തിരുവനന്തപുരം : സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന സമിതിയും ചേരും.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ഇതാദ്യമായാണ് സംസ്ഥാന സമിതി ചേരുന്നത്. കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ടയെങ്കിലും പാര്‍ട്ടിയെ വെട്ടിലാക്കിയ സമകാലിക വിവാദങ്ങളും ഉയര്‍ന്നുവരും.
സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളും പയ്യന്നൂര്‍ രക്തസാക്ഷിഫണ്ട് വിവാദവും ചര്‍ച്ചയായേക്കും. വിഷയം 27ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിലും പ്രതിപക്ഷം ആയുധമാക്കുമെന്നതിനാല്‍ പ്രതിരോധമാര്‍ഗങ്ങളും ചര്‍ച്ചയാകും.
അതേസമയം പയ്യന്നൂര്‍ സിപിഎം ഫണ്ട് വിവാദത്തില്‍ മുന്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നീക്കം ഫലം കണ്ടില്ല. എം വി ജയരാജൻ കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഫണ്ട് തിരിമറി കണക്കുകൾ പുറത്ത് വിടരുതെന്ന് എം വി ജയരാജൻ കുഞ്ഞികൃഷ്ണനോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം.പൊതുജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം തകർക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഉന്നയിച്ച വിഷയങ്ങൾ പാർട്ടിക്കുള്ളിൽ പരിഹരിക്കാമെന്ന് ഉറപ്പും നൽകി. എന്നാല്‍ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കുഞ്ഞികൃഷ്ണൻ ആവർത്തിച്ച് വ്യക്തമാക്കുന്നത്. ടിഐ മധുസൂധനനെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ടു.
CPM state leadership meetings will begin today