തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംജി സര്‍വകലാശാലയില്‍ നടന്ന അദാലത്തിന്റെ പേരില്‍ മന്ത്രി ജലീലില്‍ ഇടപെട്ട് മാര്‍ക്കില്‍ ക്രമക്കേട് നടത്തിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

എംജി സര്‍വകലാശാലയില്‍ ബിടെക്കിന് അഞ്ചുമാര്‍ക്ക് മോഡറേഷന് നല്കിയ നടപടി വന്‍ക്രമക്കേടാണ്. അദാലത്തില്‍ മന്ത്രിയുടെ സ്റ്റാഫംഗം പങ്കെടുത്തു. ഒരു മാര്‍ക്ക് ചോദിച്ച കുട്ടിക്ക് അഞ്ച് മാര്‍ക്ക് വരെ നല്കാന് തീരുമാനിച്ചുവെന്നും പൂ ചോദിച്ചപ്പോള്‍ പൂന്തോട്ടം നല്‍കിയെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങളില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നും മന്ത്രി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടു പ്രാവശ്യം മൂല്യ നിര്‍ണയം നടത്തിയിട്ടും ജയിക്കാതിരുന്ന ബിടെക് വിദ്യാര്‍ഥിയുടെ പേപ്പറിനാണ് മന്ത്രി ഇടപെട്ട് അധിക മാര്‍ക്ക് നല്‍കിയത്. മാനുഷിക പരിഗണനവച്ചാണ് താന്‍ മാര്‍ക്ക് കൂട്ടി നല്‍കിയെന്നാണ് മന്ത്രിയുടെ വിശദീകരണം. ഇത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
എംജി സര്‍വകലാശാലയിലെ പരീക്ഷ അദാലത്തിലും മന്ത്രിയും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ ഇടപെടല്‍ എന്തിനായിരുന്നെന്ന് അന്വേഷിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.