Oct 24, 2021 07:25 AM

ഇടുക്കി : 126 വര്‍ഷം കഴിഞ്ഞ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടി കടന്നതോടെ ഡാമിന്റെ കീഴെയുള്ള പെരിയാര്‍ നിവാസികളുടെ ആശങ്കയുമേറുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ജലനിരപ്പ് 136 എത്തിയപ്പോള്‍ തമിഴ്‌നാട് പൊതുമരാമത്ത് അസി. എന്‍ജിനിയര്‍ കേരളത്തിന് ആദ്യമുന്നറിയിപ്പ് നല്‍കി.

ഏറ്റവുമൊടുവില്‍ വിവരം ലഭിക്കുമ്പോള്‍ 136.2 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. എത്രയും വേഗം ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് ആശങ്കയൊഴിവാക്കണമെന്നാണ് പെരിയാര്‍ നിവാസികളുടെ ആവശ്യം. നിലവില്‍ വൃഷ്ടി പ്രദേശത്ത് മഴ കുറവായതിനാല്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതിന്റെ ജലത്തിന്റെ അളവ് കുറവാണ്.

നിലവില്‍ 3608 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ 2150 ഘനയടി തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. 2018 ആഗസ്റ്റില്‍ മഹാപ്രളയത്തില്‍ ജലനിരപ്പ് 140 അടി പിന്നിട്ടപ്പോള്‍ പുലര്‍ച്ചെ 2.30ന് മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറന്നത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയിരുന്നു.

ഈ സമയം ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിരിക്കുകയായിരുന്നു. മുന്നറിയിപ്പില്ലാതെ അര്‍ദ്ധരാത്രി ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് തേനി കളക്ടറെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് വ്യക്തമാക്കി.

Water level of Mullaperiyar Dam rises; Locals in panic

Next TV

Top Stories