Jan 24, 2023 10:30 AM

തിരുവനന്തപുരം : വിവാദമായ ബിബിസി ഡോക്യുമെന്ററി സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കാൻ എസ്എഫ്ഐയും ഡിവൈഎഫ്‌ഐയും. രണ്ടാം ഭാഗം ഇന്ന് കാലടി സംസ്‌കൃത സർവകലാശാലയിൽ പ്രദർശിപ്പിക്കും. ഗുജറാത്ത് കലാപത്തെ കുറിച്ച് പരാമർശിക്കുന്ന ബി ബി സിയുടെ ഡോക്യൂമെന്ററിയുടെ രണ്ടാം ഭാഗമാണ് പ്രദർശിപ്പിക്കുക.

ഇന്ന് വൈകിട്ട് 6.30 മണിക്കാണ് പരിപാടി. പരിപാടി സംഘടിപ്പിക്കുന്നത് എസ്എഫ്ഐയുടെ നേതൃത്വത്തിലാണ്. വെള്ളിയാഴ്ച്ച എല്ലാ ക്യാമ്പസുകളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. കാലിക്കറ്റ് കണ്ണൂർ കാലടി സർവകലാശാലകളിൽ ഇന്ന് പ്രദര്ശിപ്പിക്കുമെന്ന് എസ്എഫ്ഐ പറയുന്നു.

കേന്ദ്ര സർക്കാർ വിലക്കിയ ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര സർക്കാർ വിലക്കിയ ഡോക്യുമെന്ററി കഴിഞ്ഞ ദിവസം ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ചിരുന്നു. അതേസമയം ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യും. ഡോക്യുമെന്ററി പ്രദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജെ എൻ യു വിദ്യാർത്ഥികൾ അറിയിച്ചു.

ഇന്ന് രാത്രി 9 മണിക്ക് ജെഎൻയു യൂണിയൻ ഓഫീസിൽ പ്രദർശനമുണ്ടാകും. അതേസമയം അനുമതിയില്ലാതെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ തടയുമെന്ന് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. ജെഎൻയു അഡ്മിനിസ്ട്രേഷനാണ് നിലപാടുമായി രംഗത്തെത്തിയത്.

കേന്ദ്രസർക്കാരിന്റെ എതിർപ്പുകൾ എല്ലാം മറികടന്നാണ് രണ്ടാം ഭാഗം ബിബിസി പുറത്തിറക്കുന്നത്. ഡോക്യുമെന്ററിയെ കുറിച്ച് അറിയില്ല എന്ന് അമേരിക്ക പ്രതികരിച്ചു. ഇന്ത്യയും യുഎസും ജനാധിപത്യ മൂല്യങ്ങൾ പങ്കുവയ്ക്കുന്ന രാജ്യങ്ങളാണ്. ഇതിൽ മാറ്റം ഉണ്ടാകുമ്പോൾ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും അമേരിക്ക വ്യക്തമാക്കി.

SFI and DYFI to screen the controversial documentary across the state

Next TV

Top Stories