചാണ് പ്രധാനമന്ത്രി കരാറിനെക്കുറിച്ച് പ്രഖ്യാപനം നടത്തുന്നത്. പരിപൂര്‍ണമായ ചട്ടലംഘനമാണ് അവിടെ നടന്നത്. ഇടപാടിനെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ നമുക്കറിയൂ- 2012ല്‍ യു.പി.എ സര്‍ക്കാര്‍ ഒപ്പു വെച്ച കരാര്‍ പ്രകാരം വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ ഏറോനോടിക്സ് ലിമിറ്റഡ് ഇവിടെ വെച്ച് സംയോജിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ അന്നത്തെ കരാര്‍ മുഴുവനായും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. കരാറിനെക്കുറിച്ച് പഠിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയും മറ്റുള്ളവരും സങ്കല്പങ്ങള്ക്കപ്പുറമുള്ള അഴിമതിയാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് ആരോപിക്കുന്നുണ്ട്. ഇന്നേ വരെ ഒരു വിമാനം പോലും നിര്‍മ്മിച്ചിട്ടില്ലാത്ത റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിന് കരാറില്‍ ഇടം നല്കിയതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയൊന്ന് നമുക്ക് പ്രതീക്ഷിക്കാന്‍ സാധിക്കുമോ? അതോ മറ്റെല്ലാത്തിനെയും പോലെ ഈ വിമാനങ്ങളെയും നമ്മള് അപ്പാടെ വിഴുങ്ങണോ?
മൂന്ന്, മാധ്യമപ്രവര്‍ത്തകയായ ഗൌരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന കര്‍ണാടക പോലീസ് അതില്‍ സനാദന് സന്‍സ്താ പോലുള്ള പല ഹിന്ദുത്വ സംഘടനകള്‍ക്കുമുള്ള പങ്കിനെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. കൊല്ലപ്പെടുത്തേണ്ടവരുടെ പട്ടികകള്‍, ഒളിതാവളങ്ങള്‍, ആയുധങ്ങള്‍, ആളുകളെ വിഷം കൊടുത്തും ബോംബിട്ടും മറ്റും കൊലപ്പെടുത്താനുള്ള പദ്ധതികള്‍- എല്ലാമടങ്ങുന്ന ഒരു തീവ്രവാദി സംഘടന തന്നെയാണ് വെളിച്ചത്തു വന്നിരിക്കുന്നത്. ഇത്തരത്തില്‍ എത്ര സംഘടനകളുണ്ട്? അധികാരികളുടെയും ചിലപ്പോള്‍ പോലീസിന്റെയും ആശീര്വാദങ്ങളുള്ള ഇത്തരം സംഘടനകള്‍ എന്തൊക്കെയാണ് പദ്ധതിയിടുന്നത്? യഥാര്‍ത്ഥത്തിലുള്ള ആക്രമങ്ങളെയും ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ നടത്തുന്ന ആക്രമങ്ങളെയും എങ്ങനെ വേര്‍തിരിച്ചറിയും? അത് അയോധ്യയിലായിരിക്കുമോ? അതോ കശ്മീര്‍? അതോ കുംഭമേള? വളര്‍ത്തു മൃഗങ്ങളെ പോലെ പെരുമാറുന്ന മാധ്യമസ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി ഇത്തരം ചെറുതും വലുതുമായ ആക്രമണങ്ങളിലൂടെ കാര്യങ്ങള്‍ തകിടം മറിക്കാന്‍ എന്തെളുപ്പമാണ്. അതു പോലെ തന്നെയാണ് ഇപ്പോള്‍ നടന്നിരിക്കുന്ന അറസ്റ്റുകളും.
നാല്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനു നേരെ അരങ്ങേറിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റം. വര്‍ഷങ്ങളായി നല്ല പ്രകടനം കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സര്‍വകലാശാലകളെ ക്ഷയിപ്പിക്കുകയും കടലാസില്‍ മാത്രമുള്ള സര്‍വകലാശാലകള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ കാണുന്നത്. ഏറ്റവും വിഷമിപ്പിക്കുന്ന കാര്യവും ഇതുതന്നെയായിരിക്കും. നമ്മുടെ കണ്മുന്നില് വെച്ചാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല പൊളിച്ചുമാറ്റപ്പെടുന്നത്. അവിടെയുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും നിരന്തരമായ അക്രമങ്ങള്‍ക്ക് ഇരയാവുകയാണ്. വിദ്യാര്‍ത്ഥികളുടെ ജീവനു പോലും അപകടമുണ്ടാക്കുന്ന രീതിയിലുള്ള നുണകളും വ്യാജ വീഡിയോകളും പ്രചരിപ്പിക്കുന്നതില്‍ പല ടെലിവിഷന്‍ ചാനലുകളും ഉത്സാഹത്തോടെ പങ്കാളികളായിട്ടുണ്ട്. ഉമര്‍ ഖാലിദ് എന്ന ചെറുപ്പക്കാരനായ പണ്ഡിതനു നേരെ നടന്ന വധശ്രമം വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കുന്നു.
ഇതിനൊപ്പമാണ് ചരിത്രത്തെ വളച്ചൊടിക്കാനും പാഠ്യപദ്ധതികളെ മൂഢവത്കരിക്കാനുമുള്ള ശ്രമങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതിന്റ അനന്തരഫലങ്ങള്‍ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാലാണ് ശരിയായ വിധത്തില്‍ കാണാന്‍ സാധിക്കുക. അപ്പോഴേക്കും ഒരിക്കലും തിരിച്ചു കൊണ്ടുവരാന്‍ സാധിക്കാത്ത വിധത്തിലുള്ള ബുദ്ധിമാന്ദ്യത്തിലേക്ക് രാജ്യം ഇറങ്ങി പോയിട്ടുണ്ടാകും.
വിദ്യാഭ്യാസരംഗത്തെ വര്‍ദ്ധിച്ചു വരുന്ന സ്വകാര്യവത്കരണം സംവരണത്തിലൂടെ നേടിയ ചെറിയ പുരോഗമനത്തെ പോലും ഇല്ലാതാക്കി തുടങ്ങിയിട്ടുണ്ട്. കോര്‍പറേറ്റ് വസ്ത്രങ്ങള്‍ തുന്നിക്കൊടുത്ത് വിദ്യാഭ്യാസത്തെ വീണ്ടും ബ്രാഹ്മണവത്കരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഫീസ് താങ്ങാനാവാത്തതിനാല്‍ ദലിതുകളും ആദിവാസികളും ഒ.ബി.സി വിഭാഗങ്ങളും ഒരിക്കല്‍ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടുകയാണ്.
അഞ്ച്, കാര്‍ഷിക മേഖലയിലെ തീവ്രമായ പ്രതിസന്ധി, വര്‍ദ്ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യകള്‍, മുസ്ലിംകളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ആള്‍കൂട്ട കൊലപാതകങ്ങള്‍, ദലിതുകള്‍ക്കു നേരെയുള്ള നിരന്തര ആക്രമണങ്ങള്‍, ചാട്ടവാറടികള്‍, സവര്‍ണര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യം കാണിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റ്, എസ്.സി, എസ്.ടി ആക്ടില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍.
ഇത്രയും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഞാന്‍ ഇപ്പോള്‍ നടന്ന അറസ്റ്റുകളിലേക്ക് കടക്കുകയാണ്.
”സ്വന്തം പോലീസ് പോലും ഫാഷിസ്റ്റ് എന്ന് വിളിക്കുന്ന ഒരു ഭരണകൂടം”: അരുന്ധതി റോയി
ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചു പേരില്‍ (സുധാ ഭരദ്വാജ്, ഗൌതം നവ്ലാക, അരുണ്‍ ഫെറേറ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, വരവരാ റാവോ) ഒരാള്‍ പോലും 2017 ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പരിഷദിലോ അതിനു തൊട്ടടുത്ത ദിവസം ഭീമാ – കോരേഗാവ് സംഭവം അനുസ്മരിക്കാന്‍ വേണ്ടി മൂന്നു ലക്ഷത്തോളം വരുന്ന ആളുകള്‍ അണിനിരന്ന ജാഥയിലോ പങ്കെടുത്തിട്ടില്ല (ബ്രിട്ടീഷുകാരുമായി ചേര്‍ന്ന് ദലിതുകള്‍ ചൂഷകരായ പെശവാ ഭരണാധികാരികളെ തോല്പിച്ച ചരിത്രസംഭവമാണ് ഭീമാ-കോരേഗാവ്. ദലിതുകള്‍ അഭിമാനത്തോടെ അനുസ്മരിക്കുന്ന ചുരുക്കം ചില ചരിത്രസംഭവങ്ങളിലൊന്ന്). ജസ്റ്റിസ് സാവന്ത്, ജസ്റ്റിസ് കോല്‍സെ പട്ടേല്‍ എന്നീ ബഹുമാന്യരായ രണ്ട് മുന്‍ ന്യായാധിപരാണ് പരിഷദ് സംഘടിപ്പിച്ചത്. ജാഥ ആക്രമിക്കപ്പെടുകയും അതിനു ശേഷം ദിവസങ്ങളോളം സംഘര്‍ഷാവസ്ഥ നിലനില്ക്കുകയും ചെയ്തു. മുഖ്യ പ്രതികളായ മിലിന്ദ് എക്ബോതെയും ശംബാജി ബിദെയും ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. അവരുടെ അനുയായികളിലൊരാള്‍ നല്കിയ എഫ്.ഐ.ആര് പ്രകാരം പോലീസ് അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു- റോണാ വില്‍സണ്‍, സുധീര്‍ ധാവ്ലെ, ഷോമാ സെന്‍, മിഹിര്‍ റാവുത്ത്, സുരേന്ദ്ര ഗാഡ്ലിങ്. ജാഥയില്‍ ആക്രമം അഴിച്ചുവിട്ടുവെന്നും നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചാണ് അവരെ അറസ്റ്റ് ചെയ്തത്. യു.എ.പി.എ എന്ന കരിനിയമം ചുമത്തപ്പെട്ട് തടവിലാണെങ്കിലും ഭാഗ്യകരമായ വസ്തുക അവര്‍ക്കിതു വരെ ഇശ്റത്ത് ജഹാനെയും സൊഹ്റാബുദ്ദീനെയും കൌസര്‍ ഭീയെയും പോലെ വിചാരണക്ക് മുന്‍പ് ജീവന് നഷ്ടപ്പെട്ടിട്ടില്ല എന്നതാണ്.
ആദിവാസികള്‍ക്ക് നേരെയും ഇപ്പോള്‍ ദലിതുകള്‍ക്ക് നേരെയും നടക്കുന്ന ആക്രമങ്ങള്‍ ‘മാവോയിസ്റ്റുകള്‍’ അല്ലെങ്കില്‍ ‘നക്സലുകള്‍’ക്ക് നേരെയുള്ള ആക്രമങ്ങളായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസും ഇപ്പോള്‍ ബി.ജെ.പിയും ശ്രദ്ധിച്ചിട്ടുണ്ട്. മുസ്ലിംകളെ പോലെ ദലിതുകളും ആദിവാസികളും തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളില്‍ നിന്ന് മുഴുവനായും ഒഴിവാക്കപ്പെട്ടിട്ടില്ല എന്നതാണ് ഇതിന് കാരണം. ആദിവാസികളെയും ദലിതുകളെയും ഇപ്പോഴും വോട്ടു ബാങ്കുകളായി തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വീക്ഷിക്കുന്നത്. ‘മാവോയിസ്റ്റുകള്‍’ എന്ന് വിളിക്കുന്നതിലൂടെ ദലിത് പോരാട്ടങ്ങളെ വിലകുറച്ചു കാണുകയും അതിന് മറ്റൊരു പേര് നല്‍കുകയുമാണ് അധികാരികള്‍ ചെയ്യുന്നത്. എന്നാല്‍ തങ്ങള്‍ ‘ദലിത് വിഷയങ്ങളില്‍’ താത്പര്യം കാണിക്കുന്നു എന്ന തോന്നലും ഇതിന്റെ കൂടെ സൃഷ്ടിച്ചെടുക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. ആയിരക്കണക്കിന് ദരിദ്രരായ ആളുകളാണ് ഇന്ന് തങ്ങളുടെ വീടിനും ഭൂമിക്കും അഭിമാനത്തിനും വേണ്ടിയുടെ പോരാട്ടത്തില്‍ തടവു ശിക്ഷയനുഭവിക്കുന്നത്. രാജ്യദ്രോഹമടക്കമുള്ള മാരകമായ ആരോപണങ്ങള്‍ ചാര്‍ത്തി വിചാരണ പോലുമില്ലാതെ അവരെ തടവറകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ഈ പത്ത് പേരും അറസ്റ്റു ചെയ്യപ്പെട്ടതോടെ നിരാലംബരായ അനവധി വിഭാഗങ്ങള്‍ക്ക് നീതിയും കോടതിയില്‍ പ്രാതിനിധ്യവും ലഭിക്കാനുള്ള ഏക വഴിയും കൂടിയാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സല്‍വാ ജുദൂം എന്ന സ്വകാര്യ സൈന്യം ബസ്തറില്‍ ആവിര്‍ഭവിക്കുകയും ആളുകളുടെ കൊലപ്പെടുത്തിയും വീടുകള്‍ അഗ്നിക്കിരയാക്കിയും താണ്ഡവമാടുകയും ചെയ്തപ്പോള്‍ ചത്തീസ്ഗഢിലെ പീപിള്‍സ് യൂനിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസിന്റെ അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന ഡോക്ടര്‍ ബിനായക് സെന്‍ ഇരകള്‍ക്ക് വേണ്ടി സംസാരിച്ചു. അദ്ദേഹം തടലിവായപ്പോള് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുധാ ഭരദ്വാജ് ഏറ്റെടുത്തു. ബസ്തറിലെ അര്‍ധസൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ച പ്രൊഫസര്‍ സായിബാബ ബിനായക് സെനിനു വേണ്ടി സംസാരിച്ചു. അവര്‍ സായ്ബാബയെ അറസ്റ്റു ചെയ്തപ്പോള്‍ റോണാ വില്‍സണ്‍ അവര്‍ക്കു വേണ്ടി സംസാരിച്ചു. റോണാ വില്‍സണെയും സുരേന്ദ്ര ഗാഡ്ലിങിനെയും അവര്‍ കൊണ്ടുപോയപ്പോള്‍ സുധാ ഭരദ്വാജും ഗൌതം നവ്ലാക്കയും മറ്റും അവര്‍ക്കു വേണ്ടി എഴുന്നേറ്റു നിന്നു… ഇങ്ങനെ തുടര്‍ന്നു പോകുന്നു.
ആക്രമിക്കപ്പെടുന്നവര്‍ ഒരു ഭാഗത്ത് നിശബ്ദരാക്കപ്പെടുന്നു. ശബ്ദിക്കാന്‍ ധൈര്യപ്പെടുന്നവര്‍ തടവറയില്‍ അടച്ചിടപ്പെടുന്നു. നമ്മുടെ രാജ്യം തിരികെ പിടിക്കാന്‍ ദൈവം നമ്മളെ സഹായിക്കട്ടെ.
അരുന്ധതി റോയി
News from our Regional Network
RELATED NEWS
English summary: arunthadi roy against modi