Categories
entevartha

കോവിഡ് രോഗിക്ക് ഒരു ബിഗ് സല്യൂട്ട് ; ഈ ജാഗ്രതയിൽ നാദാപുരത്തെ ഓരോ പ്രവാസിക്കും അഭിമാനിക്കാം

കോഴിക്കോട് : സമൂഹ വ്യാപനമെന്ന കൊറോണ രോഗ ഭീഷണിയുടെ പടിവാതുക്കലിലും സർക്കാർ നിർദ്ദേശങ്ങൾക്ക് പുല്ലുവില കല്പിക്കാത്തവർ കേൾക്കണം ,കോഴിക്കോട് ജില്ലയിൽ ആറാമതായി കോവിഡ് 19 സ്ഥിരീകരിച്ച നാദാപുരം ജാതിയേരിയിലെ പ്രവാസിയുടെ കരുതലിൻ്റെയും ജാഗ്രതയുടെയും നന്മ. അല്പ സമയം മുൻപ് ട്രൂവിഷൻ ന്യൂസ് എഡിറ്ററുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു.

” ഞാൻ ഇവിടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിലാണ്. തൊണ്ടയിൽ വേദനയുണ്ട് .. കുറച്ച് ക്ഷീണവും … നല്ല പരിചരണമാണ് എനിക്ക് ഇവിടെ ലഭിക്കുന്നത്. കുറച്ച് മുമ്പ് പനിയുണ്ടായിരുന്നു. ഉടൻ തന്നെ ഡോക്ടറും നേഴ്സും അടുത്ത് വന്ന് പരിശോധിച്ചു. എനിക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. ഭയമൊന്നും ഇല്ല. എല്ലാം അള്ളാഹു നിശ്ച് യിച്ചത് പോലേ നടക്കും. എനിക്ക് ഒരു കാര്യത്തിൽ ചാരിതാർത്ഥ്യമുണ്ട്. ഒരാൾക്ക് പോലും ഞാൻ കാരണം രോഗം വരരുതെന്ന ജാഗ്രത ഞാൻ പുലർത്തി. ഗൾഫിൽ നിന്ന് മടങ്ങുമ്പോൾ ചെറിയ ചുമ ഉള്ളത് കൊണ്ട് തന്നെ അവിടെ ആസ്റ്റർ മിംസിൽ പോയി കുറച്ച് നല്ല മാസ്ക്കും കൈയ്യുറകളും വാങ്ങി ധരിച്ചു. നല്ല ശ്രദ്ധയിലാണ് വിമാനയാത്രയും പിന്നീട് കൊച്ചി നെടുമ്പാശ്ശേരി വിമാനതാവളത്തിൽ നിന്ന് നാട്ടിലേക്കുള്ള ടാക്സി യാത്രയിലും പുലർത്തിയത്. കാറിൽ ഒപ്പം ഡ്രൈവർക്ക് പുറമേ ഒരു മുക്കം സ്വദേശിയും ഉണ്ടായിരുന്നു. വീട്ടിലെത്തിയപ്പോൾ ബന്ധുക്കളുമായും നാട്ടുകാരുമായും അകന്ന് തറവാട്ട് വീട്ടിൽ തനിച്ച് താമസിച്ചു. ….. സംസാരിക്കാൻ വയ്യ ….” അദ്ദേഹം പറഞ്ഞ് നിർത്തി .

തനിക്കും തൻ്റെ സഹജീവികൾക്കും നാടിനും വേണ്ടി ജാഗ്രത പുലർത്തിയ ഈ പ്രവാസിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ട് കോഴിക്കോട് ജില്ലാ കലക്ടർ നൽകിയ  വാർത്താ കുറിപ്പിലെ ഈ നേർരേഖയിലുള്ള റൂട്ട് മാപ്പ് മതി ഒരോ നാദാപുരത്തുകാരനും അഭിമാനിക്കാൻ.   ആ കുറിപ്പ് വായിക്കാം ….” ജില്ലയിൽ ഇന്ന് (27. 03.2020)ന് ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ ആകെ കോവിഡ് 19 സ്ഥിതീകരിച്ചവരുടെ എണ്ണം 6 ആയി.

കോവിഡ് 19 സ്ഥിതീകരിച്ച ആറാമത്തെ വ്യക്തി മാർച്ച് 21നുള്ള എമിറേറ്റ്സ് വിമാനത്തിൽ (EK 532) ദുബായിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 22.03.2020ന് അതിരാവിലെ 3.00 am എത്തിചേരുകയും.

രാവിലെ 10.00 മണിയോടെ വിമാനത്താവളത്തിൽ നിന്ന് ടാക്സി കാറിൽ കോഴിക്കോടുള്ള വീട്ടിലേക്ക് യാത്രതിരിച്ചു, ഉച്ചയ്ക്ക് 3.45 PM ന് വീട്ടിലെത്തി, ഐസൊലേഷനിൽ കഴിയുകയും ചെയ്തു.23.03.2016 രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഗവൺമെൻ്റ് ആംബുലൻസിൽ രാവിലെ 11:30 ഓടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

ജില്ലയിലെ കോവിഡ് 19 കേസുകളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. അനിതരസാധാരണമായ സാഹചര്യങ്ങളിലൂടെ നമ്മുടെ സംസ്ഥാനവും, ജില്ലയും കടന്നുപോകുന്നത്.

ഇനി ഉള്ള ഓരോ ദിവസങ്ങളും ഏത് സാഹചര്യവും നേരിടാൻ നമ്മൾ സജ്ജരാകണം. ഓർക്കുക.. കൊറോണയെ പിടിച്ചുകെട്ടാൻ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ സാധിക്കൂ.. ഒരു ചെറിയ അശ്രദ്ധ പോലും വലിയ വിപത്തായി പരിണമിക്കും.സർക്കാരിൻ്റെയും ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുനിന്നുമുള്ള നിർദ്ദേശങ്ങൾ വളരെ കർശനമായും പാലിക്കേണ്ടതുണ്ട്.

ഒരു രോഗവും നമ്മളിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നില്ലെന്ന് ഉറപ്പുവരുത്താൻ മുൻകരുതലുകൾ എല്ലാവരും കൃത്യമായി പാലിക്കണം.

ലോകഡൗണിനോട് പൂർണ്ണമായും സഹകരിക്കണം, അനാവശ്യയാത്രകൾ പൂർണ്ണമായി ഒഴിവാക്കണം.

കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ഫലപ്രദമായി വൃത്തിയാക്കുക.

തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക

പൊതുപരിപാടികളും പൊതു ജനസമ്പർക്കവും കർശനമായും ഒഴിവാക്കുക.

വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവർ, വീട്ടിലെ മുതിർന്നവർ,കുട്ടികൾ എന്നിവരുമായി സമ്പർക്കം പൂർണമായും ഒഴിവാക്കി വീടുകളിൽ തന്നെ നിർബന്ധമായും കഴിയേണ്ടതാണ്.

എന്തെങ്കിലും രോഗലക്ഷണങ്ങൾ( പനി ചുമ ശ്വാസതടസ്സം) ഉടൻ തന്നെ മെഡിക്കൽ ഓഫീസർ മായി ബന്ധപ്പെടുകയോ, ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടുകയോ വേണം.

വ്യാജ വാർത്തകളാൽ തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്കുക. അധികാരിക സ്രോതസ്സുകളിൽ നിന്ന് വരുന്ന വിവരങ്ങൾ മാത്രം പ്രചരിപ്പിക്കുക.

ഹോം ഐസൊലേഷൻ നിഷ്കർഷിച്ചിരുന്നു എല്ലാവരും കർശനമായും അത് പാലിക്കേണ്ടതാണ്, പാലിക്കാത്തവർക്കെതിരെ കർശനമായ നിയമ നടപടിയുമായി മുന്നോട്ടു പോകുന്നതാണ്.

കൊറോണക്കെതിരെ സ്വയം കവചം തീർക്കുന്നതിലൂടെ സാമൂഹ്യ സുരക്ഷയും സാധ്യമാക്കാം.. നമ്മുടെ നാടിന്റെ സുരക്ഷ ഉറപ്പു വരുത്താൻ നമ്മൾ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. നാം അഭിമുഖീകരിക്കുന്ന വിപത്തിത്തിന്റെ ഗൗരവം മനസ്സിലാക്കി ജാഗരൂകരായിയിരിക്കാം…

അതിജീവിക്കുകതന്നെചെയ്യും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv