ഇടുക്കി : വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെ. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി ഉയർന്നു.
പെരിയാർ തീരത്ത് അതീവ ജാഗ്രത തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2382.30 അടിയായി ഉയർന്നു. അടിയന്തിരമായി ഇടുക്കി തുറക്കേണ്ട സാഹചര്യമില്ലെന്നാണ് ഇന്നലെ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചത്. എറണാകുളം ജില്ലയിലെ സ്ഥിതി കൂടി പരിഗണിച്ച് തീരുമാനം എടുക്കുമെന്നാണ് മന്ത്രി വിശദീകരിക്കുന്നത്.
അതേ സമയം, ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. നിലവിൽ പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനും താഴെ 6.90 മീറ്ററിലെത്തി.പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞിട്ടുണ്ട്.
പറന്പിക്കുളത്ത് നിന്നും തുണക്കടവിൽ നിന്നും 8500 ക്യുസെക്സ് വെള്ളം മാത്രമാണ് ഇപ്പോൾ പെരിങ്ങൽക്കുത്തിൽ എത്തുന്നത്.
ചാലക്കുടിക്ക് താഴെയുള്ള അഞ്ച് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ ക്യാന്പുകളിൽ നിന്ന് വീടുകളിലേക്ക് തിരിച്ചുവരാൻ രണ്ടു ദിവസമെടുക്കും. ചാലക്കുടിയിൽ മാത്രം 40 ക്യാമ്പുകളിലായി 1071 പേരാണുള്ളത്.
പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ തട്ടികൊണ്ട് പോയി ഉപദ്രവിച്ച് പണം തട്ടി, പ്രതി പിടിയിൽ
എറണാകുളം: പെരുന്പാവൂരിൽ അതിഥി തൊഴിലാളിയെ തട്ടികൊണ്ട് പോയി ഉപദ്രവിച്ച് പണം തട്ടിയ കേസിൽ, ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിലായി.
അസം സ്വദേശിയായ മസീബുൾ റഹ്മാനാണ് അറസ്റ്റിലായത്. കേസിൽ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. 2021 ഡിസംബർ മാസത്തിലാണ് സംഭവം. പെരുന്പാവൂർ ടൗണിൽ നിന്ന് രാത്രിയിൽ മൂന്ന് പേർ ചേർന്ന് അസം സ്വദേശിയായ ബാബുൽ ഇസ്ലാമിനെ കാറിൽ ബലമായി കയറ്റി.
ദേഹോപദ്രവം ചെയ്ത്, 50000 രൂപ തട്ടിയെടുത്തു. സംഭവത്തിൽ പെരുന്പാവൂർ സ്വദേശികളായ സാഹിറിനെയും,അജിയെയും നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ പങ്കാളിയായിരുന്ന മസീബുൾ റഹ്മാൻ അസമിലേക്ക് ഒളിവിൽ പോയി.
രാവിലെയോടെ ഇയാൾ വിമാനമാർഗം സംസ്ഥാനത്തേക്ക് എത്തുന്നു എന്നറിഞ്ഞാണ് പെരുന്പാവൂർ പൊലീസ് നെടുന്പാശ്ശേരിയിലെത്തിയത്.
തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ സാഹിർ ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്.അജി ജാമ്യത്തിലും. അറസ്റ്റിലായ മസീബുൾ റഹ്മാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Water level rises in Mullaperiyar despite opening of 10 spillway shutters, alert issued