കൃഷ്ണനെ അനീഷ് വകവരുത്തിയത് മാന്ത്രികശക്തി അപഹരിക്കാന്‍; കമ്പകക്കാനം കൂട്ടക്കൊല നടത്തിയത് രണ്ട് പേര്‍ ചേര്‍ന്നെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി; ഒരാള്‍ അറസ്റ്റില്‍

വെബ് ഡെസ്ക്

Loading...

തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊല നടത്തിയത്  കൃഷ്ണന്റെ സന്തത സഹചാരിയും ശിഷ്യനുമായ അനീഷും ഇയാളുടെ സഹായി കീരിക്കോട് സ്വദേശി ലിബീഷും ചേർന്നാണെന്ന് പൊലീസ് . ലിബീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാൽ അനീഷിനെ അറസ്റ്റ് ചെയ്യാനുണ്ട്. വീട്ടിൽ നിന്നും കൃഷ്ണന്റെയും മകളുടെയും ശരീരത്തിൽ നിന്നും മോഷണം പോയ 40 പവന്റെ ആഭരണങ്ങളും കണ്ടെടുത്തതായി ഇടുക്കി എസ്.പി കെ.ബി.വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജൂലൈ 29നാണ് കൊലപാതകം നടന്നത്. കൃഷ്ണനെ അനീഷ് വകവരുത്തിയത് മാന്ത്രികശക്തി അപഹരിക്കാന്‍ വേണ്ടിയാണെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ഉഗ്രമന്ത്രവാദിയായ കൃഷ്ണൻ കൊലപ്പെട്ടാൽ ഇയാളുടെ മാന്ത്രികശക്തിയെല്ലാം തനിക്ക് ലഭിക്കുമെന്ന അനീഷിന്റെ അന്ധവിശ്വാസമാണ് കൊലയിലേക്ക് നയിച്ചത്. മുൻനിശ്ചയിച്ച പ്രകാരം കൃത്യം നടത്തുന്നതിനായി കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് അനീഷും ഇയാളുടെ സഹായിയും കൃഷ്ണന്റെ വീട്ടിലെത്തിയത്. അനീഷ് ആട്ടിൻകൂട്ടിൽ കയറി ആടിനെ ആക്രമിച്ചതോടെ ആടുകൾ വാവിട്ട് കരഞ്ഞു. ഇതുകേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ ബൈക്കിന്റെ ഷോക്ക് അബ്സോർബറിന്റെ പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ചുവീഴ്‌ത്തുകയായിരുന്നു. കൃഷ്ണൻ മരിച്ചുവെന്നു കരുതി വീട്ടിനുള്ളിൽ കയറിയ അനീഷ് ഉറങ്ങിക്കിടന്ന ഭാര്യ സുശീലയുടെ (50) തലയിലും അടിച്ചു. ഇതിനിടയിൽ ശബ്ദം കേട്ട് ആർഷ (21) ഉണർന്നു. ഇതോടെ അനീഷുമായി ആർഷ ഏറ്റുമുട്ടി. ആർഷയുടെ ചെറുത്തുനില്പിനിടയിൽ അനീഷിന്റെ കൈയ്ക്കും പരിക്കുപറ്റി. ഇതിനിടെ ആർഷയെ കീഴ്‌പ്പെടുത്തിയ അനീഷ് പൈപ്പ് കൊണ്ട് തലയ്ക്ക്ടിച്ചു. പിന്നീടാണ് അർജുനെ (18)​ അടിച്ചുകൊന്നത്. എല്ലാവരുടേയും മരണം ഉറപ്പാക്കിയശേഷം ഇരുവരും അവിടെ നിന്ന് ബൈക്കിൽ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ അങ്ങനെ കിടന്നാൽ പിടിക്കപ്പെടുമെന്ന് തോന്നിയതോടെ മൃതദേഹങ്ങൾ കുഴിച്ചുമൂടുവാൻ ഇവർ പിന്നീട് തീരുമാനിക്കുകയായിരുന്നു. വീട്ടിലേക്ക് അയൽവാസികൾ ആരും എത്തില്ലായെന്ന് അറിയാമായിരുന്ന അനീഷും കൂട്ടുകാരനും തിങ്കളാഴ്ച രാത്രിയിൽ വീണ്ടും കൃഷ്ണന്റെ വീട്ടിലെത്തി. മൃതദേഹങ്ങൾ പരിശോധിക്കവേ കൃഷ്ണനും മകൻ ആർജുനും ജീവന്റെ തുടിപ്പുണ്ടായിരുന്നു. വീണ്ടും കത്തിയെടുത്ത് കുത്തി ഇവരുടെ മരണം ഉറപ്പാക്കിയശേഷം ഇരുവരും ചേർന്ന് ആട്ടിൻതൊഴുത്തിനോട് ചേർന്ന് കുഴിയെടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് ജഡങ്ങൾ വലിച്ചിഴച്ചുകൊണ്ടുപോയി കുഴിയിലിട്ട് മൂടുകയായിരുന്നു.

ആറ് മാസം മുമ്പേ നടന്ന ഗൂഢാലോചനയാണ് ഇത്. അനീഷും ലിബീഷും 15 വര്‍ഷമായി സുഹൃത്തുക്കളാണ്. കൃഷ്ണന്റെ പണം കൈവശപ്പെടുത്താനും അനീഷിന് ലക്ഷ്യമുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം വീട് മുഴുവന്‍ കഴുകി വൃത്തിയാക്കുകയും ചെയ്തു..

ആദിവാസി മേഖലയില്‍പെട്ടയാളാണ് പിടിയിലായ അനീഷ്. ബൈക്കുകള്‍ റിപ്പയര്‍ ചെയ്യലാണ് ഇയാളുടെ തൊഴില്‍. കൂട്ടക്കൊലയിലെ പ്രതികളെ കണ്ടെത്തുന്നതിനായി മലപ്പുറത്തുനിന്ന് എത്തിച്ച സ്‌പെക്ട്ര സംവിധാനം ഉപയോഗിച്ചുള്ള ഫോണ്‍ കോളുകളുടെ പരിശോധനയിലാണു മുഖ്യപ്രതി കുടുങ്ങിയത്.

തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ കൊന്നു വീടിനോടു ചേര്‍ന്ന ചാണകക്കുഴിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണു കണ്ടെത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം