പരാതിയുമായി മറ്റൊരു കുടുംബം…ജോളി കൊലപാതകങ്ങള്‍ക്ക് ക്വട്ടേഷന്‍ എടുത്തിരുന്നോ ?

Loading...

കോഴിക്കോട്: കൂടത്തായി കേസിലെ പ്രധാനപ്രതി ജോളിയുടെ ക്രൂരതയെക്കുറിച്ചുള്ള നിരവധി വെളിപ്പെടുത്തലുകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. ജോളി പൊന്നാമറ്റം കുടുംബവുമായി ബന്ധമുള്ള മറ്റൊരു കുടുംബത്തിലെ ആള്‍ക്കാരെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച്‌ പൊന്നാമറ്റം കുടുംബത്തിലെ അടുത്ത ബന്ധുക്കളില്‍ ഒരാളും ഭാര്യയും മകനും അടക്കമുള്ളവര്‍ പൊലീസില്‍ പരാതി നല്‍കി.

ജോളി വീട്ടിലെത്തി പോയ ശേഷം കുടുംബത്തിലെ എല്ലാവരും ഛര്‍ദ്ദിച്ചുവെന്നാണ് പൊന്നാമറ്റം തറവാട്ടിലെ മറ്റൊരു കുടുംബം പരാതി നല്‍കിയിരിക്കുന്നത്. അന്ന് രക്ത പരിശോധനയില്‍ വിഷാംശം കണ്ടെത്തിയിരുന്നു. പൊലീസില്‍ അന്ന് പരാതി നല്‍കിയിരുന്നെങ്കിലും ജോളിയെ സംശയിച്ചിരുന്നില്ല. ഇപ്പോള്‍ മറ്റാര്‍ക്കോ വേണ്ടി ജോളി ക്വട്ടേഷന്‍ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് ഇതില്‍ അന്വേഷണം തുടങ്ങി.ഈ കുടുംബത്തിലുള്ളവര്‍ കൊല്ലപ്പെട്ടാല്‍ സ്വത്ത് ജോളിക്കല്ല ലഭിക്കുക അതുകൊണ്ട് തന്നെ ഇതൊരു ക്വട്ടേഷനാണോ എന്ന സംശയം ബലപ്പെടുന്നുണ്ട്.

ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ അച്ഛന്‍ ടോം തോമസിന്റെ ഏറ്റവും അടുത്ത ബന്ധു തന്നെയാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. ആദ്യം എല്ലാവര്‍ക്കും അവശത അനുഭവപ്പെട്ടപ്പോള്‍, ഭക്ഷ്യവിഷബാധയാണ് എന്നാണ് കരുതിയത്. പക്ഷേ, രക്തം പരിശോധിക്കാന്‍ നല്‍കിയപ്പോള്‍ ഇതില്‍ അസ്വാഭാവികത കണ്ടിരുന്നതാണ്. ഇതോടെ പൊലീസിന് പരാതി നല്‍കി. അന്ന് പൊലീസ് പരാതി പരിശോധിക്കാന്‍ എത്തിയിരുന്നെങ്കിലും, വിശദമായ അന്വേഷണം നടന്നില്ല.

ജോളി വന്ന് പോയ ശേഷം തന്നെയാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്നാണ് ഇവര്‍ എല്ലാവരും ഒരുപോലെ മൊഴി നല്‍കിയിരിക്കുന്നത്. അടുക്കളയില്‍ ജോളി വന്നിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഓരോരുത്തരായി ഛര്‍ദ്ദിക്കുകയായിരുന്നു. കറിയിലാണ് വിഷം കലര്‍ത്തിയതെന്നാണ് ഇപ്പോള്‍ കുടുംബാംഗങ്ങള്‍ സംശയിക്കുന്നത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Loading...