കോഴിക്കോട് : കോഴിക്കോട് ആവിക്കൽ മാലിന്യ സംസ്ക്കരണ പ്ലാൻറിൻറെ സർവേ നടപടികൾ പുനാരാരംഭിക്കുന്നു. കോർപറേഷൻറെ തീരുമാന പ്രകാരമാണ് സർവേ നടപടികൾ വീണ്ടും തുടങ്ങുന്നത്.
നേരത്തെ സർവേ നടപടികൾ തുടങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സർവേ താൽകാലികമായി നിർത്തിവയ്ക്കുകയായിരുന്നു. ഇന്നും നാട്ടുകാർ പ്രതിഷേധിക്കുകയാണ് . സർവേ തുടങ്ങാനുള്ള നീക്കത്തിനെതിരെ ഇന്നും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
എന്നാൽ പ്രതിഷേധം മുന്നിൽ കണ്ട് വൻ പൊലീസ് വിന്യാസമാണ് നടത്തിയിട്ടുള്ളത് . 300 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. അതിരാവിലെ തന്നെ സർവേക്കായി ജീവനക്കാരും സുരക്ഷക്കായി പൊലീസും സ്ഥലത്തെത്തിയിരുന്നു. നിർദിഷ്ട പ്രദേശത്തെ സർവേക്കായി തയാറാക്കുകയാണ് ആദ്യം.
ശേഷം നാളെ മുതൽ സർവേ നടപടികൾ ഔദ്യോഗികമായി തുടങ്ങാനാണ് തീരുമാനം. അതേസമയം വലിയ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട് . സ്ഥിരം സമരപ്പന്തൽ ഉണ്ടെങ്കിലും പൊലീസ് സമരപ്പന്തലിൻറെ നിയന്ത്രണം ഏറ്റെടുത്തതോടെ ജനം റോഡിലിറങ്ങി പ്രതിഷേധം തുടങ്ങി.
റോഡിൽ കിടന്നാണ് പ്രതിഷേധം.തീരദേശ പാത നാട്ടുകാർ ഉപരോധിക്കുകയാണ്. പ്രതിഷേധത്തിനിടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് മാലിന്യ പ്ലാൻറിനെതിരെ സമരം ശക്തമായതോടെ സ്ഥലം എം പി എം കെ രാഘവൻ സ്ഥലത്തെത്തി. സർവേ നടപടികൾ നിർത്തിവയ്ക്കണമെന്ന് എം പി ആവശ്യപ്പെട്ടു
Protest against setting up of Kozhikode sewage treatment plant