Categories
Talks and Topics

ഏപ്രിൽ 5 : ഓർക്കാം ലോകചരിത്രത്തിൽ കേരളത്തിന്റെ ചുവന്ന പ്രഭാതം

പ്രിൽ 5 – കേരളപ്പിറവിക്കുശേഷം നടന്ന ഒന്നാം നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി ഭൂരിപക്ഷം നേടി ഇ എം എസ് മന്ത്രിസഭ അധികാരമേറ്റ സുദിനം.

ലോകചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട മലയാളികളുടെ പ്രബുദ്ധരാഷ്ട്രീയ ചിന്താധാര തുടിക്കുന്ന ചുവന്ന തിയ്യതി. രാജ്യത്ത് ആദ്യമായി തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാർട്ടി ഭരണത്തിലെത്തിയത് അന്നാണ് – 1957 ഏപ്രിൽ 5 ന്.

നമ്മുടെ നാട് എക്കാലവും കടപ്പാടോടെ ഓർക്കുന്ന വിദ്യാഭ്യാസ – കാർഷിക പരിഷ്ക്കരണ നിയമനിർമാണങ്ങൾക്ക് തുടക്കം കുറിച്ചത് ഇ എം എസ് സർക്കാർ ആണല്ലോ.

സാധാരണക്കാർക്ക് നട്ടെല്ലുയർത്തി നിവർന്നുനിൽക്കാൻ തന്റേതായ ഇടവും പഠിച്ചു വളർന്നുയരാൻ തുല്യാവസരമുള്ള വിദ്യാലയങ്ങളും ഉറപ്പുവരുത്തിയ ഭരണത്തിന് നാന്ദികുറിച്ച നാൾ…

എന്നാൽ, സകല പിന്തിരിപ്പൻ ശക്തികളും ഒത്തുചേർന്ന് നടത്തിയ കുപ്രസിദ്ധമായ ” വിമോചന സമര”ത്തിന്റെ പേരിൽ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടുകയായിരുന്നു കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ.

1959 ജൂലായ് 31 നായിരുന്നു ആ ജനാധിപത്യക്കശാപ്പ് . വിദ്യാഭ്യാസ – ഭൂപരിഷ്കരണ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങളാണ് വലതുപക്ഷ യാഥാസ്ഥിതികർക്ക് പിടിക്കാതെവന്നത്.

കേരളത്തിന്റെ നാനാതുറകളിലുമുള്ള വളർച്ചയുടെയും വികസനത്തിന്റെയും ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കിയാൽ ഒരുകാര്യം വ്യക്തമാവും.

സമൂഹപുരോഗതിയെ ത്വരിതപ്പെടുത്തിയ ശ്രദ്ധേയവും നിർണായകവുമായ എല്ലാ നല്ല ചുവടുവെപ്പുകൾക്കും ആവേശം പകർന്ന ഇടതുപക്ഷത്തിന്റെ സജീവ സാന്നിധ്യം.

ഒട്ടേറെ രംഗങ്ങളിൽ അന്താരാഷ്ട്ര അംഗീകാരം പിടിച്ചുപറ്റിയ കൊച്ചുകേരളം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് പല നിലകളിലും വ്യത്യസ്തമാണ്. സാമൂഹ്യ-സാമ്പത്തിക വളർച്ചയിൽ മാത്രമല്ല ഇത്. ആളുകളുടെ ആത്മധൈര്യം മുതൽ വിവേകശേഷിയിൽവരെ അത് വളരെ പ്രകടം.

ജാതീയമായ തൊട്ടുകൂടായ്മയും ഉച്ചനീചത്വങ്ങളും കൊടികുത്തി വാണ – സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച – ദുരവസ്ഥയായിരുന്നു പഴയ കാലത്ത് ഇവിടെ. പുതിയ കേരളത്തിന് കഷ്ടിച്ച് മുക്കാൽ നൂറ്റാണ്ടോളമേ പ്രായമുള്ളൂ.

മൺമറഞ്ഞുപോയ സാമൂഹ്യ പരിഷ്ക്കർത്താക്കളും നവോത്ഥാന നായകരും ക്രൈസ്തവ മെഷിനറി പ്രവർത്തനവുമാണ് ആ മുന്നേറ്റത്തിന് ആദ്യവെളിച്ചം പകർന്നത്.

എന്നാൽ, 1957ൽ സംസ്ഥാനത്ത് അധികാരമേറ്റ ഇ എം.എസ്സിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ഗവർമെണ്ടാണ് മണ്ണിന്റെയും വിയർപ്പിന്റെയും മണമുള്ള വികസന പാതയ്ക്ക് അടിത്തറയിട്ടത്. ഭരണത്തിലേറി നാലാം നാൾ കുടിയിറക്ക് തടഞ്ഞുകൊണ്ടുള്ള ഓർഡിനൻസ്…

രാജ്യത്ത് ആദ്യമായിരുന്നു അത്തരമൊരു ഉത്തരവ്. അതുവരെ ജനങ്ങളിൽ വലിയൊരു പങ്ക് ആരാന്റെ പറമ്പിൽ പാർക്കുന്നവരായിരുന്നു. ഭൂമിയുടെ ഉടമസ്ഥത മുഴുവൻ സവർണ ജന്മി പ്രമാണിവർഗത്തിനായിരുന്നു..

പാട്ടക്കാരും കുടിയാന്മാരുമായിരുന്നു മറ്റെല്ലാവരും. അവരെ ഏത് നേരത്തും കുടിയൊഴിപ്പിക്കാൻ ഭൂവുടമകൾക്ക് അവകാശമുണ്ടായിരുന്നു. അത് നിയമംമൂലം ഇല്ലാതാക്കിയതോടെയാണ് പാവപ്പെട്ടവർക്ക് തന്റേതായ ഇടം -തന്റേടം – ഉണ്ടായിത്തുടങ്ങിയത്.

“ചത്താൽ കുഴിച്ചിടാൻ നാഴി മണ്ണുപോലും ” സ്വന്തമായില്ലാത്തവർക്ക് കിടപ്പാടം നേടിക്കൊടുത്തത് അന്ന് മന്ത്രി കെ ആർ ഗൗരിയുടെ നേതൃത്വത്തിൽ തുടക്കമിട്ട ഭൂപരിഷ്കരണ നടപടികളാണ്. ജന്മിമാരുടെ മുമ്പിൽ തീണ്ടാപ്പാടകലെ ഓഛാനിച്ചും റാൻ മൂളിയും നിൽക്കേണ്ട പതിതനിലയിൽനിന്ന് മണ്ണിന്റെ മക്കളെ മോചിപ്പിച്ചത് നിർണായക മാറ്റമായിരുന്നു.

മലയാളികളെ ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ച നമ്മുടെ സാർവത്രിക സൗജന്യ പൊതുവിദ്യാഭ്യാസ രീതി ആരംഭിച്ചതും ആ ഭരണത്തിലാണ് – പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ നിയമത്തിലൂടെ. അന്താരാഷ്ട്രതലത്തിൽവരെ പിന്നീട് അഗീകാരം നേടിയ കേരള വികസന മാതൃകയുടെ അലകും പിടിയും അന്നത്തെ ആ രണ്ട് നിയമനിർമാണങ്ങളായിരുന്നു.

കേരളജനതയെ പിൽക്കാലത്ത് രാജ്യത്തിന്റെ നെറുകയിലെത്തിച്ച മറ്റു മികവുറ്റ പദ്ധതികൾ നടപ്പാക്കിയതോ … കാർഷിക പരിഷ്കാരത്തിന്റെ തുടർച്ചയായ ഭൂപരിധി നിർണയവും മിച്ചഭൂമി വിതരണവും, ജനലക്ഷങ്ങൾക്ക് പുത്തനുണർവ് സമ്മാനിച്ച സമ്പൂർണ സാക്ഷരതാ യജ്ഞം , ഓണംകേറാ മൂലയിൽവരെ റോഡും വെള്ളവും വെളിച്ചവും പ്രദാനംചെയ്ത ജനകീയാസൂത്രണ പദ്ധതി, തദ്ദേശ സ്വയംഭരണ സമിതികളിൽ സ്ത്രീകൾക്ക് 50 ശതമാനം പ്രാതിനിധ്യം, വിശ്വമെങ്ങും കീർത്തി പരത്തിയ കുടുംബശ്രീ പ്രസ്ഥാനം, കർഷകത്തൊഴിലാളി പെൻഷൻ, വിപുലമായ ഭക്ഷ്യസാധന പൊതുവിതരണ ശൃംഖല , ലൈഫ് ഭവന പദ്ധതി മുതലായ എത്രയെത്ര വികസന-ക്ഷേമ പദ്ധതികൾ …

ജനജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച ഇത്തരം ഭരണ നടപടികളിൽ ഇടതുപക്ഷ പാർട്ടികളുടെ വലിയ പങ്ക് ആർക്ക് നിഷേധിക്കാനാകും..?

ആര് ഭരിച്ചാലും ഒരുപോലെ എന്ന് പ്രചരിപ്പിച്ച് യു ഡി എഫിനെ വെള്ളപൂശുന്നവർ കണ്ണുതുറന്ന് കാണണം കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിലെ അതുല്യ നേട്ടങ്ങളെ…

അതിരൂക്ഷമായ പ്രകൃതിദുരന്തങ്ങളും മഹാമാരികളും മ്ലാനത പരത്തിയ പഞ്ഞകാലത്തും ജനങ്ങൾക്ക് പകർന്നു നൽകിയ അതിജീവന ശേഷിയെ…

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: April 5 - The day the Communist Party won a majority in the first Assembly elections held after the birth of Kerala and the EMS ministry came to power.

NEWS ROUND UP