മെയ് മാസം ന്യൂയോര്‍ക്കില്‍ മലയാള പൈതൃക മാസമായി പ്രഖ്യാപിച്ചു; മാര്‍ത്തോമ സഭയ്ക്ക് ന്യൂയോര്‍ക്ക് സെനറ്റില്‍ ആദരം

Loading...

ആല്‍ബനി (ന്യൂയോര്‍ക്ക്): മെയ് 22 ബുധനാഴ്ച ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ മാത്രമല്ല, അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് ആല്‍ബനിയിലെ സെനറ്റ് ഹാളില്‍ അരങ്ങേറിയത്. ന്യൂയോര്‍ക്കിലെ ആദ്യത്തെ മലയാളി സെനറ്റര്‍ കെവിന്‍ തോമസ് രണ്ട് പ്രമേയങ്ങളാണ് അന്നേ ദിവസം സെനറ്റില്‍ അവതരിപ്പിച്ചത്.

ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ആദ്യമായി സെനറ്റ് ആരംഭിച്ചത് മലയാളത്തിലുള്ള പ്രാര്‍ത്ഥനയോടെയാണ്. മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പ മലയാളത്തിലും ഇംഗ്ലീഷിലും പ്രാര്‍ത്ഥന ചൊല്ലിയപ്പോള്‍ അത് മലയാളികള്‍ക്ക്
പ്രാര്‍ത്ഥനയോടനുബന്ധിച്ച് ബിഷപ്പ് നടത്തിയ പ്രസംഗം വളരെയേറെ ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു.

മാര്‍ത്തോമാ സഭയെ സെനറ്റ് ആദരിക്കുന്ന ഈ ധന്യമുഹൂര്‍ത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും, സഭയുടെ പേരില്‍ താന്‍ സെനറ്റിന് അഭിവാദ്യമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.മാര്‍ത്തോമാ ശ്ശീഹായുടെ പാരമ്പര്യത്തെക്കുറിച്ച് വിശദീകരിച്ച ബിഷപ്പ് അമേരിക്കയില്‍ സഭയുടെ പ്രാതിനിധ്യത്തെക്കുറിച്ചും, അമേരിക്കയുടെ സംസ്‌കാരവും മൂല്യങ്ങളും കാക്കുന്നതോടൊപ്പം സുവിശേഷം നല്‍കുന്ന മൂല്യങ്ങളും കാത്തുസൂക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും എടുത്തുപറഞ്ഞു. ബിഷപ്പിന്റെ പ്രസംഗം അവസാനിച്ചയുടനെ സെനറ്റ് ഹാള്‍ ഹര്‍ഷാരവത്തില്‍ മുങ്ങി. ഇരു ഗ്യാലറികളിലും മലയാളികളും ഇതര വംശജരും തിങ്ങിനിറഞ്ഞിരുന്നു.

സെനറ്റര്‍ കെവിന്‍ തോമസ് ആദ്യം അവതരിപ്പിച്ചത് മാര്‍ത്തോമാ സഭാരൂപീകരണത്തിന്‍റെ 183ാം വര്‍ഷത്തില്‍ സഭയെ ആദരിക്കുന്നത്തിനുള്ള പ്രമേയം (1515) ആയിരുന്നു. അപ്പസ്തൊലന്‍ തോമസ് ശ്ലീഹായുടെ പാരമ്പര്യത്തില്‍ തുടങ്ങിയ മാര്‍ത്തോമാ സഭയിലെ അംഗങ്ങള്‍ അമേരിക്കയിലും ആ പാരമ്പര്യം പിന്തുടരുന്നു.വടക്കേ അമേരിക്കയിലും യൂറോപ്പിലും മാര്‍ത്തോമ സഭാ വിശ്വാസികള്‍ ആത്മീയത കൈവെടിയാതെ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആ സഭയുടെ 183ാം വാര്‍ഷികം സമുചിതമായി ആചരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സെനറ്റര്‍ കെവിന്‍ തോമസ് തന്റെ പ്രമേയത്തില്‍ വിശദീകരിച്ചു.

എല്ലാ മതവിഭാഗങ്ങളേയും ആത്മീയ സ്ഥാപനങ്ങളേയും ഒരുപോലെ ആദരിക്കുന്ന പാരമ്പര്യം സ്റ്റേറ്റില്‍ നിക്ഷിപ്തമായിരിക്കുന്ന ഈ സാഹചര്യത്തില്‍ മാര്‍ത്തോമ സഭയേയും സെനറ്റ് ആദരിക്കുന്നത് ഉചിതമായിരിക്കുമെന്നും സെനറ്റര്‍ തുടര്‍ന്നു പറഞ്ഞു. അദ്ദേഹം അവതരിപ്പിച്ച പ്രമേയത്തെ യോങ്കേഴ്സില്‍ നിന്നുള്ള സെനറ്റര്‍ ഷെല്ലി മേയറും, റോക്ക്‌ലാന്റ് കൗണ്ടിയില്‍ നിന്നുള്ള സെനറ്റര്‍ ഡേവിഡ് കര്‍‌ലൂച്ചിയും പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കുകയും  പ്രമേയം സഭാദ്ധ്യക്ഷന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സെനറ്റ് ഒന്നടങ്കം മാര്‍ത്തോമാ സഭയ്ക്കും ക്രൈസ്തവ സമൂഹത്തിനും ആദരവ് അര്‍പ്പിക്കുകയും ചെയ്തു.

രണ്ടാമത്തേത് മെയ് മാസം മലയാള പൈതൃക മാസമായി പ്രഖ്യാപിക്കണമെന്ന പ്രമേയ (1518) മായിരുന്നു. അമേരിക്കയില്‍ കുടിയേറിയിട്ടുള്ള മലയാളികള്‍ വിവിധ മേഖലകളില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങളെക്കുറിച്ചും, അവര്‍ ഈ രാജ്യത്തിനും വിശിഷ്യാ ന്യൂയോര്‍ക്ക് സംസ്ഥാനത്തിനും ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ വിലപ്പെട്ട സേവനങ്ങളെക്കുറിച്ചും സെനറ്റര്‍ കെവിന്‍ തോമസ് തന്റെ പ്രമേയത്തിലൂടെ അവതരിപ്പിച്ചകേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും അദ്ദേഹം വളരെ വിശദമായി തന്റെ പ്രമേയത്തില്‍ പ്രസ്താവിച്ചു. കേരളത്തിന്‍റെ തനത് തൃശൂര്‍ പൂരം, വിഷു, ഓണം എന്നീ ആഘോഷങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ന്യൂയോര്‍ക്ക് സെനറ്റിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഗ്യാലറികളില്‍ തിങ്ങിനിറഞ്ഞ മലയാളികളുടെ സാന്നിധ്യം.

സെനറ്റര്‍ കെവിന്‍ തോമസിന്റെ പ്രമേയം അവതരിപ്പിച്ചയുടന്‍ മറ്റു സെനറ്റര്‍മാരായ അന്നാ കാപ്ളാന്‍, ഡേവിഡ് കാര്‍ലൂച്ചി,  ജോണ്‍ ലു, ജിം ഗാഗ്രന്‍ എന്നിവര്‍ അതിനെ പിന്താങ്ങുകയും മെയ് മാസം മലയാള പൈതൃക മാസമായി പ്രഖ്യാപിക്കാന്‍ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്വോമോയുടെ അംഗീകാരത്തിനു വേണ്ടി സമര്‍പ്പിക്കുകയും ചെയ്തു. സെനറ്റര്‍ കെവിന്‍ തോമസ് അവതരിപ്പിച്ച പ്രമേയങ്ങള്‍ മറ്റു സെനറ്റര്‍മാര്‍ കൗതുകത്തോടെയും അതിലേറെ താത്പര്യത്തോടെയുമാണ് ശ്രവിച്ചത്.

ചരിത്രത്തില്‍ നാഴികക്കല്ലായേക്കാവുന്ന ഈ ചടങ്ങ് വീക്ഷിക്കാനും, അതില്‍ പങ്കെടുക്കാനുമായി വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ സംഘടനാ നേതാക്കളും പ്രതിനിധികളും സെനറ്റര്‍ കെവിന്‍ തോംസിന് അഭിനന്ദനമര്‍പ്പിച്ചു. ന്യൂയോര്‍ക്ക് സെനറ്ററായി സത്യപ്രതിജ്ഞ ചെയ്ത് വെറും നാലു മാസങ്ങള്‍ക്കകം അദ്ദേഹം സമൂഹത്തിനുവേണ്ടി ചെയ്തുവരുന്ന നിരവധി സത്‌പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഖിക്കപ്പെടേണ്ടതാണ്.

ഏപ്രില്‍ മാസത്തില്‍ വടക്കേ ഇന്ത്യയിലെ ‘ഹോളി’ ആഘോഷം അംഗീകരിക്കപ്പെടുന്നതിനുള്ള പ്രമേയം അദ്ദേഹം സെനറ്റില്‍ അവതരിപ്പിച്ചിരുന്നു. അന്ന് ആല്‍ബനിയിലെ ഇന്ത്യന്‍ സമൂഹമായിരുന്നു സെനറ്റ് ഹാളിലെ അതിഥികള്‍. ഇപ്പോള്‍ മെയ് മാസം മലയാള പൈതൃക മാസമായി അംഗീകരിക്കാനുള്ള പ്രമേയവും അദ്ദേഹം തന്നെ കൊണ്ടുവന്നു. സ്വന്തം സമൂഹത്തെ ആദരിക്കാന്‍ അദ്ദേഹം കാട്ടിയ സന്മനസ്സിനെ എല്ലാവരും മുക്തകണ്ഠം പ്രശംസിച്ചു.

ഈ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ ന്യൂയോര്‍ക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളായ ന്യൂജേഴ്സി, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ നിന്നും നിരവധി മലയാളികള്‍ ആല്‍ബനിയിലെത്തിയിരുന്നു.
ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍, കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക നേതാക്കളും, മാധ്യമ പ്രവര്‍ത്തകരുമടക്കം നൂറില്‍‌പരം പേര്‍ ചടങ്ങിനെത്തി. മാര്‍ത്തോമാ സഭയ്ക്ക് വേണ്ടി ബിഷപ്പ് റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പയും, മലയാളി സമൂഹത്തിനു വേണ്ടി കെ.സി.എ.എന്‍.എ പ്രസിഡന്റ് അജിത് കൊച്ചുകുടിയില്‍ എബ്രഹാമും സെനറ്റര്‍ കെവിന്‍ തോമസില്‍ നിന്ന് സെനറ്റില്‍ അവതരിപ്പിച്ച പ്രമേയങ്ങളുടെ ഫ്രെയിം ചെയ്ത  ഔദ്യോഗിക പകര്‍പ്പ് ഏറ്റുവാങ്ങി.

സെനറ്റര്‍ കെവിന്‍ തോമസ് അംഗമായ ലോംഗ് ഐലന്റ് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. മാത്യു വര്‍ഗീസ്, ബിഷപ്പ് റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പയുടെ സെക്രട്ടറി റവ. മനോജ് ഇടിക്കുള, ഭദ്രാസന മാനേജര്‍ റവ. ഫിലിപ്പോസ് വര്‍ഗീസ്, റോക്ക്‌ലാന്റ് കൗണ്ടിയില്‍ നിന്ന് റവ. സന്തോഷ് ജോസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക്, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, നായര്‍ ബെനവലന്റ് അസ്സോസിയേഷന്‍, മലയാളി ഹിന്ദു മണ്ഡലം (മഹിമ), കലാവേദി ഇന്‍റര്‍നാഷണല്‍, കേരളാ സെന്‍റര്‍, ഇന്‍ഡോ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റ്,  വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, കേരള സമാജം ഓഫ് ന്യൂജേഴ്സി, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്, ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസി‌എന്‍‌എ), ജസ്റ്റിസ് ഫോര്‍ ഓള്‍, Enhanced  Community through Harmonious Outreach (ECHO), ന്യൂയോര്‍ക്ക് സൗത്ത് ഏഷ്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ്, ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്‍ ആല്‍ബനി, കേരളാ അസോസിയേഷന്‍ ഓഫ് സഫോക്ക് കൗണ്ടി, യുണെറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ആല്‍ബനി, സെന്‍റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് ന്യൂയോര്‍ക്ക്, സെന്‍റ് പീറ്റേഴ്സ് ആന്റ് സെന്‍റ് പോള്‍സ് ചര്‍ച്ച് മാസ്‌പെക്വ ന്യൂയോര്‍ക്ക് പ്രതിനിധികളെക്കൂടാതെ റോക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, മലയാളി ബിസിനസ് സംരംഭകരായ കോലത്ത് ഹോട്ടല്‍സ് ഗ്രൂപ്പ്, ടോമാര്‍ കണ്‍സ്ട്രക്ഷന്‍സ്, മഹാരാജാ ഫുഡ്സ്, ശാന്തിഗ്രാം വെല്‍നെസ് സെന്റര്‍ പ്രതിനിധികളും പങ്കെടുത്തു.  ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍, ഇ-മലയാളി, മലയാളം ഡെയിലി ന്യൂസ്, കലാവേദി ഓണ്‍ലെന്‍ എന്നീ മാധ്യമങ്ങള്‍ ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയിരുന്നു.

സെനറ്റിലെ ചടങ്ങിന് ശേഷം സെനറ്റര്‍ കെവിന്‍ തോമസ് ഒരുക്കിയ ഉച്ചഭക്ഷണത്തിനുശേഷം ക്യാപ്പിറ്റോള്‍ ടൂറും ഉണ്ടായിരുന്നു.

ന്യൂയോര്‍ക്ക് മാസപീക്വാ സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ചര്‍ച്ച് സെക്രട്ടറി, കേരളാ കള്‍ച്ചറല്‍  അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്‍റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുന്ന അജിത് കൊച്ചുകുടിയില്‍ എബ്രഹാം ആണ് പരിപാടി വിജയകരമായി ഏകോപിപ്പിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം