Related Stories
Oct 13, 2021 12:18 PM

കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷ പ്രസ്താവിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്നാണ് ഉത്രക്കേസിനെ കോടതി വിലയിരുത്തിയത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം.. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്.

ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കി.

പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയിൽ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ പറയുന്നു.

കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം. ആയുധവും സാക്ഷിയും ഇല്ലാത്ത കൊലപാതകം എന്നതായിരുന്നു ഉത്രാ കേസിന്റെ പ്രധാന പ്രത്യേകത. ചെറു തെളിവിന്റെ പോലും അഭാവം പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ആകരുതെന്ന വാശിയോടെ അന്വേഷണ സംഘം നടത്തിയ നീക്കങ്ങളാണ് കേസില്‍ നിർണായകമായത്.

അന്നത്തെ കൊല്ലം റൂറൽ എസ്പി ആയിരുന്ന ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകനാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. കേസിൽ ആദ്യം ദുരൂഹത കണ്ടെത്തിയത് അഞ്ചൽ പൊലീസ് ആണ്. പിന്നാലെ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു.

ആയുധം ഇല്ലാത്ത കേസിൽ മൂർഖൻ പാമ്പിനെ ആയുധമായി പരിഗണിച്ചു. തല്ലിക്കൊന്ന് അഞ്ചലിലെ ഉത്രയുടെ വീട്ടുപറമ്പിൽ കുഴിച്ചിട്ട മൂർഖൻ പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പാമ്പിന്റെ നീളം 152 സെന്റിമീറ്ററും വിഷപ്പല്ലിന്റെ നീളം 0.6 സെന്റിമീറ്ററുമാണെന്ന് കണ്ടെത്തി.പിന്നീട് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ വിദഗ്ദ്ധന്മാരുമായി പല തവണ ചർച്ച നടത്തി.

കേസിന്റെ നാൾ വഴികൾ

 • 2018 മാർച്ച് 25 ഉത്രയുടേയും സൂരജിന്റേയും വിവാഹം
 • 2020 മാർച്ച് 2 അടൂരിലെ വീട്ടിൽ വച്ച് ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേൽക്കുന്നു
 • 2020 മാർച്ച് 2 - 2020 ഏപ്രിൽ 22 ഉത്ര തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
 • ഏപ്രിൽ 22 ആശുപത്രിയിൽ നിന്ന് അഞ്ചലുള്ള ഉത്രയുടെ വീട്ടിലേക്ക്
 • മെയ് 6 വൈകുന്നേരം സൂരജ് ഉത്രയുടെ വീട്ടിലേക്ക്
 • മെയ് 7 ഉത്രയുടെ മരണം
 • മെയ് 7 അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
 • മെയ് 12 പൊലീസ് നടപടി ശക്തമാക്കണമെന്ന ഉത്രയുടെ വീട്ടുകാരുടെ ആവശ്യം
 • മെയ് 19 റൂറൽ എസ് പി ഹരിശങ്കറിന് വീട്ടുകാരുടെ പരാതി
 • മെയ് 25 സൂരജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു, വൈകുന്നേരത്തോടെ അറസ്റ്റ്
 • ജൂലൈ 30 മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന
 • ഓഗസ്റ്റ് 14 അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.

നിർണായകമായത് ഡമ്മി പരിശോധന

കേസിൽ ഏറ്റവും ബുദ്ധിപരമായ നീക്കമായി കണക്കാക്കുന്നത് മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധനയാണ്. സ്വാഭാവികമായി 150 സെ.മി ഉള്ള ഒരു മൂർഖൻ പാമ്പ് കടിച്ചാൽ 1.7 സെ.മി മുതൽ 1.8 സെ.മി വരെ മാത്രമേ മുറിവുണ്ടാകൂ. എന്നാൽ ഉത്രയുടെ ശരീരത്തിൽ ഉണ്ടായിരുന്നത് 2.3 സെ.മിന്റെയും 2.8 സെ.മിന്റെയും രണ്ട് മുറിവുകളാണ്.

പാമ്പിനെ ബലമായി പിടിച്ചു കൊത്തിച്ചാൽ ഇത്രയും ആഴത്തിലുള്ള മുറിവ് ഉണ്ടാകുമെന്ന് തെളിയിച്ചത് ഈ ഡമ്മി പരിശോധനയിലൂടെയാണ്. സുരേഷിനെ മാപ്പുസാക്ഷിയാക്കി സാക്ഷികൾ ഇല്ലാത്ത കേസിൽ സൂരജിന് പാമ്പിനെ വിറ്റ പാമ്പുപിടുത്തക്കാരൻ ചിറക്കര സുരേഷിനെ മാപ്പുസാക്ഷിയാക്കിയത് മറ്റൊരു ബുദ്ധിപരമായ നീക്കം.

സുരേഷിന്റെ മൊഴി നിർണായകമായി.

സ്വാഭാവിക ജാമ്യം നിഷേധിക്കാൻ റെക്കോർഡ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചതാണ് മറ്റൊരു നേട്ടം. പ്രതിയെ അറസ്റ്റ് ചെയ്തു എൺപത്തിരണ്ടാം ദിവസമാണ് കോടതിയിൽ കുറ്റപത്രം എത്തിയത്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അംഗീകാരങ്ങൾക്കൊപ്പം പൊലീസ് വിദ്യാർത്ഥികൾക്കുള്ള സിലബസിലും അന്വേഷണം ഇടം പിടിച്ചു.

അഞ്ചൽ ഏറം വെള്ളാശ്ശേരി വീട്ടിലെ കിടപ്പുമുറിയിൽ ഉത്ര (25)യെ പാമ്പുകടിയേറ്റ്‌ മരിച്ച നിലയിൽ കണ്ടത്‌ 2020 മെയ്‌ ഏഴിന്‌ പുലർച്ചെയാണ്‌. ആറിനു രാത്രി ഉറങ്ങാൻ കിടന്ന ഉത്രയെ ഭർത്താവ് സൂരജ്‌ മൂർഖനെക്കൊണ്ട്‌ കടിപ്പിച്ചു കൊന്നെന്നാണ്‌ കേസ്‌.കുറ്റകൃത്യത്തിലെ അപൂർവതകൊണ്ട്‌ ദേശീയ ശ്രദ്ധനേടിയ കേസാണ്‌ ഉത്ര വധം.

സ്വത്ത്‌ സ്വന്തമാക്കാനായി ഭിന്നശേഷിയുള്ള അഞ്ചൽ ഏറം വെള്ളാശ്ശേരി വീട്ടിൽ ഉത്ര(25) യെ ഭർത്താവ് സൂരജ് മൂർഖനെക്കൊണ്ട്‌ കടിപ്പിച്ചു കൊലപ്പെടുത്തിയത്‌ ഏവരെയും ഞെട്ടിച്ചു. കേസിന്റെ വിധിക്ക്‌ തിങ്കളാഴ്‌ച ഏവരും കാതോർക്കും. സമാനരീതിയിലുള്ള സംഭവങ്ങൾ പൂണെ, അഹമ്മദാബാദ്‌ എന്നിവിടങ്ങളിൽ നേരത്തെ നടന്നിരുന്നു. എന്നാൽ, തെളിയിക്കാനായില്ല. ഉത്രയെ അഞ്ചൽ ഏറത്തെ വീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിയേറ്റ്‌ മരിച്ച നിലയിൽ കണ്ടത്‌ 2020 മെയ്‌ ഏഴിനു രാവിലെയാണ്‌.

ആറിനു രാത്രിയാണ്‌ സൂരജ്‌ ഉത്രയെ മൂർഖനെക്കൊണ്ടു കടിപ്പിച്ചത്‌. മൂർഖനെ നൽകിയ പാമ്പുപിടിത്തക്കാരൻ സുരേഷ്‌ കേസിൽ മാപ്പുസാക്ഷിയാണ്‌. സൂരജിന്റെ പറക്കോട്ടെ വീട്ടിൽവച്ച്‌ 2020 മാർച്ച്‌ മൂന്നിന്‌ ഉത്രയെ അണലിയെക്കൊണ്ട്‌ കടിപ്പിച്ചു കൊല്ലാനും ശ്രമം നടന്നിരുന്നു. എന്നാൽ, ഉത്ര രക്ഷപെട്ടു.

അഞ്ചൽ പൊലീസ്‌ രജിസ്റ്റർ ചെയ്‌ത കേസിൽ പ്രതി സൂരജിനെതിരെ കൊലപാതകം, കൊലപാതകശ്രമം, മയക്കുമരുന്ന്‌ കലർത്തിയ പാനീയം നൽകി അപായപ്പെടുത്തൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ്‌ ചുമത്തിയിട്ടുള്ളത്‌. കൊല്ലം ആറാം അഡീഷണൽ സെഷൻസ്‌ കോടതിയിൽ സമർപ്പിച്ച 1000 പേജുള്ള കുറ്റപത്രത്തിൽ 87 സാക്ഷികളുണ്ട്‌. 286 രേഖയും 40 തൊണ്ടിമുതലും ഹാജരാക്കി. 15 ഡോക്ടർമാരെ വിസ്തരിച്ചു.

ശാസ്ത്രീയ തെളിവുകൾ കേസിൽ പ്രോസിക്യൂഷന്‌ പിൻബലമായി. ഉത്രയെ അണലിയെയും മൂർഖനെയും കൊണ്ട്‌ കടിപ്പിച്ചെന്ന്‌ കേസിലെ പ്രതി സൂരജ്‌ ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു. ഇത്‌ ശാസ്‌ത്രീയമായി തെളിയിക്കാനായി ഡമ്മി പരീക്ഷണം നടത്തിയത്‌ കേസിന്റെ പ്രത്യേകതയായി.

Sooraj gets double life sentence in Uthra murder case

Next TV

Top Stories