Aug 1, 2022 01:52 PM

തൃശ്ശൂര്‍ : രാജ്യത്തെ ആദ്യ മങ്കിപോക്സ് മരണം കേരളത്തിൽ. തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ചെന്ന് സ്ഥിരീകരണം. പുനൈ വൈറോളജി ലാബിലെ പരിശോധന ഫലം ലഭിച്ചു. യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് പുനൈ വൈറോളജി ലാബിലെ പരിശോധന ഫലം ലഭിച്ചത്. പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മരിച്ച 22 കാരന്‍റെ വീട്. കഴിഞ്ഞ 21 ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആദ്യം ചികിത്സ തേടി.

പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27 ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി. പ്രകടമായ ലക്ഷണങ്ങള്‍ അപ്പോഴും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച സ്ഥിതി മോശമായി. ശനിയാഴ്ച മരിച്ചു. യുഎഇയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവ് ഇക്കാര്യം മറച്ചുവച്ച് കേരളത്തിലെത്തിയെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം.

ഇക്കാര്യം അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി നിർദേശവും നല്‍കിയിട്ടുണ്ട്. രാജ്യത്ത് കേരളത്തിലാണ് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് വന്ന കൊല്ലം സ്വദേശിയായ 35 കാരനാണ് ആദ്യം രോഗം സ്ഥീരികരിച്ചത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രാജ്യത്തെ ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായതോടെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. അതേസമയം രാജ്യത്തെ മങ്കി പോക്‌സ് വ്യാപനം നിരീക്ഷിക്കാൻ ദൗത്യസംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചു. നിതി ആയോഗ് അംഗം വി കെ പോൾ പ്രത്യേക സംഘത്തെ നയിക്കും.

Country's first monkeypox death in Kerala; The test result of the young man in Thrissur is positive

Next TV

Top Stories