തന്‍റെ സര്‍ഗ ശേഷി നിലനിര്‍ത്തുന്നത് ചക്ക വെള്ളം; പുതിയ വെളിപ്പെടുത്തലുമായി നടന്‍ ശ്രീനിവാസന്‍

web- desk

 

 ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായതോടെ ചക്കയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയ യിലും മറ്റും കൊഴുക്കുകയാണ് .നടനും ,തിരക്കഥ കൃത്തും അയ ശ്രീനിവാസെന്റെ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ  വിഷ്ണുമംഗലം കുമാര്‍ ഫേസ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റിലാണ് ചക്കയും ,ശ്രീനിവാസനും ഒക്കെ ചേര്‍ന്ന രസകരമായ അനുഭവം പങ്കുവെക്കുന്നത്.
  ചക്കയാണ് തന്‍റെ സര്‍ഗശേഷി   നിലനിര്‍ത്തുന്നത്  എന്നും  തിരക്കഥ എഴുതുമ്പോള്‍ താന്‍ രണ്ട് ഗ്ലാസ്‌ ചക്ക വെള്ളം കുടിക്കാറുണ്ട് എന്നും ശ്രീനിവാസന്‍ പറഞ്ഞതായി പോസ്റ്റില്‍ പറയുന്നു.
വിഷ്ണുമംഗലം കുമാറിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വായിക്കാം..
ചക്കവെള്ളത്തിന്റെ ഔഷധമൂല്യം; ശ്രീനിവാസന്റെ അപൂർവ്വ കണ്ടുപിടുത്തം !)കുമ്പാരഹള്ളി തോട്ടത്തിലെ പ്ലാവിൽ നിറയെ ചക്കയുണ്ടായിരുന്നു .”ബാംഗ്ലൂരിലെ ചക്ക ഞാനിതുവരെ തിന്നിട്ടില്ല .ഇന്നു വൈകീട്ട്‌ നമുക്ക് ചക്കപ്പുഴുക്കാവാം “പ്ലാവിലേക്ക് നോക്കി ശ്രീനിവാസൻ പറഞ്ഞു .ഏണി വെച്ച് പ്ലാവിൽ കയറി മൂപ്പെത്തിയ ഒരു ചക്ക ശ്രീനി തന്നെ പറിച്ചിടുകയും ചെയ്തു .ഉച്ചഭക്ഷണം കഴിച്ച്‌ ശ്രീനി മുറിയിൽ കയറി ഉറങ്ങാൻ കിടന്നു .തലേന്നത്തെ ക്ഷീണമകറ്റാൻ അല്പം നീണ്ട ഉച്ചയുറക്കം .വൈകുന്നേരമായിട്ടും ശ്രീനി ഉണർന്നില്ല .സഹായികൾ ചക്കയിലേക്ക് തിരിഞ്ഞു .അവർ ആദ്യമായാണ് പച്ചച്ചക്ക കൈകാര്യം ചെയ്യുന്നത്‌ .സർഗ്ഗശേഷിയില്ലാത്ത സഹ സംവിധായകരെപോലെ അവർ കുഴങ്ങി .ചക്ക രണ്ടായി മുറിച്ച് ചെറിയ ചെത്തുകളാക്കി .തറയിൽ കടലാസ് വിരിച്ച് ചക്കച്ചെത്ത് മടലുനീക്കി അതിൽ അരിഞ്ഞിട്ടു. കുരു തോടുനീക്കി നാലായി മുറിച്ചിട്ടു .മണ്ണും ചെളിയും പോകാനായി അരിഞ്ഞിട്ട ചക്ക നന്നായി കഴുകി .വെള്ളമൊഴിച്ച് അടുപ്പത്തുവെച്ചു .ഉപ്പും മുളകും പാകത്തിന് ചേർത്തു .ചക്ക വെന്തിട്ടും വെളളം വറ്റിയില്ല .വെളളം ഊറ്റിക്കളയണോ അതല്ല വറ്റിക്കണോ എന്ന കൺഫ്യൂഷനിൽ അവർ നിൽക്കുമ്പോഴാണ് ശ്രീനി എഴുന്നേറ്റു വന്നത് .”ഒരു കാരണവശാലും വെളളം ഊറ്റിക്കളയരുത് .വെള്ളത്തിലാണ് സത്ത് മുഴുവൻ കിടക്കുന്നത് “.ശ്രീനി ഇടപെട്ടു .എന്നിട്ട് ചക്ക വേവുന്ന പാത്രത്തിലേക്ക് സൂക്ഷിച്ചുനോക്കി .ശ്രീനിയുടെ നിർദ്ദേശ പ്രകാരം സഹായികളിലൊരാൾ ചക്കയിലെ വെളളം മറ്റൊരു പാത്രത്തിലേക്ക് മാറ്റി .”അതൊരു ഗ്ലാസ്സിലേക്ക് ഒഴിക്കൂ “ശ്രീനി പറഞ്ഞു .ചൂടാറിയ ചക്കവെള്ളം ഒറ്റയടിക്ക് മൂന്നു ഗ്ലാസ് ശ്രീനി അകത്താക്കി .അതുകണ്ടപ്പോൾ ഓരോ ഗ്ലാസ് പാചകസഹായികളും ജേർണലിസം വിദ്യാർത്ഥികളും കഴിച്ചു .അപ്പോഴാണ് അവർക്ക് ഗുണ്ടൻസ് പിടികിട്ടിയത് .ചക്കവെള്ളത്തിന്‌ കുത്തരി കഞ്ഞിവെള്ളത്തെക്കാൾ സ്വാദ് !.ശ്രീനി ഒരു മഹാരഹസ്യം പുറത്തുവിട്ടു .”നിങ്ങളാരും സിനിമയിലില്ലാത്തതുകൊണ്ട് ഞാനൊരു കാര്യം പറയാം .ചക്കയല്ല ചക്കവെള്ളമാണ് എന്റെ വിജയരഹസ്യം .അതാണ് എന്റെ സർഗ്ഗശേഷി നിലനിർത്തുന്നത് .തിരക്കഥ എഴുതുമ്പോൾ ഞാൻ ദിവസവും രണ്ടു ഗ്ലാസ് ചക്കവെള്ളം അകത്താക്കാറുണ്ട് .ഔഷധവീര്യമുള്ള ചക്കവെള്ളമാണ് ഞാൻ എഴുതാനിരിക്കുമ്പോൾ സീൻ ബ്ലോക്കുകൾ മാറ്റുന്നത് .ഇതൊക്കെ കേട്ടാൽ ഞാൻ തമാശ പറയുന്നതാണെന്നേ മണ്ടന്മാരായ സിനിമാക്കാർ ധരിക്കൂ” .അന്ന് നന്നായി വെന്ത ചക്കപ്പുഴുക്കും കഴിച്ചാണ് ശ്രീനി ഉറങ്ങിയത് .പാത്രത്തിൽ അവശേഷിച്ച ചക്കവെള്ളവും കുടിച്ചിരുന്നു .ചക്ക ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥിതിയ്ക്ക് ചക്കയുടെ അപൂർവ്വമായ ഔഷധസിദ്ധിയെ കുറിച്ച് അനുഭവത്തിന്റെ വെളിച്ചത്തിൽ സംസാരിക്കാൻ ശ്രീനിയെ ക്ഷണിക്കാം .എത്രയെത്ര ചക്കക്കഥകൾ അദ്ദേഹത്തിന്‌ പറയാനുണ്ടാകും ചക്കവെള്ളത്തിന്റെ ഔഷധസിദ്ധി ഉൾപ്പെടെ ?!!.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം