Categories
കേരളം

‘ലഹരി മാഫിയയെ തുടച്ചുനീക്കാൻ നടപടിയെടുക്കും; എക്‌സൈസിൽ ക്രൈംബ്രാഞ്ച് ഉണ്ടാക്കും’

കര്‍ശനമായ എന്‍ഫോഴ്സ്മെന്റിലൂടെ ലഹരിമാഫിയയെ തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തുവരികയാണെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കൂത്തുപറമ്പ് എക്സൈസ് കോംപ്ലക്സ് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേസുകളുടെ കാര്യക്ഷമമായ അന്വേഷണത്തിനായി എക്സൈസ് വകുപ്പില്‍ ക്രൈം ബ്രാഞ്ച് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി അറിയിച്ചു.
മദ്യത്തിന്റെയും മയക്കുമരുന്നുകള്‍ അടക്കമുള്ള ലഹരിപദാര്‍ഥങ്ങളുടെയും ഉപയോഗം പരമാവധി കുറച്ചുകൊണ്ടുവന്ന് ലഹരിമുക്ത കേരളം യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം. നിരോധനമല്ല, മദ്യവര്‍ജ്ജനമാണ് സര്‍ക്കാരിന്റെ നയം. ‘ജീവിതമാകട്ടെ ലഹരി’ എന്ന സന്ദേശമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. ഇന്ന് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് മയക്കുമരുന്നുകള്‍ അടക്കമുള്ള ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം. ലഹരിക്കടിമപ്പെട്ടവര്‍ ജീവിതത്തില്‍ നിന്ന് പിന്തിരിഞ്ഞുനടക്കുകയാണ്. എത്രയോ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ജീവിതം ലഹരിമാഫിയയുടെ വലയിലകപ്പെട്ട് നശിച്ചുപോയിട്ടുണ്ട്. വിദ്യാര്‍ഥികളെയും യുവാക്കളെയുമാണ് ലഹരിമാഫിയ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുവരെ അമര്‍ച്ച ചെയ്യാന്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കും. ഇക്കാര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും പരിസരവാസികളും ഇടപെടണം. ലഹരിക്കെതിരായ പ്രചാരണ-ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിമുക്തി മിഷന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.

എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ശക്തമായ ഇടപെടല്‍ നടത്തിവരികയാണ്. സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളില്‍ ഭൂരിപക്ഷവും വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനുപകരമായി എല്ലാ ജില്ലയിലും എക്സൈസ് ടവര്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. വിവിധ ജില്ലകളില്‍ ടവര്‍ നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ 17 എക്സൈസ് ഓഫീസുകള്‍ക്കും വാടകക്കെട്ടിടമാണുള്ളത്. ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ തുടക്കമായാണ് കൂത്തുപറമ്പില്‍ 1.28 കോടി രൂപ ചെലവില്‍ എക്സൈസ് കോംപ്ലക്സ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൂത്തുപറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫീസും റെയിഞ്ച് ഓഫീസുമാണ് ഇവിടെ പ്രവര്‍ത്തിക്കുക. മട്ടന്നൂര്‍ റെയിഞ്ച് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് 1.14 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തലശ്ശേരി റെയിഞ്ച് ഓഫീസിന് റെയില്‍വെസ്റ്റേഷനു സമീപം പുതിയ കെട്ടിടം നിര്‍മ്മിക്കും. ജില്ലയില്‍ എക്സൈസ് ടവറും മറ്റുള്ള എക്സൈസ് ഓഫീസ് കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പേരാവൂര്‍ റെയിഞ്ച് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് പേരാവൂര്‍ പഞ്ചായത്തും ആലക്കോട് റെയിഞ്ച് ഓഫീസ് കെട്ടിടത്തിന് ആലക്കോട് പഞ്ചായത്തും സൗജന്യമായി സ്ഥലം ലഭ്യമാക്കാന്‍ തീരുമാനിച്ചതായി അറിയാന്‍ കഴിഞ്ഞു. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് എല്ലാ എക്സൈസ് ഓഫീസുകളുടെയും കെട്ടിടനിര്‍മ്മാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അധ്യക്ഷയായി. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, കുത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന്‍, കെ.വി.രജീഷ്, കെ.ധനഞ്ജയന്‍, വി.ബി.അഷ്റഫ് ,കെ.വി.ഗംഗാധരന്‍, സി.പി.ഒ.മുഹമ്മദ്, പി.സി..പോക്കു, വി.പി.മൊയ്തു, സി.കെ.പവിത്രന്‍, എം.വര്‍ഗീസ് ആന്റണി, കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

NEWS ROUND UP