കോവിഡ് മരണത്തിനുള്ള അപ്പീല്‍: സംശയങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍

കോവിഡ് മരണത്തിനുള്ള അപ്പീല്‍: സംശയങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍
Oct 12, 2021 07:48 PM | By Vyshnavy Rajan

വയനാട് : സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെല്‍പ് ലൈന്‍ സജ്ജമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. ആര്‍ രേണുക അറിയിച്ചു. സംശയനിവാരണത്തിനായി ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

24 മണിക്കൂറും ദിശയുടെ സേവനം ലഭ്യമാകും. പരിചയ സമ്പന്നരായ സോഷ്യല്‍വര്‍ക്ക് പ്രൊഫഷണലുകളുടെയും ഡോക്ടമാരുടെയും ഒരു ഏകോപന സംവിധാനമാണ് ദിശ. വിവിധ സേവനങ്ങള്‍ക്കായി 25 ഡെസ്‌കുകളാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിദിനം 4000 കോളുകള്‍ വരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധമാണ് ദിശയുടെ പ്രവര്‍ത്തനം.

അപ്പീല്‍ നല്‍കേണ്ട വിധം ഇ-ഹെല്‍ത്ത് കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ (https://covid19.kerala.gov.in/deathinfo) മുഖേനയാണ് അപേക്ഷകള്‍ അയയ്ക്കേണ്ടത്. ഐ.സി.എം.ആര്‍. പുറത്തിറക്കിയ പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, ഇതുവരെ പ്രഖ്യാപിക്കപ്പെട്ട കോവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവര്‍ക്കും പുതിയ സംവിധാനം വഴി അപ്പീല്‍ നല്‍കാനാകും.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റര്‍ വഴിയോ ആവശ്യമായ രേഖകള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോം കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും. വിജയകരമായി സമര്‍പ്പിച്ച അപേക്ഷ പ്രോസസിംഗിനായി മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും തുടര്‍ന്ന് അംഗീകാരത്തിനായി ജില്ലാ കോവിഡ് മരണ നിര്‍ണയ സമിതിക്കും (സി.ഡി.എ. സി) അയക്കും.

സിഡിഎസി അംഗീകാരത്തിന് ശേഷമാണ് പുതിയ ഐ.സി.എം.ആര്‍. മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ വഴി നല്‍കിയ അപേക്ഷയുടെ തല്‍സ്ഥിതി അറിയാനും സാധിക്കും. ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍ക്ക് ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി വരുന്നുണ്ട്.

ആനുകൂല്യങ്ങള്‍ക്ക് പ്രസ്തുത സര്‍ട്ടിഫിക്കറ്റ് മതിയാകും. ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ളവര്‍ക്ക് മാത്രമേ ഐ.സി.എം.ആര്‍ മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ കഴിയൂ. ഇത് ആവശ്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നും ഡി.എം.ഒ അറിയിച്ചു.

covid Death Appeal: Direction Helpline for Doubts

Next TV

Related Stories
Top Stories