പാലക്കാട്:ആദിവാസി യുവാവിന് ചികിത്സ നിഷേധിച്ചിട്ടില്ല അട്ടപ്പാടി എജുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കോര്‍ഡിനേറ്ററും പ്രദേശവാസിയുമായ നിഖില്‍ പറയുന്നു.
ഇന്നലെ ആണ് സോറിയോസിസ് എന്ന ത്വക്ക് രോഗം ബാധിച്ച പുതൂര്‍ പഞ്ചായത്തിലെ കിണത്തുക്കര ഊരിലെ മുരുകനെ(42)ആണ് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ചികിത്സക്കായി എസ് ടി പ്രമോട്ടര്‍ എത്തിച്ചത് .
എന്നാല്‍,ത്വക്ക് രോഗ വിദഗ്ദന് പരിശോധിച്ച് ചികിത്സ നിര്‍ദേശിക്കുന്നതാണ് ഉചിതം എന്നു ഡോക്ടര്‍ പറഞ്ഞിരുന്നു എന്നാല്‍,ഈ വിഷയത്തെ മാധ്യമങ്ങള്‍ നീതി നിഷേധമായി ചിത്രീകരിക്കുകയായിരുന്നെന്നും ഇതില്‍ സത്യാവസ്ഥ ഇല്ലെന്നും നിഖില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം …..
അട്ടപ്പാടിയില്‍ ആദിവാസി യുവാവിന് ചികിത്സ നിഷേധിച്ചു എന്ന തരത്തില്‍ വ്യാപകമായ കുപ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയകളിലും അതേറ്റെടുത്തുകൊണ്ട് പത്രമാധ്യമങ്ങളിലും കാണുന്നത്. സംഭവത്തിലെ യാഥാര്‍ത്ഥ്യം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിയും വായന തുടരാം. മറിച്ച്, നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തേയും അതിലെ ജീവനക്കാരേയും കരിവാരി തേക്കുക എന്നത് മാത്രമാണ് ലക്ഷ്യമെങ്കില്‍ വായന ഇവിടെ വെച്ച് നിര്‍ത്തണം. കാരണം, നിങ്ങളീ സത്യം മുഴുവന്‍ വായിച്ചു കഴിഞ്ഞാലും നിങ്ങളുടെ മുന്‍വിധികളും വൈരാഗ്യവും അത് അംഗീകരിക്കാന്‍ സാധ്യതയില്ല.
രോഗിയോടും ഡോക്ടറോടും സംസാരിച്ച് രണ്ടു വശങ്ങളും കേട്ടറിഞ്ഞ ശേഷമാണ് ഇത്തരമൊരു പ്രതികരണത്തിന് തയ്യാറാകുന്നത്.
സംഭവം നടന്നത് ഇങ്ങിനെയാണ്:
20.03.2018 ചൊവ്വാഴ്ച്ച സോറിയോസിസ് എന്ന ത്വക്ക് രോഗം ബാധിച്ച പുതൂര്‍ പഞ്ചായത്തിലെ കിണത്തുക്കര ഊരിലെ മുരുകനെ(42) ചികിത്സക്കായി ST പ്രമോട്ടര്‍ വെള്ളി കൊണ്ടുവരികയായിരുന്നു. രോഗാവസ്ഥ മൂര്ച്ചിച്ചതിനാലും (ചിത്രങ്ങള്‍ പരിശോധിക്കുക) ഏതെങ്കിലും ഒരു ഡോക്ടര്‍ ഏതെങ്കിലും ഒരു ഇന്ജക്ഷന് കൊടുത്ത് പറഞ്ഞയക്കുന്നത് ശരിയല്ല എന്നതു കൊണ്ടും അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയാണ് ഡോക്ടര്‍ ചെയ്തത്. ഈ രോഗിയെ ത്വക്ക്രോഗ വിദഗ്ദന് പരിശോധിച്ച് ചികിത്സ നല്‍കുന്നതാണ് ഉചിതം എന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ രോഗിക്കോ പ്രമോട്ടര്‍ക്കോ അതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. ത്വക്ക് രോഗ വിദഗ്ദന്റെ ചികിത്സക്കായി പാലക്കാട്ടേക്ക് പോകുകയേ വഴിയുള്ളൂ. അതിന് ഇവിടെ അഡ്മിറ്റാക്കിയ ശേഷം റഫറന്‍സ് വാഹനം പോകുമ്പോള്‍ അതിനൊപ്പം പോകാം എന്ന നിര്‍ദ്ദേശം ഡോക്ടര്‍ നല്കിയപ്പോള് മകളുടെ രോഗാവസ്ഥ മൂലം അതിനു സാധിക്കുകയില്ല എന്ന് രോഗി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് രോഗിയെ റഫര്‍ ചെയ്യുന്നത്. അതാകുമ്പൊ രോഗിയുടെ സൗകര്യാര്‍ത്ഥം പോയി വരാമല്ലോ… ഇതേ ആശുപത്രിയില്‍ മുമ്പ് ചികിത്സ തേടിയ വ്യക്തിയുമാണ് ഇദ്ദേഹം. പാലക്കാട്ടേക്ക് പോയി സൗകര്യാര്‍ത്ഥം ചികിത്സ ഉറപ്പാക്കണം എന്ന വസ്തുത ഡോക്ടര്‍ പറഞ്ഞപ്പോള്‍ എങ്കില്‍ ഡോക്ടര്‍ അട്ടപ്പാടിയില്‍ വന്ന് ചികിത്സിക്കട്ടെ എന്നായി പ്രമോട്ടറുടെ നിലപാട്. രോഗി ഈ സമയങ്ങളില്‍ മൗനം പൂണ്ട് മാറി നില്‍ക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ഇവിടെ വന്ന് ചികിത്സിക്കുന്നത് പ്രായോഗികമല്ല എന്നു ഡോക്ടര്‍ മറുപടി നല്കിയപ്പോള്, അത് ഡോക്ടറുടെ ധാര്‍ഷ്ഠ്യമായി.
വിദഗ്ദ ചികിത്സക്കായി നിര്‍ദ്ദേശിച്ച ഡോക്ടര്‍ അങ്ങിനെ ചികിത്സ നിഷേധിച്ച ഡോക്ടറായി മാറി.
ഇനി ഇതിലെ രാഷ്ട്രീയ മുതലെടുപ്പുകളിലേക്ക് കൂടി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. മധുവിന്റെ മരണം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ശക്തമായ ആദിവാസി സമരം കൊണ്ടുമാത്രമാണ്. മധുവിന്റെ മരണത്തോടെ രൂപപ്പെട്ട ആദിവാസി ഐക്യത്തെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സമരപന്തിയില് വെച്ച് തന്നെ പുതിയ സംഘടന രൂപപ്പെടുകയും അതിന് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ എന്ന് പേരിടുകയും ചെയ്തു. വളരെ സന്തോഷത്തോടെയാണ് ഈ സംഘടനയെ അട്ടപ്പാടിയിലെ പൊതുജനങ്ങള്‍ വരവേറ്റത്. സംഘടനയുടെ നേതൃനിരയിലേക്ക് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ചേക്കേറിയതോടെ ഈ സംഘടനക്കൊരു വര്‍ഗ്ഗീയ മുഖം രൂപപ്പെട്ടു. കുടിയേറ്റക്കാര്‍ മുഴുവനും ആദിവാസികളുടെ ശത്രുക്കളാണെന്ന് അവര്‍ പറഞ്ഞു പരത്തി. അട്ടപ്പാടിയില്‍ കുടിയേറ്റക്കാരും ആദിവാസികളും തമ്മിലുള്ള ഭിന്നിപ്പ് രൂക്ഷമാക്കി സാധിക്കുമെങ്കില്‍ ഒരു വര്‍ഗ്ഗീയ കലാപം സൃഷ്ടിച്ചെടുക്കുകയും അതുവഴി അട്ടപ്പാടിയെ ഒരു കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയുമാണ് ലക്ഷ്യം.
ആദിവാസികളുടെ പിന്തുണ നേടാന്‍ അവരിലൊരാളായി നിന്നുകൊണ്ട് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നേടിക്കൊടുക്കുന്ന രക്ഷകരായി ഇത്തരം സംഘടനകള്‍ക്ക് മാറിയേ പറ്റൂ… ആദ്യം ഈ രോഗബാധിതന്റെ ഹൃദ്രോഗിയായ മകളുടെ ചികിത്സാ ചിലവിലേക്കെന്നും പറഞ്ഞ് ഇവര്‍ പണപ്പിരിവിലേക്ക് കടന്നു.പ്രിമിറ്റീവ് ട്രൈബ് ആയതിനാല്‍ ചികിത്സാ സഹായം മുഴുവനും ഗവണ്മെന്റ് നല്‍കും എന്നിരിക്കേ ഇത്തരമൊരു പിരിവില്‍ തട്ടിപ്പുണ്ടെന്ന് ചൂണ്ടിക്കാണിച്ചതോടെ ആ പദ്ധതി പൊളിഞ്ഞു. അടുത്ത പ്രശ്നം സൃഷ്ടിച്ചെടുത്താലേ രക്ഷക വേഷം ലഭിക്കൂ എന്ന് നന്നായറിയാവുന്നവര്‍ ഇന്ന് ‘ചികിത്സാ നിഷേധത്തിനെതിരെ ആശുപത്രിയിലേക്കക് വമ്പിച്ച മാര്‍ച്ച് നടത്തുകയാണ്.
ജീവനക്കാരില്‍ ഭൂരിഭാഗം പേരും ആദിവാസികളായ, ആദിവാസി യുവാക്കളുടെ തൊഴിലില്ലായ്മക്ക് ഒരു പരിധി വരെ പരിഹാരമാകുന്ന ഒരു സ്ഥാപനത്തിലേക്ക് ഇവര്‍ നടത്തുന്ന പ്രതിഷേധമാര്‍ച്ച് ആദിവാസി ഉന്നമനത്തിനു തന്നെയാണോ എന്നൊന്ന് ഇരുന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ…
വര്‍ഷങ്ങളായി ഈ ആശുപത്രിയില്‍ ത്വക്ക് രോഗ വിദഗ്ദന്, നേത്രരോഗ വിദഗ്ദന്, ദന്തരോഗ വിദഗ്ദന് എന്നിവരെ അടിയന്തരമായി നിയമിക്കണം എന്നാവശ്യപ്പെട്ടുക്കൊണ്ട് ഈ നാട്ടിലെ ജനങ്ങളും കോട്ടത്തറ ആശുപത്രി അധികൃതരും മന്ത്രിമാര്‍ക്കും ഭരണാധികാരികള്‍ക്കും ജില്ലാ അധികാരികള്‍ക്കും നല്കിയ അപേക്ഷകള്‍ക്ക് എണ്ണമില്ല.
പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കേണ്ടത് ഇത്തരം ഭരണാധികാരികള്‍ക്ക് എതിരെയാണ്. അല്ലാതെ, ആശുപത്രിക്കെതിരെയല്ല. അതിനു ചങ്കൂറ്റമുള്ള ആക്ഷന്‍ കൗണ്‍സിലിനൊപ്പം ഈ നാട്ടിലെ ജനങ്ങളും ഉണ്ടാകും.
നല്ല രീതിക്ക് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തെ രാഷ്ട്രീയ മുതലെടുപ്പിനായി തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെയും ഈ നാട്ടിലെ ജനങ്ങള്‍ സംഘടിക്കും.
Spread the love
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക