കണ്ണൂർ : ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ഇന്ത്യ ദി മോദി ക്വസ്റ്റ്യന്റെ മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല ക്യാമ്പസിലെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡണ്ട് പൊലീസിൽ പരാതി നൽകി.
സിറ്റി പൊലീസ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കുമാണ് പരാതി നൽകിയത്. ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിലൂടെ വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പൊലീസ് ഡോക്യുമെന്ററിയുടെ പ്രദർശനം തടയാൻ തയ്യാറായില്ലെങ്കിൽ ബി ജെ പിക്ക് അതിനു സംവിധാനമുണ്ടെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.
ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് കെ സുരേന്ദ്രൻ പരാതി നൽകിയിട്ടുണ്ട്. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് മതസ്പർദ്ധ വളർത്തുമെന്നാണ് സുരേന്ദ്രൻ പരാതിയിൽ പറയുന്നത്. രാജ്യദ്രോഹ പ്രവർത്തനം മുളയിലേ നുള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
BJP complains to stop screening of BBC documentary in Kannur