കൽപ്പറ്റ : വയനാട് മേപ്പാടിയിൽ ദമ്പതികളായ വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടു. തമിഴ്നാട് സേലം സ്വദേശിയായ ഡാനിയല്‍ സഗയരാജ് (35), തിരുവള്ളൂര്‍ സ്വദേശിനി യൂനിസ് നെല്സന് (31) എന്നിവരാണ് എളമ്പിലേരി പുഴയിൽ വീണത്.
ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ദമ്പതികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
വയനാട്ടില്‍ കഴിഞ്ഞ ദിവസം മൂന്ന് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കുപ്പമുടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ബൈക്ക് യാത്രികരായ ആയിരംകൊല്ലി വൻകണകുന്നിൻമേൽ ഇബ്രാഹിം, സിനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
കുപ്പമുടി അമ്പലത്തിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കാലിന് ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും സിനിഷിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
നേരത്തേ മീനങ്ങാടി കാക്കവയലില്‍ കാരാപ്പുഴ റോഡില്‍ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യാത്രക്കാരായ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ന്നലോട് സ്വദേശികളും കല്‍പ്പറ്റ കോ-ഓപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളുമായ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാക്കവയല്‍ സ്കൂളിന് സമീപത്തായിരുന്നു അപകടം. അഞ്ച് പേര് യാത്രക്കാരുണ്ടായിരുന്നു. അമിത വേഗതയിലായിരുന്നു വാഹനമെന്ന് നാട്ടുകാര്‍ പറയുന്നു.
അമിത വേഗതയിലെത്തിയ വാഹനം ഇറക്കത്തില്‍ ബ്രേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ മറിയുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സമീപത്തെ സ്ഥാപനത്തിലെ ക്യാമറയിലാണ് അപകടദൃശ്യങ്ങള്‍ പതിഞ്ഞത്.
A couple of tourists fell into the river and were in danger