Oct 18, 2021 12:53 PM

തിരുവനന്തപുരം : അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. കോളേജുകള്‍ തുറക്കുന്നത് ഒക്‌ടോബര്‍ 25ലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണിത്.

സംസ്ഥാനത്ത് ഇപ്പോൾ 184 ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. ക്യാമ്പുകളില്‍ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം. റവന്യൂ വകുപ്പിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ അടക്കം രക്ഷാ പ്രവർത്തനങ്ങളിൽ കേന്ദ്ര സംസ്ഥാന ഏജന്‍സികളും നാട്ടുകാരും യോജിച്ച് നീങ്ങുന്നുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കണം. നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങളെ കയറ്റി വിടരുതെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.

അതേസമയം, ധനസഹായ വിതരണം ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കൃഷി നാശം സംബന്ധിച്ച വിശദ വിവരങ്ങള്‍ ജില്ലകളില്‍ നിന്ന് ലഭ്യമാക്കണം. ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കാൻ അവലോകന യോഗം തീരുമാനിച്ചു.

നിലയ്ക്കല്‍, പെരുന്തേനരുവി മേഖലയില്‍ ഞായറാഴ്ച തന്നെ ഇരുപതു സെന്റീമീറ്ററിലധികം മഴ പെയ്തിരുന്നു. കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യവും വന്നിരിക്കുന്നു. നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വനമേഖലയിലെ കനത്ത മഴ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയയും വര്‍ധിപ്പിക്കുന്നുണ്ട്. ബുധനാഴ്ച മുതല്‍ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ തീർത്ഥാടനം അനുവദിക്കാൻ കഴിയില്ല എന്ന് യോഗം വിലയിരുത്തി.

നേരത്തെ നിലക്കലില്‍ എത്തിയ തീര്‍ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാന്‍ ജില്ലാ ഭരണ സംവിധാനത്തിന് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് രണ്ട് ജില്ലകളിലാണ് കൂടുതല്‍ കെടുതി ഉണ്ടായത്. ബുധനാഴ്ച (ഒക്ടോബര്‍ 20 ) മുതല്‍ തുടര്‍ന്നുള്ള 2-3 ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായി മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയും പെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തുലാവര്‍ഷം വന്നതായി ഇതുവരെ കാലാവസ്ഥാ വകുപ്പ് കണക്കാക്കിയിട്ടില്ല. എന്നാല്‍ തുലാവര്‍ഷ കണക്കില്‍ കേരളത്തില്‍ ലഭിക്കേണ്ട 84% മഴയും ഒക്ടോബറില്‍ ആദ്യ 17 ദിവസം കൊണ്ട് ലഭിച്ചു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന സീസണ്‍ ചുഴലിക്കാറ്റ് സീസണ്‍ കൂടിയായതിനാല്‍ ഇത്തവണ കൂടുതല്‍ ന്യുന മര്‍ദ്ദങ്ങള്‍ / ചുഴലിക്കാറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.

പത്തനംതിട്ടയിലെ കക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ അടിയന്തിര സാഹചര്യത്തില്‍ തുറക്കേണ്ട ആവശ്യം വരികയാണെങ്കില്‍ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഒരു എന്‍ ഡി ആര്‍ എഫ് ടീമിനെ ആലപ്പുഴ ജില്ലയിലേക്ക് വിന്യസിച്ചിട്ടുണ്ട്.

വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ പത്തനംതിട്ട ജില്ലയിലെ കക്കി, മൂഴിയാര്‍ തൃശ്ശൂര്‍ ജില്ലയിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ലോവര്‍ പെരിയാര്‍, മൂഴിയാര്‍ എന്നീ അണക്കെട്ടുകളില്‍ ഇന്ന് രാവിലെ 7 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണപട്ടികയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ,മാട്ടുപ്പെട്ടി, പൊന്മുടി,പമ്പ എന്നിവിടങ്ങളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയിലെ ഇടമലയാര്‍ നീല അലര്‍ട്ടും പ്രഖ്യപിച്ചിട്ടുണ്ട്. ജലസേചന വകുപ്പിന്റെ പീച്ചി, ചിമ്മണി ഡാമുകളുടെ ജലനിരപ്പ് റെഡ് അലെര്‍ട്ടില്‍ ആണ്. കല്ലട, ചുള്ളിയാര്‍, മീങ്കര, മലമ്പുഴ, മംഗളം ഓറഞ്ച് അലെര്‍ട്ടിലും, വാഴാനി, പോത്തുണ്ടി ബ്ലൂ അലെര്‍ട്ടിലും ആണ്. രക്ഷാപ്രവർത്തനങ്ങളും മുൻകരുതലുകളും സൂക്ഷ്മമായി വിലയിരുത്തി അതാത് സമയത്ത് ഇടപെടാനുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. യോഗത്തില്‍ റവന്യൂ, വൈദ്യുതി വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

അതേസമയം, സംസ്ഥാനത്ത് ആകെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 27 ആയി. തൃശ്ശൂര്‍ തെക്കുംകരയില്‍ പുഴയില്‍ ഒലിച്ചുപോയ റിട്ട. അധ്യാപകന്‍ ജോസഫിന്‍റെ മൃതദേഹവും കിട്ടി. സച്ചു ഷാഹുലിന്‍റെ മൃതദേഹം കൂടി കണ്ടെത്തിയതോടെ കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ ഏഴുപേരുടെ മൃതദേഹങ്ങളും കണ്ടെത്തി.

പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നും കാണാതായ ആൻസിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ആൻസിയെ കണ്ടെത്താനായി രാവിലെ മുതൽ വിവിധ സംഘങ്ങൾ നദിയുടെ കരയിൽ പരിശോധന നടത്തുന്നുണ്ട്.

കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത മരണം പത്താണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് 7 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങളും ലഭിച്ചു.

ഇതോടെ കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവർക്ക് നാലു ലക്ഷം രൂപ ധനസഹായവും, പരുക്കേറ്റവർക്ക് ചികിത്സ സഹായവും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. കൂട്ടിക്കൽ ഗ്രാമത്തെ കീറിമുറിച്ച ഉരുൾപൊട്ടലുകളിൽ നഷ്ടമായത് ഒരു കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ 10 ജീവനുകളാണ്.

കാവാലിയിൽ ഉരുൾപൊട്ടി കാണാതായ വണ്ടാളാക്കുന്നേൽ മാർട്ടിൻ, മക്കളായ സ്‌നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു. മാർട്ടിന്റെ ഭാര്യ സിനി, അമ്മ ക്ലാരമ്മ, ഇളയ മകൾ സോന എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ ലഭിച്ചിരുന്നു. മണ്ണിലും പാറക്കൂട്ടങ്ങൾക്കിടയിലും പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. സമീപത്തെ പ്ലാപ്പള്ളി ഉരുൾപൊട്ടലിൽ കാണാതായ നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തി.

ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ, മകൻ അലൻ, മുണ്ടകശേരിൽ എം.ടി. വേണുവിന്റെ ഭാര്യ റോഷ്‌നി, പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ എന്നിവർക്കാണ് പ്ലാപ്പള്ളിയിൽ ജീവൻ നഷ്ടമായത്. ഇതിനു പുറമേ ഒഴുക്കിൽപ്പെട്ട് കാണാതായ ഓട്ടോതൊഴിലാളി ഷാലെറ്റ്, കാഞ്ഞിരപ്പള്ളി സ്വദേശി രാജമ്മ, ഏന്തയാർ വല്യന്ത സ്വദേശിനി സിസിലി എന്നിവരെയും മരിച്ച നിലയിൽ കണ്ടെത്തി. ഇതോടെ

കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് ചികിത്സാ സഹായവും നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു കോട്ടയം ജില്ലയിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തിയെന്ന് മന്ത്രി വി എൻ വാസവൻ’ അറിയിച്ചു. തെരച്ചിൽ നിർത്തിയിട്ടില്ല. നാശനഷ്ടം അടിയന്തരമായി കണക്കാക്കാൻ നടപടി സ്വീകരിച്ചു. ഈ റിപ്പോർട്ട് റിപ്പോർട് മന്ത്രിസഭ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് വടകര കണ്ണൂക്കര സ്വദേശി പട്ടാണി മീത്തൽ ഷംജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് കോഴിക്കോട് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. കുന്നുമ്മക്കരയിലെ മാതാവിന്റെ വീട്ടിലായിരുന്നു റൈഹാൻ ഉണ്ടായിരുന്നത്. രാവിലെ കടയിൽ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടിൽ വീഴുകയായിരുന്നു. പരിസരവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Colleges reopened to 25; Review meeting decisions under the leadership of the Chief Minister

Next TV

Top Stories