Sep 28, 2022 01:15 PM

കൊല്ലം : പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ കസ്റ്റഡിയിൽ. കൊല്ലം കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ നിന്നാണ് എൻ.ഐ.എയും കേരള പൊലീസും അടങ്ങുന്ന സംഘം കസ്റ്റഡിയിലെടുത്തത്.

ജില്ലക്കു പുറത്തായിരുന്ന സത്താർ ഇന്ന് രാവിലെയാണ് കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ മടങ്ങിയെത്തിയത്. രാവിലെ പോപുലർ ഫ്രണ്ട് നിരോധത്തെ കുറിച്ച് പ്രതികരിച്ച അബ്ദുൽ സത്താർ, കേന്ദ്ര സർക്കാർ നടപടിയെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയിരുന്നു.

നിയമനടപടികൾ സ്വീകരിക്കാനായി ഉടൻ തന്നെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. അധികൃതർ നടത്തിയ റെയ്ഡിൽ പൂർണമായി സഹകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് സത്താറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനം; ഉത്തരവ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കേന്ദ്രം. 5 വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ് . ഭീകര പ്രവർത്ത ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം.

രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എന്‍ഐഎ റെയിഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ‍്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. റെയിഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.

എന്നാല്‍ എന്‍ഐഎ റെയ്ഡും നടപടികളും തുടര്‍ന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറങ്ങുന്നത്. എൻ ഐ എയും ഇ ഡിയും ആണ് രാജ്യവ്യാപകമായി പോപ്പുലര്‍ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീട്ടിലുമടക്കം പരിശോധന നടത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് ഭീകര പ്രവർത്തനം നടത്തിയെന്നും, ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകിയെന്നും ,ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്തു എന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം. പോപ്പുലര്‍ ഫ്രണ്ട് അടക്കം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.


Popular Front state general secretary Abdul Sattar in custody

Next TV

Top Stories