Categories
headlines

മഹാമാരി കാലത്ത് പട്ടിണി മൂലം എലികളെ ചുട്ടുതിന്ന് ഒരു കൂട്ടം മനുഷ്യര്‍

2020  നമുക്ക് തന്നത് മഹാമാരി മാത്രമല്ല , പട്ടിണി കൂടിയാണ്.

എല്ലാ രാജ്യങ്ങളെയും പോലെ കൊറോണ വൈറസ് മൂലം ഭക്ഷ്യക്ഷാമവും, സാമ്പത്തിക ഞെരുക്കവും അനുഭവിക്കുന്ന ഒരു ആഫ്രിക്കൻ രാജ്യമാണ് മലാവി.

പട്ടിണി പേടിച്ച് അവിടത്തെ ജനങ്ങൾ ഇപ്പോൾ കൈയിൽ കിട്ടുന്നതെല്ലാം കഴിക്കാൻ നിർബന്ധിതരാവുകയാണ്.

അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ആഹാരമാക്കുന്നത് എലികളെയാണ്.

മലാവിയിലെ ഹൈവേയിൽ വറുത്ത എലികളെ ഒരു കമ്പിൽ കോർത്ത് വിൽക്കാൻ വച്ചിരിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ് ഇപ്പോൾ.

ആഫ്രിക്കയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് മലാവി. ഏപ്രിലിൽ ആദ്യത്തെ കൊറോണ വൈറസ് കേസ് രേഖപ്പെടുത്തിയശേഷം, ഇപ്പോൾ രോഗികളുടെ എണ്ണം 10000 കവിഞ്ഞിരിക്കയാണ്.

രോഗം പടരാതിരിക്കാനുള്ള സർക്കാരിന്റെ കർശന നടപടികൾ കാരണം മിക്ക ആളുകളും പട്ടിണിയിലാണ് അവിടെ.

മറ്റ് ഭക്ഷണമൊന്നും കഴിക്കാൻ കിട്ടാതെ വന്നപ്പോൾ, ആളുകൾ അവരുടെ ഒഴിഞ്ഞ വയറു നിറയ്ക്കുന്നതിനായി എലികളെയാണ് ആശ്രയിക്കുന്നത്.

കൊവിഡ് 19 പാൻഡെമിക് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എത്രമാത്രം തകർത്തുവെന്നതിന്റെ തെളിവാണ് ഇത്.

രാജ്യത്തുടനീളമുള്ള തെരുവ് സ്റ്റാളുകളിലും മാർക്കറ്റുകളിലും ഇങ്ങനെ മസാല തേച്ചു പൊരിച്ച എലികൾ വിൽക്കപ്പെടുന്നു. എല്ലാക്കാലവും പോഷകാഹാരക്കുറവും, ഭക്ഷ്യ അരക്ഷിതാവസ്ഥയും വേട്ടയാടിയിരുന്ന അവിടെ കൊറോണ വൈറസ് എന്ന മഹാമാരി ഭക്ഷ്യക്ഷാമത്തെ ഇരട്ടിപ്പിക്കുക മാത്രമാണ് ചെയ്‍തത്.

മലാവിയിലെ മധ്യ എൻ‌ച്യൂ ജില്ലയിൽ നിന്നുള്ള എലികളെ പിടിക്കുന്ന ബെർണാഡ് സിമിയോണിന്റെ അഭിപ്രായത്തിൽ, കൂനിന്മേൽ കുരു എന്ന് പറയുമ്പോലെയാണ് ഈ മഹാമാരിക്കാലം.

“കൊറോണ വൈറസിന് മുൻപ് തന്നെ ഞങ്ങൾ പട്ടിണിയിലായിരുന്നു. എന്നാൽ, ഇപ്പോൾ ഞങ്ങൾ വല്ലാതെ കഷ്ടപ്പെടുന്നു. രോഗം കാരണം, കാര്യങ്ങൾ വളരെ മോശമായിരിക്കുന്നു” അദ്ദേഹം പറഞ്ഞു.

38 -കാരനായ അദ്ദേഹം ഒരു കർഷകനാണ്. എന്നാൽ, ഇപ്പോൾ ഉപജീവനത്തിനായി എലികളെ വേട്ടയാടുന്നു. ഭാര്യ യാങ്കോ ചലെരയും അവരുടെ കുട്ടിയും അദ്ദേഹത്തിന്റെ വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്.

“മാംസാഹാരം വാങ്ങാൻ പണമില്ലാത്തവന് വേറെ എന്ത് നിവർത്തി, ഇതല്ലാതെ? വിശപ്പടക്കണമല്ലോ? അതുകൊണ്ട് ഞങ്ങൾ എലികളെ ഭക്ഷിക്കുന്നു” ചലെര പറഞ്ഞു.

കൊറോണ വൈറസ് സമയത്ത് വരുമാനം നഷ്‌ടപ്പെട്ട ആളുകൾക്ക് മലാവി സർക്കാർ പ്രതിമാസം 50 ഡോളർ (42 യൂറോ) സ്റ്റൈപ്പന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്നാൽ, ജൂണിൽ ആരംഭിക്കേണ്ട ഈ പദ്ധതി ഇതുവരെ നടപ്പിൽ വന്നിട്ടില്ല. ദരിദ്ര സമൂഹങ്ങൾ അവരുടെ ഭക്ഷണക്രമത്തിൽ എളുപ്പത്തിൽ ലഭ്യമാകുന്ന വിഭവങ്ങൾ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അഭ്യർത്ഥിക്കുകയുണ്ടായി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

എലികൾ പ്രോട്ടീൻ സമ്പുഷ്ടമായ ഒരാഹാരമാണ് എന്ന് ആരോഗ്യ മന്ത്രാലയത്തിലെ പ്രധാന പോഷകാഹാര വിദഗ്ധൻ സിൽ‌വെസ്റ്റർ കാത്തുംബ പറഞ്ഞു.

“എല്ലാ ഭക്ഷണങ്ങളും ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്, പ്രത്യേകിച്ചും കൊറോണ വൈറസ് പ്രതിരോധശേഷി കുറഞ്ഞ ആളുകളെ ആക്രമിക്കുന്ന ഈ സമയത്ത്” ബാലക ജില്ലയിലെ സർക്കാർ ആരോഗ്യ ഓഫീസിലെ പോഷകാഹാര കോർഡിനേറ്റർ ഫ്രാൻസിസ് നതാലിക പറഞ്ഞു.

മലാവിയിൽ മുൻപ് തന്നെ എലിവേട്ട വ്യാപകമായി നിലനിന്നിരുന്നു. എന്നിരുന്നാലും, ആവശ്യകത വർദ്ധിക്കുന്നതിനനുസരിച്ച് വേട്ടയാടൽ രീതികളിലും മാറ്റം ഉണ്ടാകുന്നത് പരിസ്ഥിതി പ്രവർത്തകരെ ആശങ്കപ്പെടുത്തുന്നുണ്ട്.

സാധാരണയായി വയലുകളിലാണ് എലികളെ കാണുക. അവിടെയുള്ള  ധാന്യങ്ങൾ, പഴങ്ങൾ, പുല്ല്, പ്രാണികൾ എന്നിവ കഴിച്ച് അവ വളരുന്നു. വിളവെടുപ്പിനുശേഷം, എലികളുടെ മാളങ്ങളിൽ കെണി വച്ച് അവയെ പിടിക്കുന്നു. മുൻപും ഇങ്ങനെ പിടിച്ച എലികളെ ആളുകൾ ഭക്ഷിക്കാറുണ്ടെങ്കിലും, ഇന്ന് രാജ്യത്ത് അതല്ലാതെ മറ്റൊന്നും കിട്ടില്ല എന്ന അവസ്ഥയാണ് ഉള്ളത്.

കടപ്പാട് : ഏഷ്യാനെറ്റ്‌ ന്യൂസ്‌

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP