പാട്ന : പടിയിൽ നിന്ന് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രിയിലായി രണ്ടാം ദിവസവും ലാലു പ്രസാദിന് കാര്യമായ ആരോഗ്യ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ലാലു പ്രസാദിന്റെ ആരോഗ്യനില അന്വേഷിച്ചും അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്നും ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ലാലു പ്രസാദിന്റെ മകനും ആർജെഡി നേതാവുമായ തേജസ്വി പ്രസാദ് യാദവിനെ ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ ആരാഞ്ഞു. ലാലു പ്രസാദിന്റെ ആരോഗ്യനില എത്രയും വേഗം സുഖം പ്രാപിക്കണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞെന്നാണ് തേജസ്വി വ്യക്തമാക്കുന്നത്.
ലാലുവിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ആവശ്യമെങ്കിൽ ലാലു പ്രസാദിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ദില്ലിയിലേക്ക് അയയ്ക്കാൻ ബിഹാർ സർക്കാർ ആവശ്യമായ ക്രമീകരണങ്ങൾ ഉടൻ ചെയ്യണമെന്ന് ബിജെപി നേതാവ് സുശീൽ മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.
പടിയിൽ നിന്ന് വീണ ലാലു പ്രസാദിന്റെ തോളെല്ല് ഒടിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ് അദ്ദേഹം.
തോളെല്ലിന് പരിക്കേറ്റതും വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങളുമായി ബന്ധപ്പെട്ട നിരവധി രോഗലക്ഷണങ്ങളും ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. അതിവേഗം ലാലു പ്രസാദ് രോഗമുക്തി നേടി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
Lalu Prasad Yadav's health condition is critical; The Prime Minister called Tejashwi and inquired about it