തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. എറണാകുളം മുതൽ കാസർകോട് വരെയുള്ള വനമേഖലകളിൽ ശക്തമായ മഴ തുടർന്നേക്കും.
അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ശക്തിയും ഗതിയും മഴയ്ക്ക് അനുകൂലമാണ്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.
10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിർദ്ദേശം
ഇടുക്കി : വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെ. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി ഉയർന്നു.
പെരിയാർ തീരത്ത് അതീവ ജാഗ്രത തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2382.30 അടിയായി ഉയർന്നു. അടിയന്തിരമായി ഇടുക്കി തുറക്കേണ്ട സാഹചര്യമില്ലെന്നാണ് ഇന്നലെ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചത്. എറണാകുളം ജില്ലയിലെ സ്ഥിതി കൂടി പരിഗണിച്ച് തീരുമാനം എടുക്കുമെന്നാണ് മന്ത്രി വിശദീകരിക്കുന്നത്.
അതേ സമയം, ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. നിലവിൽ പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനും താഴെ 6.90 മീറ്ററിലെത്തി.പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞിട്ടുണ്ട്.
പറന്പിക്കുളത്ത് നിന്നും തുണക്കടവിൽ നിന്നും 8500 ക്യുസെക്സ് വെള്ളം മാത്രമാണ് ഇപ്പോൾ പെരിങ്ങൽക്കുത്തിൽ എത്തുന്നത്. ചാലക്കുടിക്ക് താഴെയുള്ള അഞ്ച് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ ക്യാന്പുകളിൽ നിന്ന് വീടുകളിലേക്ക് തിരിച്ചുവരാൻ രണ്ടു ദിവസമെടുക്കും. ചാലക്കുടിയിൽ മാത്രം 40 ക്യാമ്പുകളിലായി 1071 പേരാണുള്ളത്.
Heavy rain is likely at isolated places in the state today.