കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ നിന്നുള്ള മറ്റൊരു യുവാവിൻ്റെ തിരോധാനത്തിലും സ്വർണക്കടത്ത് സംഘമെന്ന് സംശയം. ചെക്യാട് നിന്ന് യുവാവിനെ കാണാതായ സംഭവത്തിനും സ്വർണ്ണക്കടത്തുമായി ബന്ധമെന്ന് സംശയം.
ഖത്തറിൽ ജോലി ചെയ്തിരുന്ന ചെക്യാട് വാതുക്കൽ പറമ്പത്ത് റിജേഷ്( 35) നെയാണ് ജൂൺ 16 മുതൽ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പോലിസ് അന്വേഷണം തുടങ്ങി.
ജൂൺ പത്തിന് ബന്ധുക്കളെ വിളിച്ച റിജേഷ് ജൂൺ 16 ന് കണ്ണൂർ എയർപോർട്ട് വഴി നാട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതിനു ശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെയായി. ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോൾ നാട്ടിൽ പോയെന്നാണ് അറിയിച്ചത്.
ഇതിനിടയിൽ അജ്ഞാതർ പല ചവണ റിജേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയതോടെ വീട്ടുകാരുടെ സംശയം കൂടി. ഇതോടെയാണ് പരാതിയുമായി ഇവർ പൊലീസിനെ സമീപിച്ചത്. റിജേഷിൻ്റെ മാതാപിതാക്കളുടെ പരാതിയിൽ വളയം പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അജ്ഞാതർ അന്വേഷിച്ചെത്തിയത് റിജേഷ് വഴി കടത്തിയ സ്വർണ്ണത്തിന് വേണ്ടിയാണെന്നാണ് പോലിസ് കരുതുന്നത്. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ശേഷം കൊല്ലപ്പെട്ട ഇർഷാദിൻ്റെ വാർത്ത പുറത്ത് വന്ന ശേഷമാണ് ബന്ധുക്കൾ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പോലിസിന് മുൻപാകെ എത്തിയത്.
റിജേഷിനെ കാണാതായ സംഭവത്തിൽ മൂന്ന് സാധ്യതകളാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഒന്നെങ്കിൽ നാട്ടിലെത്തിയ റിജേഷിനെ പൊട്ടിക്കൽ സംഘം പിടികൂടിയിരിക്കാം അല്ലെങ്കിൽ തട്ടിക്കൊണ്ടു പോയതാവാം.
അതുമല്ലെങ്കിൽ സ്വർണം കൈക്കലാക്കാൻ വേണ്ടി റിജേഷ് സ്വയം മാറി നിന്നതുമാവാം. റിജേഷിൻ്റെ യാത്രാ വിവരങ്ങൾ അടക്കം ശേഖരിച്ച് ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളുടെ വീട്ടിലെത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്.
അതേസമയം ഒന്നരമാസത്തിലേറെയായി റിജേഷിനെ കാണാതായിട്ടെങ്കിലും ഭീഷണി കാരണമാണ് പരാതി നൽകാതിരുന്നതെന്നാണ് ഇയാളുടെ ബന്ധുക്കളുടെ വിശദീകരണം.
ഇർഷാദ് കൊലപാതകം; ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹിന്റെ ഫോട്ടോ പുറത്ത്
കോഴിക്കോട് : പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറിന്റെ ഫോട്ടോ പുറത്തുവിട്ട് പൊലീസ്.
താമരശ്ശേരി കൈതപ്പൊയിൽ സ്വദേശിയായ സ്വാലിഹ് അന്വേഷണം തുടങ്ങിയതോടെ കുടുംബത്തെ കൂട്ടി വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ദില്ലി വിമാനത്താവളം വഴിയാണ് ഇയാൾ കടന്നത്. വിദേശത്തുള്ള സ്വാലിഹിനെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി മുഹമ്മദ് സ്വാലിഹ്, സഹോദരൻ ഷംനാദ് എന്നീ പ്രതികൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കം. ഇതിനായി ഇവരുടെ പാസ്പോർട്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചു.
സിബിഐ മുഖേനയാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാകുക. ഇന്റർപോളിനെ ഉൾപ്പെടെ ബന്ധപ്പെട്ട് ഇരുവരെയും നാട്ടിലെത്തിക്കാനാണ് നീക്കം. കഴിഞ്ഞ മാസം 19ന് ആണ് ഇയാൾ വിദേശത്തേക്ക് കടന്നതെന്നും പൊലീസ് കണ്ടെത്തി.
കൊയിലാണ്ടി കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് സ്വാലിഹ് വിദേശത്തേക്ക് രക്ഷപ്പെട്ടത്. ഇർഷാദിനെ തട്ടിക്കൊണ്ടുപോയത് നാസർ എന്ന സ്വാലിഹിന്റെ നേതൃത്വത്തിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Gold smuggling is also suspected in the case of the disappearance of the young man in Valayam