ആ വിഡിയോ എന്‍റെതല്ല; ഏതോ പാവം സ്ത്രീയാണ് വിഡിയോയില്‍ ഉള്ളത് -അനു ജോസഫ്

Loading...

സിനിമ-സീരിയല്‍ രംഗത്തെ സെലിബ്രിറ്റികളെ അപമാനിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങള്‍ ഇപ്പോള്‍ പതിവാണ്. സൈബര്‍ മനോരോഗികളുടെ വൈകൃതങ്ങള്‍ക്ക് ഇത്തവണ ഇരയായത് അഭിനേത്രിയും അവതാരകയുമായ അനു ജോസഫാണ്. അനുവിന്റെ പേരില്‍ ഒരു വ്യാജ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തിന്‍റെ സത്യാവസ്ഥ വിശദകരിച്ച് അനു ജോസഫ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

“വാട്സാപ്പില്‍ എന്‍റെ പേരില്‍ ഒരു വ്യാജ വീഡിയോ പ്രചരിക്കുന്നുന്നുണ്ട്. ഇവരെ അറിയുമോ? ഇവര്‍ അറിയാതെ ഒളി ക്യാമറ വച്ച് എടുത്തതാണ് എന്നു പറഞ്ഞ് ഏതോ ഒരു സ്ത്രീ വസ്ത്രം മാറുന്ന വിഡിയോയാണ് എന്റെ പേരിൽ പ്രചരിക്കുന്നത്. ഈ പോസ്റ്റിനടിയില്‍ എന്‍റെ ഫോട്ടോയും ചേര്‍ത്ത് തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ് ഇപ്പോള്‍ ആ വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

വൈഡ് ഷൂട്ട്‌ ആയത് കൊണ്ട് മുഖം വ്യക്തമാണ്. ഏതോ പാവം സ്ത്രീയാണ് വിഡിയോയില്‍ ഉള്ളത്. പക്ഷെ എന്നെ നേരിട്ട് കാണാത്ത ഒരാള്‍ക്ക് ഒരുപക്ഷേ സാമ്യം തോന്നാവുന്ന പോലെ എന്‍റെ അത്ര ഉയരവും രൂപ സാദൃശ്യവുമുള്ള ഒരാളാണ് വിഡിയോയിലുള്ളത്. ഗള്‍ഫില്‍ നിന്നാണ് വിഡിയോ ഷെയര്‍ ചെയ്തത് എന്ന് സംശയമുണ്ട്. അവിടെയുള്ള സുഹൃത്തുക്കള്‍ വിളിച്ച് പറഞ്ഞാണ് ഞാന്‍ വിവരം അറിയുന്നത്. പണ്ടൊരിക്കല്‍ ഇതുപോലെ ഞാന്‍ മരിച്ചു എന്ന് പറഞ്ഞ് വ്യാജ വാർത്ത പ്രചരിച്ചിരുന്നു.” – അനു ജോസഫ് പറയുന്നു.

“എസ് പി ഓഫീസില്‍ പരാതി കൊടുത്തിട്ടുണ്ട്. സൈബര്‍ സെല്ലിന് വിഡിയോ കൈമാറിയിട്ടുമുണ്ട്. ഇനി ഷെയര്‍ ചെയ്ത് പോകുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുന്ന വിധത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നാമത്തെ കാര്യം ഞാനെന്നല്ല, ഏത് സ്ത്രീയ്ക്ക് സംഭവിച്ചതായാലും സംഗതി കുറ്റകൃത്യം തന്നെയാണ്. ഒരാള്‍ അറിയാതെ അവരുടെ സ്വകാര്യ വിഡിയോ റെക്കോർഡ് ചെയ്യുകയും അത് പ്രചരിപ്പിയ്ക്കുകയും ചെയ്തു എന്നുള്ളതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമത് ഒരു ബന്ധവുമില്ലാത്ത എന്‍റെ ചിത്രം വച്ച് തെറ്റിദ്ധാരണ  ഉണ്ടാകുന്ന വിധത്തില്‍ ഇത് പ്രചരിപ്പിച്ചു എന്നതും. ഞാന്‍ വളരെ പബ്ലിക്ക് ആയ ഒരു ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ്‌. ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമായും എന്നെ മാനസികമായും തൊഴില്‍പരമായും ബാധിക്കും. എനിക്കെന്നല്ല ആര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. അതു കൊണ്ടാണ് ഈ വിശദീകരണവുമായി ഞാന്‍ തന്നെ രംഗത്തു വരുന്നത്.” – അനു കൂട്ടിച്ചേർത്തു.

നിങ്ങളുടേതെന്ന പേരിൽ മോർഫ് ചെയ്ത ചിത്രങ്ങളോ വ്യാജദൃശ്യങ്ങളോ പ്രചരിച്ചാൽ

∙ ഒരു വെള്ളപ്പേപ്പറിൽ പരാതി എഴുതിയോ ടൈപ്പ് ചെയ്തോ വനിതാ കമ്മീഷന് സമർപ്പിക്കാവുന്നതാണ്. പരാതിക്കാരിയുടെ പൂർണ്ണമായ മേൽവിലാസം പരാതിയിൽ ചേർത്തിരിക്കേണ്ടതാണ്.

∙ അടിയന്തിര സഹായത്തിന് വുമൺ ഹെൽപ് ലൈൻ ഉപയോഗിക്കാവുന്നതാണ്. വുമൺ ഹെൽപ് ലൈനിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ(https://kerala.gov.in/women-s-cell) ക്ലിക്കുചെയ്യുക.

 


∙ സ്വന്തം പേരിൽ മോർഫ് ചെയ്ത ചിത്രങ്ങളും വ്യാജദൃശ്യങ്ങളും പ്രചരിക്കപ്പെട്ടുവെന്ന് ഏറ്റവും ഒടുവിൽ അറിയുന്നത് ഇത്തരം സൈബർക്രൈമുകൾക്ക് ഇരകളാകുന്നവർ ആയിരിക്കും. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ശ്രദ്ധയിൽപ്പെട്ടാൽപ്പോലും ഇത്തരം സൈബർ ആക്രമണങ്ങൾക്കിരയായവർ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന ആശയക്കുഴപ്പത്താൽ അവർ പലപ്പോഴും ഇത്തരം കാര്യങ്ങൾ തുറന്നു പറയാൻ മടിക്കും.

ഓർക്കുക വിഡിയോ പ്രചരിപ്പിക്കുന്നതിനേക്കാൾ വലിയ തെറ്റാണ് അതിന് ഇരയായവരോട് ഇക്കാര്യം മറച്ചുവെയ്ക്കുന്നത്. കാരണം നിങ്ങളുടെ പരിചയക്കാരുടെയോ സുഹൃത്തുക്കളുടെയോ ദൃശ്യങ്ങൾ ഈ വിധം പ്രചരിപ്പിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കിയാൽ ആദ്യം തന്നെ അവരെ വിവരമറിയിക്കുക. എങ്കിൽ മാത്രമേ വിഡിയോ വീണ്ടും പ്രചരിപ്പിക്കപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനാവൂ.

∙ സൈബർ ക്രൈമിന് ഇരയായവർ എത്രയും വേഗം തന്നെ സൈബർസെല്ലിലോ പൊലീസിലോ വിവരമറിയിക്കുക. പരാതിപ്പെടാൻ വൈകുംതോറും ദൃശ്യങ്ങൾ പ്രചരിക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്നു മനസ്സിലാക്കുക.

∙ മാനസികമായി തകർന്നുപോകാതെ നിയമത്തിന്റെ വഴിയേ പോരാടാൻ മനസ്സൊരുക്കുക. സൈബർ ക്രൈമിന് ഇരയായവർ തളർന്നുപോകാതിരിക്കാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തുണ നൽകുക.

∙ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇത്തരം വിഡിയോകൾ സ്വീകരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതോടെ നിങ്ങളും ഒരു സൈബർ കുറ്റവാളിയായി മാറുകയാണെന്ന കാര്യം മറക്കാതിരിക്കുക.

Loading...