Oct 17, 2021 10:59 AM

കോട്ടയം : കോട്ടയം മുണ്ടക്കയം കൂട്ടിക്കലിൽ ഇന്നലെ ഉരുൾപൊട്ടലുണ്ടായിടത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇന്ന് രാവിലെയും ഒരാളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇതോടെ സ്ഥിരീകരിച്ച മരണം അഞ്ച് ആയി.

ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാർട്ടിന്റെ ഭാര്യയും മക്കളും ഉൾപ്പെടെ ആറ് പേർ ഉരുള്‍പൊട്ടലില്‍ മരിച്ചതായി ഇന്നലെ വിവരം പുറത്തുവന്നിരുന്നു. മാർട്ടിൻ, അമ്മ അന്നക്കുട്ടി, മാർട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തിൽ പെട്ടത്.

അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാർത്ഥികളാണ്.ഇവരിൽ മൂന്നുപേരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇവരുടെ വീട് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു.

ഈ തോട്ടിൽ നിന്നാണ് ഇപ്പോൾ ഒരു മൃതദേഹം കിട്ടിയിരിക്കുന്നത്. ഇത് ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. കൂട്ടിക്കൽ വെട്ടിക്കാനത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.

കൂട്ടിക്കലിലും കൊക്കയാറിലും തെരച്ചിൽ തുടരുകയാണ്. രണ്ടിടങ്ങളിലായി 14 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. നാവിക സേന ഹെലികോപ്റ്ററുകൾ കൂട്ടിക്കലിലേക്ക് തിരിച്ചിട്ടുണ്ട്. ദുരന്ത മേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്യും. തുടർന്ന് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാകും. ഏന്തയാർ ജെ ജെ മർഫി സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കാനാണ് നിർദേശം.

കരസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. സൈന്യത്തിന്റെ നാല്പത് അം​ഗ സംഘമാണ് രക്ഷാപ്രവർത്തനത്തിനുള്ളത്. പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നുള്ള മദ്രാസ് റെജിമെന്റ് അം​ഗങ്ങളാണ് ഇത്. കൂട്ടിക്കൽ കാവാലി ഭാ​ഗത്താണ് ഇപ്പോൾ സൈന്യമുള്ളത്. നിലവിൽ ഇവിടെ മഴയില്ല. എന്നാൽ, കനത്ത മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറഞ്ഞിരിക്കുന്നത്.

Kottayam death toll rises to five; The rescue operation continues under the leadership of the army

Next TV

Top Stories