അഭിമന്യു വധം;30 പേര്‍ക്ക് പങ്കുണ്ടെന്ന് സൂചന;നേരിട്ട് പങ്കെടുത്തത് 15 പേര്‍

ന്യൂസ്‌ ഡെസ്ക്

Loading...

എറണാകുളം:മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ അരുംകൊലയില്‍ 30 പേര്‍ക്ക് പങ്കുണ്ടെന്ന് സൂചന. കൊലയില്‍ നേരിട്ട് പങ്കെടുത്തത് 15 പേരും മറ്റുള്ളവര്‍ കൊലയുടെ ഗൂഢാലോചനയില്‍ പങ്കെടുത്തവരും കൊലയാളികളെ രക്ഷപ്പെടുത്താന്‍ സഹായിച്ചവരുമാണ്.

കേസിലെ മുഖ്യപ്രതി മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും ക്യാംപസ് ഫ്രണ്ട് നേതാവുമായ മുഹമ്മദിന്റെ മൊഴിയിലാണ് പ്രതികളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

അഭിമന്യുവിന്റെ അരും കൊലയില്‍ രണ്ട് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും ക്യാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ്, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ തലശ്ശേരി സ്വദേശി ഷാനവാസിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.

പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം നടക്കുന്ന ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദ് ആണ്. ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റുകൂടിയാണ് മുഹമ്മദ്.

കഴിഞ്ഞദിവസം അറസ്റ്റിലായ ആദില്‍ എന്നയാളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയായ മുഹമ്മദിനെ പോലീസ് പിടികൂടിയത്. മറ്റുപ്രതികളെ ക്യാമ്പസിലേക്ക് വിളിച്ച് വരുത്തിയത് ഇയാളാണെന്ന് പോലീസ് പറഞ്ഞു.

ജൂലൈ രണ്ടാം തിയ്യതി പുലര്‍ച്ചെയാണ് എസ്.ഡി.പി.ഐ, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിക്കൊന്നത്. ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്ഐ ജില്ലാകമ്മിറ്റി അംഗവുമായിരുന്നു അഭിമന്യു. കൂടാതെ അര്‍ജുന്‍, വിനീത് എന്നീ എസ്എഫ്‌ഐ പ്രവര്‍ക്കകര്‍ക്കും കുത്തേറ്റിരുന്നു. ഇരുവരും വിദഗ്ധ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം