തിരുവനന്തപുരം : സംസ്ഥാനത്തെ അടച്ചു പൂട്ടിയ മദ്യശാലകൾ (Liquor Shops) തുറക്കാൻ സര്‍ക്കാര്‍ ഉത്തരവിട്ടു.യുഡിഎഫ് സര്‍ക്കാരിൻ്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ മദ്യവിൽപനശാലകളാണ് വീണ്ടും തുറക്കുന്നത്.
68 മദ്യശാലകളാണ് നേരത്തെ അടച്ചുപൂട്ടിയത്. സംസ്ഥാന സര്‍ക്കാരിൻ്റെ പുതിയ മദ്യനയത്തിൻ്റെ ഭാഗമായാണ് മദ്യശാലകൾ വീണ്ടും തുറക്കുന്നത്. തിക്കും തിരക്കും ഒഴിവാക്കാൻ പൂട്ടിയ ഔട്ട് ലൈറ്റുകള്‍ പ്രമീയം ഔട്ട് ലൈറ്റുകളാക്കി തുറക്കാൻ ബെവ്കോ സര്‍ക്കാരിന് ശുപാർശ സമർപ്പിച്ചിരുന്നു.
ഇതിൻെറ അടിസ്ഥാനത്തിലാണ് പൂട്ടിയ ഔട്ട് ലെറ്റുകള്‍ തുറക്കുന്നത്. പൂട്ടിയ ഔട്ട് ലൈറ്റുകള്‍ക്ക് ലൈസൻസ് അനുവദിച്ചിട്ടുള്ള താലൂക്കുകളിൽ വീണ്ടും കടകൾ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു താലൂക്കിൽ തുറക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്തെ പുതിയ മദ്യനയം നിലവിൽ വന്നത്. പുതുക്കിയ മദ്യനയം അനുസരിച്ച് സൈനിക- അർദ്ധ സൈനിക ക്യാൻറീനുകളിൽ നിന്നുള്ള മദ്യത്തിൻെറ വിലകൂടും. മിലിട്ടറി ക്യാൻ്റീൻ വഴിയുള്ള മദ്യത്തിൻെറ എക്സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ചതിനാലാണ് മദ്യവില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വർദ്ധിപ്പിച്ചിട്ടുണ്ട്.
സർവ്വീസ് ഡെസ്ക്ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. പുതിയ മദ്യനയത്തിൻെറ അടിസ്ഥാനത്തിൽ ഐടി പാർക്കുകളിലും ബിയർ-വൈൻ പാലറുകള്‍ക്ക് ലൈസൻസ് അനുവദിക്കുന്നുണ്ട്.
ബ്രുവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനും പുതിയ മദ്യനയത്തിൽ തീരുമാനിച്ചിട്ടുണ്ട്.
Government orders reopening of closed liquor stores in the state