കോഴിക്കോട് ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി, 22 പ്രവാസികള്‍ വീടുകളിലേക്ക് മടങ്ങി

Loading...

കോഴിക്കോട് :  14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കി 22 പ്രവാസികള്‍ വീടുകളിലേക്ക് മടങ്ങി. ചാത്തമംഗലം എന്‍.ഐ.ടി ക്യാമ്പസ് മാനേജ്‌മെന്റ് സ്റ്റഡീസ് ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 22 പേരാണ് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വീടുകളിലേക്ക് മടങ്ങിയത്.

മെയ് 7ന് രാത്രി കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ആദ്യ വിമാനത്തിലെ 26 പ്രവാസികളെ എട്ടാം തിയതി പുലര്‍ച്ചെയാണ് നിരീക്ഷണത്തിലേക്ക് മാറ്റിയത്. ഇതില്‍പ്പെട്ട 22 പേരാണ് വീടുകളിലേക്ക് മടങ്ങിയത്.

കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരെ കൊണ്ടു പോകാന്‍ എത്തുന്നവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ അധികൃതര്‍ നല്‍കിയിരുന്നു. സ്വകാര്യ വാഹനത്തില്‍ ഡ്രൈവര്‍ മാത്രം വരികയും എന്‍ 95 മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ കരുതണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

രാവിലെ എത്തിയ വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും വാഹനത്തിന്റെയും കൊണ്ടു പോകേണ്ട പ്രവാസിയുടെ വിവരങ്ങളും ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും രജിസ്റ്ററില്‍ രേഖപ്പെടുത്തി. തുടര്‍ന്ന് ഒന്നു മുതല്‍ 22 വരെ നമ്പര്‍ നല്‍കി ക്രമത്തിലാണ് പ്രവാസികളെ സെന്ററില്‍ നിന്ന് യാത്രയാക്കിയത്. ഒരു വാഹനം നീങ്ങികഴിഞ്ഞതിന് ശേഷം ശേഷമാണ് മറ്റൊരാളെ പുറത്തിറക്കിയത്.

വീടുകളിലേക്ക് മടങ്ങുന്നവര്‍ 14 ദിവസം വീട്ടില്‍ നിരീക്ഷണത്തിലായിരിക്കും. വീട്ടിലെ 14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം അടുത്തുള്ള പി.എച്ച്.സിയുമായി ബന്ധപ്പെട്ടാല്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതിന്റ സര്‍ട്ടിഫിക്കറ്റ് നല്‍കും.

വീടുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഫോണ്‍ വഴി വീട്ടുകാരെ വിളിച്ച് അറിയിച്ചതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കൂടാതെ പ്രവാസികള്‍ എത്തുന്ന വിവരം അതാത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്്‌പെക്ടര്‍ എന്നിവരെ അറിയിച്ചിട്ടുണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വീടുകളിലും നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്നതിനാല്‍ കൊവിഡ് കെയര്‍ സെന്ററില്‍ കഴിഞ്ഞപ്പോള്‍ ഉപയോഗിച്ചിരുന്ന ബക്കറ്റ്, മഗ് തുടങ്ങിയ സാധനങ്ങള്‍ വീടുകളിലേക്ക് മടങ്ങിയ പ്രവാസികള്‍ക്ക് നല്‍കി. ഇവര്‍ ഉപയോഗിച്ച ബെഡ് മാറ്റിയിടും. പ്രവാസികള്‍ മടങ്ങി 24 മണിക്കൂറിന് ശേഷം ഫയര്‍ ഫോഴ്‌സിനെ ഉപയോഗിച്ച്  ഇവര്‍ കഴിഞ്ഞിരുന്ന മുറികളും മറ്റ് സ്ഥലങ്ങളും അണുവിമുക്തമാക്കും.

നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനുള്ള സൗകര്യം സെന്ററില്‍ ഏര്‍പ്പെടുത്തിയിരുന്നു. ബിഎസ്എന്‍എല്‍ സിം കാര്‍ഡ് നല്‍കി. റമദാന്‍ നോമ്പെടുക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കി. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ക്ക് ഇവ എത്തിച്ചു നല്‍കി.

കൂടാതെ 24 മണിക്കൂറും ഡോക്ടറുടെയും നഴ്‌സിന്റെയും സേവനവും ലഭ്യമായിരുന്നു. സെന്ററിനുള്ളില്‍ 6 വളണ്ടിയര്‍മാരാണ് സേവനമനുഷ്ഠിച്ചത്. കൂടാതെ പുറത്ത് ആരോഗ്യ പ്രവര്‍ത്തകരും 30-ലധികം വളണ്ടിയര്‍മാര്‍ വിവിധ ദിവസങ്ങളിലായി സെന്ററിന്റെ സുഗമമായ നടത്തിപ്പിനായി പ്രയത്‌നിച്ചു.

ചാത്തമംഗലം പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ പി എസ് സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി വി സുരേന്ദ്രന്‍, ക്യാമ്പ് ചാര്‍ജ് ഓഫീസര്‍ കെ സി ഹാഷിദ്്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി എസ് ഹൃത്വിക്, എന്‍ പി അഭിമന്യു, വി വി കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പ്രവാസികളെ യാത്രയാക്കുന്നതിനുള്ള നടപടികള്‍ നിയന്ത്രിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം