വർഷങ്ങൾക്ക് ശേഷം ഫുട്ബോളിലെ ഇതിഹാസ താരങ്ങൾ നേർക്കുനേർ അണിനിരന്ന പോരാട്ടത്തിൽ വിജയം ഫ്രഞ്ച് ക്ലബ് പിഎസ്ജിയോടൊപ്പം. റിയാദ് സീസൺ ടീമിന് വേണ്ടി പോർച്ചുഗൽ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ ഇറങ്ങിയപ്പോൾ പിഎസ്ജിക്ക് വേണ്ടി അർജന്റീനയുടെ മിശിഹാ മെസ്സിയും ബൂട്ട്കെട്ടി.
ഒൻപത് ഗോളുകൾ പിറന്ന മത്സരം കാണികൾക്ക് ഒരുക്കിയത് വിരുന്ന്. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തുടങ്ങിയ ഗോൾവേട്ടക്ക് തുടക്കം കുറിച്ചത് ലയണൽ ആന്ദ്രെസ് മെസ്സി. ഇടതു വിങ്ങിൽ നിന്ന് നെയ്മർ നൽകിയ പന്ത് ബോക്സിനുള്ളിൽ സ്വീകരിച്ച മെസ്സി ഗോളിയെ കബളിപ്പിച്ച് വളയ്ക്കുളിൽ നിക്ഷേപിച്ചു.
മുപ്പത്തിനാലാം മിനുട്ടിൽ തന്നെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാൾഡോ സമനില പിടിച്ചു. 39 ആം മിനുട്ടിൽ പന്തുമായി കുതിച്ച അൽ ധൗസാരിയെ പുറകിൽ നിന്ന് ഫൗൾ ചെയ്ത ജുവാൻ ബെർണാഡ് ചുവപ്പുകാർഡ് കിട്ടി പുറത്തുപോയതോടെ പിഎസ്ജി 10 പേരായി ചുരുങ്ങി.
43 ആം മിനുട്ടിൽ മാർക്വിനോസിലൂടെ പാരീസ് ലീഡ് എടുത്തു. 45 ആം മിനുട്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ നെയ്മർ മത്സരത്തിൽ പിഎസ്ജിയുടെ ലീഡ് വർധിപ്പിക്കാനുള്ള സുവർണാവസരമായിരുന്നു ഇല്ലാതാക്കിയത്.
ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ ക്രിസ്ത്യാനോ റൊണാൾഡോയിലൂടെ റിയാദ് ടീം സമനില പിടിച്ചു. പിഎസ്ജി പ്രധിരോധതാരം സെർജിയോ റാമോസ് വരുത്തിയ പിഴവ് മുതെലെടുത്ത റൊണാൾഡോ തന്റെ രണ്ടാമത്തെ ഗോൾ നേടുകയായിരുന്നു.
രണ്ടാം പകുതിയിൽ പാരീസ് ക്ലബിന് വേണ്ടി സെർജിയോ റാമോസും കിലിയൻ എംബപ്പേയും ഹ്യൂഗോ എക്കിറ്റികെയും ഗോൾ നേടി. റിയാദ് സീസൺ ടീമിനായി കൊറിയൻ താരം ഹ്യുൻ സൂ ജങും ആൻഡേഴ്സൺ ടാലിസ്കയും ആശ്വാസ ഗോളുകൾ നേടി.
PSG won the battle where the legends of football lined up face to face