ഇന്ത്യയും ചൈനയും തമ്മിലുള്ള അനൗപചാരിക ഉച്ചകോടി ഇന്ന്

Loading...

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള രണ്ടാം അനൗപചാരിക ഉച്ചകോടി ചെന്നൈക്കടുത്ത് മഹാബലിപുരത്ത് ഇന്ന് തുടങ്ങും. കശ്മീര്‍വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. വിവാദവിഷയങ്ങള്‍ മാറ്റിവെച്ച്‌ മറ്റുകാര്യങ്ങളായിരിക്കും ഇരുവരും ചര്‍ച്ച ചെയ്യുകയെന്നാണു കരുതുന്നത്.

ഇന്ത്യയും ചൈനയുമുള്‍പ്പെടെ 15 രാജ്യങ്ങള്‍ പങ്കാളികളായ സ്വതന്ത്രവ്യാപാരക്കരാര്‍ ആര്‍.സി.ഇ.പി. യെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ച തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ തുടങ്ങിയിരിക്കേയാണ് മോദി-ഷി കൂടിക്കാഴ്ച.

വെള്ളിയാഴ്ചയും ശനിയാഴ്ചയും നടക്കുന്ന ചര്‍ച്ചകളില്‍ സ്വതന്ത്രവ്യാപാരക്കരാര്‍ പ്രധാന അജന്‍ഡയാകും. ചൈനീസ് ഉത്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂട്ടാനിടയാക്കുന്ന ആര്‍.സി.ഇ.പി. കരാര്‍ ആഭ്യന്തര ഉത്പാദനത്തെയും വ്യവസായത്തെയും തകര്‍ക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കരാറില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ത്യ ആവശ്യപ്പെട്ടേക്കും.

ഇന്ത്യയിലേക്ക് കൂടുതല്‍ ചൈനീസ് നിക്ഷേപം ക്ഷണിക്കാനും സാധ്യതയുണ്ട്. ജൂണിലെ കണക്കനുസരിച്ച്‌ 226 കോടി ഡോളറാണ് ഇന്ത്യയില്‍ ചൈനയുടെ നിക്ഷേപം. ഇതു വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച നടക്കും. ചൈനയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് കമ്പോളം വേണമെന്നത് ഇന്ത്യയുടെ ആവശ്യമാണ്.

ഇന്ത്യയും ചൈനയുമുള്‍പ്പെടുന്ന മേഖലയുടെ സമാധാനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍  ജമ്മുകശ്മീരിലെ ഇന്ത്യയുടെ നടപടിയെക്കുറിച്ച്‌ ചൈന പരാമര്‍ശിക്കുകയാണെങ്കില്‍ ഇക്കാര്യത്തിലുള്ള രാജ്യത്തിന്റെ പ്രഖ്യാപിത നിലപാട് മോദി ആവര്‍ത്തിക്കും.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും രാജ്യത്തിന്റെ ആഭ്യന്തരവിഷയത്തില്‍ മറ്റൊരുരാജ്യം അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കും. ലഡാക്കിനു കേന്ദ്രഭരണപ്രദേശ പദവി നല്‍കുന്നതില്‍ ചൈന എതിര്‍പ്പറിയിച്ചാലും ഇതായിരിക്കും ഇന്ത്യയുടെ നിലപാട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം