അപ്പാനി ശരത്ത് ആശ്വാസത്തിലാണ്‌; മഴക്കെടുതിയിൽ പെട്ടുപോയ തന്റെ ഗർഭിണിയായ ഭാര്യ സുരക്ഷിതയാണെന്നറിഞ്ഞപ്പോൾ

വെബ് ഡെസ്ക്

Loading...

ഇന്നുവരെ കാണാത്ത തരത്തിലുള്ള പ്രളയമായിരുന്നു ഇത്തവണത്തേത്. ആര്‍ത്തലച്ച് പെയ്യുന്ന മഴയില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടതെല്ലാം ഒലിച്ച് പോവുമ്‌ബോള്‍ പലരും നെഞ്ചത്തടിച്ച് നിലവിളിക്കുകയായിരുന്നു. ജീവനെങ്കിലും തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസത്തിലായിരുന്നു മറ്റുചിലര്‍. വിവിധ ജില്ലകളിലായി നിരവധി പേരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്.ഇവര്‍ക്ക് വേണ്ട അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന്റെ തിരക്കിലാണ് പലരും. താരങ്ങളും ഈ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

കേരളത്തെ മുഴുവന്‍ നടുക്കിയ പ്രളയക്കെടുതിയില്‍ നിരവധി താരങ്ങളുടെ വീടുകളും മുങ്ങിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെ സഹായം ആവശ്യപ്പെട്ട് താരങ്ങള്‍ രംഗത്തുവന്നിരുന്നു. ക്ഷണനേരം കൊണ്ടാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്. മരണത്തെ തന്നെ നേരില്‍ കണ്ട നിമിഷങ്ങളിലൂടെയാണ് തങ്ങള്‍ കടന്നുപോയതെന്ന് ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറയുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയും കുടുംബവും വെള്ളപ്പൊക്കത്തില്‍ പെട്ടതും അവരെ സഹായിക്കാനെത്തിയ ആളുകളെക്കുറിച്ചും അപ്പാനി ശരത്ത് വ്യക്തമാക്കിയിട്ടുണ്ട്.

ഭാര്യ രേഷ്മയും കുടുംബവും പ്രളയത്തില്‍പ്പെട്ടുവെന്നും വെള്ളം കയറിയതിന് ശേഷം അവരെ വീട്ടില്‍ നിന്നും മാറ്റിയിരുന്നുവെന്നും മാറ്റിയ സ്ഥലത്തും വെള്ളമെത്തിയെന്നും ഭാര്യയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും പറഞ്ഞ് അപ്പാനി രവി ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചെന്നൈയിലുള്ള തനിക്ക് നാട്ടിലെത്താന്‍ കഴിയുന്നില്ലെന്നും ഒന്‍പത് മാസം ഗര്‍ഭിണിയായ ഭാര്യ എന്ത് ചെയ്യുമെന്ന് അറിയില്ലെന്നും താരം പറഞ്ഞിരുന്നു.

ചെങ്ങന്നൂരില്‍ നിന്നും നൂറനാടേക്ക് മാറിയെന്നും സുരക്ഷിതമായ സ്ഥലത്താണ് ഇപ്പോഴുള്ളതെന്നും പറഞ്ഞ് ഭാര്യ വിളിച്ചതോടെയാണ് താരത്തിന് സമാധാനമായത്. ഇന്‍ഫെക്ഷന്റെ പ്രശ്‌നമല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അവള്‍ക്ക് ഇടയ്ക്ക് ഇങ്ങനെ വരാറുള്ളതാണെന്നും താരം വ്യക്തമാക്കിയിരുന്നു.

തലസ്ഥാനത്തേക്ക് വരാനുള്ള ശ്രമത്തിലാണ് താന്‍. ആശങ്കയുടെ മണിക്കൂറുകളായിരുന്നു കഴിഞ്ഞുപോയത്. പല കാര്യങ്ങളും തങ്ങളുടെ അനുഭവത്തില്‍ വരുമ്പോഴേ അതിന്റെ ആഴം മനസ്സിലാകൂ, ഈ പാഠം ദൈവം പഠിപ്പിച്ചതാണെന്നും മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് തല്ലുകൂടുന്നവര്‍ക്ക് ഇനിയെങ്കിലും നന്നായിക്കൂടെയെന്നും താരം ചോദിക്കുന്നു. മനുഷ്യര്‍ തന്നെ അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിക്കണം.

ഓരോ മനുഷ്യനിലും ദൈവം കുടിയിരിക്കുന്നുണ്ട്. തന്റെയും രേഷ്മയുടെയും വലിയ സ്വപ്‌നമാണ് പിറക്കാനിരിക്കുന്ന കുഞ്ഞ്. അതിനെ തിരിച്ചുതന്നത് ജനങ്ങളാണ്. തന്നാലാവുന്ന ഉപകാരം തനിക്ക് ചെയ്യണമെന്നും താരം പറഞ്ഞിരുന്നു. ഇത് പറഞ്ഞ് ചെയ്യേണ്ട കാര്യമല്ലെങ്കിലും ഇത് ചെയ്തില്ലെങ്കില്‍ വലിയ തെറ്റാകുമെന്നും അപ്പാനി ശരത്ത് പറയുന്നു. നാട്ടിലേക്ക് വാരാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും താരം വ്യക്തമാക്കി.

Loading...