കോഴിക്കോട്: മരണം തൊട്ടരികിൽ എത്തിയപ്പോൾ ഫാത്തിമയ്ക്ക് പുതുജീവൻ പകർന്നത് ദാസൻ, ചീറി പാഞ്ഞു വന്ന തീവണ്ടിക്ക് മുന്നിൽ രക്ഷകനായയാൾ ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകൻ. പിന്നിലൂടെ തീവണ്ടി എൻജിൻ വരുന്നതറിയാതെ റെയിൽവേ പാളത്തിലൂടെ നടന്ന വയോധികയെ അതിസാഹസികമായി രക്ഷിച്ച ചെങ്ങോട്ടുകാവ് അടുക്കത്ത് ദാസൻ ഇപ്പോൾ നാട്ടിലെ താരമാണ്.
88 വയസ്സുള്ള ഫാത്തിമയാണ് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ചെങ്ങോട്ടുകാവ് ഓവർബ്രിഡ്ജിനു സമീപം തീവണ്ടി വരുന്നതറിയാതെ റെയിൽവേ ട്രാക്കിലൂടെ നടന്നത്. സമീപറോഡിലൂടെ പോകുകയായിരുന്ന ദാസൻ ട്രാക്കിലേക്ക് ഓടിയെത്തി ഫാത്തിമയെ എടുത്തുയർത്തി പുറത്തേക്ക് ചാടുകയായിരുന്നു. കോഴിക്കോട് ഭാഗത്തുനിന്നുവരുന്ന തീവണ്ടി എൻജിൻ അപ്പോൾ മീറ്ററുകൾമാത്രം പിന്നിലായി വേഗത്തിൽ വരികയായിരുന്നു.
എന്താണ് സംഭവിച്ചതെന്ന് ഫാത്തിമയ്ക്ക് മനസ്സിലായിരുന്നില്ല. മാടാക്കര സ്വദേശിയായ ഫാത്തിമയെ ബന്ധുക്കളെ ഏൽപ്പിച്ചശേഷമാണ് ദാസൻ വീട്ടിലേക്കു മടങ്ങിയത്. ഒരു ജീവൻ രക്ഷിക്കാനായതിന്റെ ചാരിതാർഥ്യത്തിലാണ് ദാസൻ.
കൊയിലാണ്ടി അഗ്നിശമനസേനയ്ക്കു കീഴിലുള്ള സിവിൽ ഡിഫെൻസ് യൂണിറ്റ് അംഗമായ ദാസനെ കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദനും സഹപ്രവർത്തകരും അഭിനന്ദിച്ചു. ദാസന്റെ അവസരോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിക്കാനായെന്ന് ഫയർ ഓഫീസർ സി.പി. ആനന്ദൻ പറഞ്ഞു. ഇൻഡസ്ട്രിയൽ വർക്കറാണ് ദാസൻ.
Fathima gets a new lease of life; people's disaster management force worker comes to the rescue in front of the train