Oct 6, 2022 10:45 AM

പാലക്കാട് : വടക്കഞ്ചേരി അപകടത്തിൽ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോൻ ഒളിവിലെന്ന് പൊലീസ്. അപകടത്തിനു പിന്നാലെ ഇയാൾ ജോജോ എന്ന വ്യാജ പേരിൽ വടക്കഞ്ചേരി നായനാർ ആശുപത്രിയിൽ ചികിത്സ തേടി തേടി.

ബസ് അപകടത്തിൽ പരുക്കേറ്റു എന്ന് നുണ പറഞ്ഞാണ് ഇയാൾ ആശുപത്രിയിലെത്തിയത്. പ്രാഥമിക ചികിത്സ തേടിയ ശേഷം ഡ്രൈവർ സ്ഥലം വിടുകയായിരുന്നു.

ബസ് ഉടമകൾ തന്നെയാണ് ഇയാളെ കൂട്ടിക്കൊണ്ടുപോയതെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ഇയാൾ ആശുപത്രിയിലെത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം.

ബസ് വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞാണ് എത്തിയതെന്നും ഡ്രൈവർ ക്ഷീണിതനായിരുന്നെന്നും അപകടത്തിൽപ്പെട്ട വിദ്യാർത്ഥിയുടെ രക്ഷിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

“6.30 ആയപ്പോഴാണ് ബസ് പുറപ്പെട്ടത്. ആ സമയത്ത് ഞാൻ ബസിനകത്ത് കയറി നോക്കിയിരുന്നു. വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞെത്തിയതായിരുന്നു ടൂറിസ്റ്റ് ബസ്. ഡ്രൈവർ നല്ലവണ്ണം വിയർത്ത് കുളിച്ച്, ക്ഷീണിച്ച അവസ്ഥയിലായിരുന്നു.

ശ്രദ്ധിച്ച് ഓടിക്കണമെന്ന് പറഞ്ഞപ്പോൾ, നല്ല എക്‌സ്പീരിയൻസുണ്ട്, നന്നായി ഓടിച്ചോളാം എന്നാണ് അയാൾ പറഞ്ഞത്. കാസറ്റ് ഇടാൻ കുട്ടികൾ ചെന്നപ്പോഴും നല്ല സ്പീഡായിരുന്നെന്നാണ് അറിഞ്ഞത്. കുട്ടികളും പറഞ്ഞിരുന്നു, ചേട്ടാ നല്ല സ്പീഡാണ്. പതുക്കെ പോയാൽ മതിയെന്ന്”. രക്ഷിതാവ് പറഞ്ഞു.

50-ൽ അധികം പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. 38 കുട്ടികളാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്. 37 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്.

ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിൽ വന്ന ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. പിന്നീട് ബസ് ചതുപ്പിലേക്ക് മറിഞ്ഞു. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ മരിച്ച ഒൻപത് പേരെ തിരിച്ചറിഞ്ഞു. ഇതിൽ അഞ്ച് പേർ വിദ്യാർത്ഥികളും ഒരാൾ അധ്യാപകനും മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരുമാണ്. എൽന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന ഇമ്മാനുവൽ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.

The driver Jomon, who was driving the tourist bus in the Vadakancheri accident, is absconding, police said

Next TV

Top Stories